LATEST NEWS » INDIA
  Jun 06, 2013
എന്‍.സി.ടി.സി.: സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ഒഴിവാക്കി
ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ (എന്‍.സി.ടി.സി.) കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, എന്‍. എസ്.ജി. കമാന്‍ഡോകള്‍ അടങ്ങുന്ന സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും വേണ്ടെന്നു വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്‍.സി.ടി.സി.യുടെ ചുമതലയില്‍ നിന്ന് ഇന്‍റലിജന്‍സ് ബ്യൂറോയെ ഒഴിവാക്കിയതിന് പുറമേയാണിത്.

ഭീകരവിരുദ്ധ നടപടികള്‍ അതതുസംസ്ഥാനങ്ങളിലെ പോലീസ് മുഖേനയോ അവരുടെ സഹായത്തോടെയോ നടപ്പാക്കാനാണ് പുതിയ കരട് നിര്‍ദേശം. ഇന്‍റലിജന്‍സ് ബ്യൂറോയെ ഒഴിവാക്കിയെങ്കിലും എല്ലാ കേന്ദ്ര-സംസ്ഥാന ഏജന്‍സികളില്‍നിന്നും വിവരങ്ങള്‍ തേടുന്നതിനും ഭീകരരുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും അധികാരമുണ്ടാകും; ഇപ്പോള്‍ ഐ. ബിയും 'റോ'യും ചെയ്യുന്നതുപോലെ. ഭീകരരെയും ഗ്രൂപ്പുകളെയും കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ സംസ്ഥാന പോലീസിന് കൈമാറുന്ന ജോലിയായിരിക്കും എന്‍. സി. ടി. സി. ചെയ്യുക.

നിലവിലുള്ള 'മള്‍ട്ടി ഏജന്‍സി സെന്‍റര്‍' ചെയ്യുന്ന ജോലിയുടെ വിപുലീകരിച്ച പതിപ്പായിരിക്കും എന്‍. സി.ടി.സി.യെന്നാണ് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ആരോപണം. അപ്പോള്‍ പിന്നെ പുതിയ ഒരു സംവിധാനത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. 'മള്‍ട്ടി ഏജന്‍സി സെന്‍റര്‍' എന്ന 'മാക്' വിവിധ ഇന്‍റലിജന്‍സ്, അന്വേഷണഏജന്‍സികളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടതാണ്.

സംസ്ഥാനസര്‍ക്കാറിന്റെ അനുവാദമില്ലാതെ സംസ്ഥാനങ്ങളില്‍ കടന്നുകയറാനും ഭീകരരെ അറസ്റ്റു ചെയ്യാനും എന്‍.സി.ടി.സി.ക്ക് അധികാരം നല്‍കുന്നതായിരുന്നു ആദ്യത്തെ നിര്‍ദേശം. ഇതോടെയാണ് പ്രതിപക്ഷ സര്‍ക്കാറുകളുടെ എതിര്‍പ്പ് രൂക്ഷമായത്. ആദ്യമായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് എതിര്‍പ്പുമായി രംഗത്തുവന്നത്. പിന്നീട്, അന്ന് യു. പി.എ.യിലുണ്ടായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയുണ്ടായി.

Latest news