LATEST NEWS » INDIA
  Jun 06, 2013
മോഡിക്കെതിരെ വീണ്ടും അദ്വാനി


ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരായ നീക്കത്തില്‍നിന്ന് പിന്‍മാറില്ലെന്ന സൂചനകള്‍ നല്‍കി നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് രണ്ട് വ്യത്യസ്ത പ്രചാരണ കമ്മിറ്റികള്‍ വേണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി രംഗത്തെത്തി.

മോഡിക്ക് പ്രചാരണച്ചുമതല നല്‍കാനുള്ള ബി.ജെ.പി.യിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ, ഈ ചുമതല ഏറ്റെടുക്കാന്‍ മുന്‍ പ്രസിഡന്‍റ് നിതിന്‍ ഗഡ്കരിക്കുമേല്‍ അദ്വാനി സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, ബി.ജെ. പി.യിലെ ചേരിപ്പോരില്‍ കക്ഷിചേരാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി, ഗഡ്കരി ഈ നിര്‍ദേശം തള്ളി. ഇതിനെ ത്തുടര്‍ന്നാണ് നാലുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്‌സഭാ തിരഞ്ഞെടുപ്പിനും വ്യത്യസ്ത തിരഞ്ഞെടുപ്പ് സമിതികള്‍ വേണമെന്ന നിലപാടുമായി അദ്വാനി രംഗത്തിറങ്ങിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണസമിതിഅധ്യക്ഷന്‍ മോഡിയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല ആര്‍ക്ക് നല്‍കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രശ്‌നം. പാര്‍ട്ടിഅധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനോട് അദ്വാനി ഈ ആവശ്യമുന്നയിച്ചുവെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ വ്യക്തമാക്കി. അതിനിടെ, ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനെത്തിയ മോഡി രാജ്‌നാഥ് സിങ്ങുമായും എല്‍.കെ. അദ്വാനിയുമായും കൂടിക്കാഴ്ച നടത്തി.

ഗോവയില്‍ വെള്ളിയാഴ്ച ദേശീയ നിര്‍വാഹക സമിതി യോഗത്തിന് തൊട്ടുമുമ്പ് നടക്കുന്ന വിവാദങ്ങള്‍ പാര്‍ട്ടിയെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് പകരം, പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ തീര്‍ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സ്ഥിതിയിലാണ് ബി.ജെ.പി. നേതൃത്വം.

കഴിഞ്ഞദിവസം മധ്യപ്രദേശ് മുഖ്യമന്ത്രിയെ പുകഴ്ത്തിസംസാരിച്ച അദ്വാനി, മോഡി മുഖ്യമന്ത്രിയാകും മുമ്പേ ഗുജറാത്ത് വികസിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. മോഡിയെ മുതിര്‍ന്നനേതാവ് ഇകഴ്ത്തിയതല്ലെന്ന് വിശദീകരിക്കാന്‍ ദേശീയ അധ്യക്ഷന്‍തന്നെ ഏറെ പാടുപെടുകയായിരുന്നു. അതിനിടെ, മോഡി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഇടയില്ലെന്ന സൂചനകളുമുണ്ട്. മോഡിയുടെ വലംകൈ അമിത് ഷാ ഈ മണ്ഡലത്തില്‍ അവകാശമുന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അദ്വാനി മധ്യപ്രദേശിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിലേക്ക് മാറിയേക്കുമെന്ന് പറയുന്നു.

Latest news