LATEST NEWS » WORLD
  Jun 06, 2013
പാകിസ്താനില്‍ ഷെരീഫ് അധികാരമേറ്റു


ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് മൂന്നാം തവണയും അധികാരമേറ്റു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്ക പാകിസ്താനില്‍ നടത്തുന്ന ആളില്ലാവിമാന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ടയുടന്‍ ഷെരീഫ് ആവശ്യപ്പട്ടു.

ബുധനാഴ്ചനടന്ന വോട്ടെടുപ്പില്‍ പാകിസ്താന്‍ മുസ്‌ലിംലീഗ് എന്‍. നേതാവായ ഷെരീഫ് 342 അംഗ പാര്‍ലമെന്‍റില്‍ 244 വോട്ട് നേടി പ്രതീക്ഷിച്ചവിജയം സ്വന്തമാക്കി. എതിര്‍സ്ഥാനാര്‍ഥികളായ അമിന്‍ ഫഹിമിന് (പി.പി.പി.) 42 ഉം ജാവേദ് ഹാഷ്മിക്ക് (തെഹ് രികെ ഇന്‍സാഫ്) 31 ഉം വോട്ടേ ലഭിച്ചുള്ളൂ. മെയ് 11-ന് നടന്ന തിരഞ്ഞെടുപ്പില്‍ ഷെരീഫിന്റെ പാര്‍ട്ടി വിജയം നേടിയിരുന്നു. പ്രസിഡന്‍റ് ആസിഫലി സര്‍ദാരി മുമ്പാകെയാണ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തത്.

ഭീകരാക്രമണങ്ങളിലും വൈദ്യുതി പ്രതിസന്ധിയിലും സാമ്പത്തിക ഞെരുക്കത്തിലും ഉലഞ്ഞുപോയ രാജ്യത്തെ രക്ഷപ്പെടുത്തുക എന്നതാണ് 63 കാരനായ ഷെരീഫിന്റെ മുന്നിലുള്ള വലിയവെല്ലുവിളി.

രാജ്യത്തെ തീവ്രവാദം അടിച്ചമര്‍ത്താന്‍ സമഗ്രപദ്ധതി ആവശ്യമാണെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ ഷെരീഫ് അഭിപ്രായപ്പെട്ടു. ' നമ്മള്‍ മറ്റുള്ളവരുടെ പരമാധികാരത്തെ ആദരിക്കുന്നു. മറ്റുള്ളവരും അതേസമീപനം നമ്മളോടും പുലര്‍ത്തണം. ആളില്ലാവിമാനങ്ങളുടെ ആക്രമണം അമേരിക്ക അവസാനിപ്പിക്കണം.' ഷെരീഫ് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച താലിബാന്‍ ഉപനേതാവ് വലിയൂര്‍ റഹ്മാന്റെ മരണത്തിനിടയാക്കിയ ആളില്ലാ വിമാനാക്രമണത്തെ ഷെരീഫ് അപലപിച്ചിരുന്നു. താലിബാനുമായി ചര്‍ച്ചകളിലൂടെ പരിഹാരം കാണണം എന്നതാണ് ഷെരീഫിന്റെ നിലപാട്. ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്ക അമേരിക്ക പരിഗണിക്കണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു. സമവായം ആയിരിക്കും തന്റെ വഴിയെന്ന് അദ്ദേഹം വ്യക്തമായ സന്ദേശം നല്‍കുന്നു.

മിയാന്‍ മുഹമ്മദ് നവാസ് ഷെരീഫ് (63)

ജനനം -1949 ഡിസംബര്‍ 25, ലാഹോര്‍.
ഭാര്യ -ബീഗം കല്‍സും നവാസ്.
മക്കള്‍ -മറിയം, ഹസ്സന്‍, ഹുസ്സൈന്‍.
പ്രധാനമന്ത്രി -1990 നവംബര്‍-1993 ഫിബ്രവരി, 1997 ഫിബ്രവരി- 1999 ഒക്ടോബര്‍.
വിളിപ്പേരുകള്‍- പഞ്ചാബ്‌സിംഹം, പാക് കടുവ.

നാഴികക്കല്ലുകള്‍

1998- നവാസ് ഷെരീഫിന്റെ ഉത്തരവ് അനുസരിച്ച് പാകിസ്താന്‍ ആണവപരീക്ഷണം നടത്തി. ഇത് രാജ്യത്ത് ഷെരീഫിനെ ജനപ്രിയനാക്കി.
1999- കാര്‍ഗില്‍ യുദ്ധകാലത്ത് പാക് പ്രധാനമന്ത്രി. എന്നാല്‍, താനൊന്നും അറിഞ്ഞില്ലെന്നും എല്ലാം പട്ടാളം ചെയ്തതാണെന്നും ഷെരീഫിന്റെ വെളിപ്പെടുത്തല്‍.
1999- പട്ടാള അട്ടിമറിയിലൂടെ അധികാരത്തിന് പുറത്ത്.
2013- മൂന്നാം തവണയും പ്രധാനമന്ത്രി

Latest news