LATEST NEWS » KERALA
  Jun 06, 2013
പിഎസ്‌സിയില്‍ ഓണ്‍ലൈന്‍ പരീക്ഷ ആഗസ്ത് മുതല്‍
കൊച്ചി: സംസ്ഥാന പിഎസ്‌സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം ഈ വര്‍ഷം ആഗസ്ത് മാസത്തോടെ നടപ്പിലാക്കാന്‍ കഴിയുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

പിഎസ്‌സിയുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവിടെ പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാല്‍ ഉടനടി തന്നെ മാര്‍ക്കും റാങ്ക് ലിസ്റ്റും തയ്യാറാക്കാന്‍ കഴിയും. ഇന്‍റര്‍വ്യൂവിനുള്ള നടപടിയും താമസിയാതെ പൂര്‍ത്തിയാക്കാം.

ഉയര്‍ന്ന സാങ്കേതിക തസ്ഥികയിലും അധികം ഒഴിവുകള്‍ ഇല്ലാത്ത തസ്ഥികയിലുമായിരിക്കും ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം. സംസ്ഥാനത്തെ ചില പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കൂടിയാലോചനകള്‍ നടത്തി കഴിഞ്ഞു. ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതിനുള്ള അന്തിമ ചര്‍ച്ചകള്‍ പിഎസ്‌സിയില്‍ പുരോഗമിച്ചുവരുന്നതായും ചെയര്‍മാന്‍ പറഞ്ഞു. കാലക്രമേണ ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

രാജസ്ഥാനിലാണ് ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം പിഎസ്‌സി വിജയകരമായി നടപ്പിലാക്കിയിട്ടുള്ളത്. കേരള പിഎസ്‌സി അംഗങ്ങളും ഉദ്യോഗസ്ഥരും അവിടെയെത്തി സംവിധാനം വിലയിരുത്തിയിരുന്നു.

Latest news