LATEST NEWS » INDIA
  Jun 06, 2013
വിദൂര വിദ്യാഭ്യാസം യു.ജി.സി.ക്ക്: 'ഇഗ്നോ'യുടെ സ്വാതന്ത്ര്യം നഷ്ടമാവും
പി.കെ. മണികണ്ഠന്‍
ന്യൂഡല്‍ഹി: വിദൂര വിദ്യാഭ്യാസ കൗണ്‍സില്‍ (ഡി.ഇ.സി.) ഏറ്റെടുക്കാന്‍ യു.ജി.സി. തീരുമാനിച്ചു. ഇതോടെ ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയുടെ (ഇഗേ്‌നാ) പരമാധികാരം നഷ്ടപ്പെടുമെന്ന് ആശങ്കയുയര്‍ന്നു. ഇഗേ്‌നായുടെ അക്കാദമിക-ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഇനി യു.ജി.സി.ക്കായിരിക്കും.

ഡി.ഇ.സി. ഇതുവരെ ഇഗേ്‌നായുടെ ഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇഗേ്‌നാ വൈസ് ചാന്‍സലറായിരുന്നു ഡി.ഇ.സി.യുടെ ചെയര്‍മാന്‍. ഇഗേ്‌നായുടെ അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്‍റ് എന്നിവയുടെ ചെയര്‍മാന്‍കൂടിയാണ് വൈസ് ചാന്‍സലര്‍. രാജ്യമെമ്പാടുമുള്ള സര്‍വകലാശാലകളും കോളേജുകളും നടത്തുന്ന വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള അനുമതി ഡി.ഇ.സി.ക്കാണ്. രാജ്യത്തെ ആദ്യവിദൂര വിദ്യാഭ്യാസ സര്‍വകലാശാലയായ ഇഗേ്‌നായുമായി ബന്ധപ്പെടുത്തിയതോടെ വിദൂരവിദ്യാഭ്യാസം ഇതുവരെ ഒറ്റ കുടക്കീഴിലായിരുന്നു. ഡി.ഇ.സി, യു.ജി.സി.യുടെ കീഴിലായതോടെ ഇഗേ്‌നായുടെ പരമാധികാരവും നഷ്ടപ്പെടുമെന്ന് ഉറപ്പായി.

വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍, മറ്റ് സര്‍വകലാശാലകളുമായുള്ള സഹകരണം, അധ്യാപകനിയമനത്തിനുള്ള മാനദണ്ഡം തുടങ്ങിയവയൊക്കെ തീരുമാനിച്ചിരുന്നത് ഇഗേ്‌നാ തന്നെയായിരുന്നു. എന്നാല്‍, ഇനി മുതല്‍ യു.ജി.സി.യുടെ അംഗീകാരത്തോടെ മാത്രമേ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന് ഇഗേ്‌നാ ഡയറക്ടര്‍ ഡോ.ചന്ദ്രശേഖരന്‍ നായര്‍ 'മാതൃഭൂമി'യോടു പറഞ്ഞു. കോഴ്ിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് ശുപാര്‍ശ മാത്രമേ ഇഗേ്‌നായ്ക്കു നല്‍കാനാവൂ. യു.ജി.സി. അനുമതിയില്ലാതെ ഇനി കോഴ്‌സുകള്‍ തുടങ്ങാനാവില്ല. 1985-ലെ പാര്‍ലമെന്‍റ് നിയമമനുസരിച്ച് യാഥാര്‍ഥ്യമായതാണ് ഇഗേ്‌നായെന്നും അദ്ദേഹം പറഞ്ഞു.

മദ്രാസ്സിലുള്ള ഒരു കേസില്‍ കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഡി.ഇ.സി. ഏറ്റെടുക്കാനുള്ള യു.ജി.സി. തീരുമാനം. ഇഗേ്‌നാ യു.ജി.സി.ക്കു കീഴിലാക്കുന്നതിനെതിരെ ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ഇഗേ്‌നാ ടീച്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കേസ് ഹൈക്കോടതി ഉടന്‍ പരിഗണിക്കും. കോടതി ഉത്തരവ് ഈ വിഷയത്തില്‍ നിര്‍ണായകമാവും.

രാജ്യമെമ്പാടും വ്യാപിച്ച വിദൂരവിദ്യാഭ്യാസ ശൃംഖലയുള്ള ഇഗേ്‌നായുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഇല്ലാതാവുന്നത് വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയാവും. ഓരോ വര്‍ഷവും ശരാശരി മൂന്നര ലക്ഷം വിദ്യാര്‍ഥികള്‍ ഇഗേ്‌നായില്‍ പഠിച്ചിറങ്ങുന്നു. നാനൂറിലേറെ കോഴ്‌സുകളും എല്ലാ സംസ്ഥാനങ്ങളിലും മേഖലാ കേന്ദ്രങ്ങളും ഇഗേ്‌നായ്ക്കുണ്ട്.

അതേസമയം, ഡി.ഇ.സി. ഏറ്റെടുത്തതിനെതിരെ യു.ജി.സി.യില്‍ത്തന്നെ എതിര്‍പ്പു ശക്തമായി. പാര്‍ലമെന്‍റ് നിയമപ്രകാരം രൂപവത്കരിക്കപ്പെട്ട കൗണ്‍സില്‍ അക്കാദമിക ചര്‍ച്ചകളൊന്നുമില്ലാതെ, കേവലമൊരു ഉദ്യോഗസ്ഥ നടപടിയിലൂടെ ഏറ്റെടുത്തത് ശരിയായില്ലെന്ന് യു.ജി.സി. അംഗം എം.എം.അന്‍സാരി അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍റ് നിയമത്തെ ഒരു ഭരണനടപടിയിലൂടെ മറികടക്കാനാവുമോയെന്നും അദ്ദേഹം ചോദിച്ചു.

Latest news