LATEST NEWS » KERALA
  Jun 06, 2013
നായരീഴവ ഐക്യത്തിനെതിരെ വി.എസ്; വി.എസ്സിന്റെ ജാതിപറഞ്ഞ് വെള്ളാപ്പള്ളി
തിരുവനന്തപുരം: നായര്‍-ഈഴവ ഐക്യമല്ല അതിനതീതമായ മാനവിക ഐക്യമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വി.എസ്. ഈഴവനായതിനുശേഷമാണ് കമ്മ്യൂണിസ്റ്റായതെന്ന് ഓര്‍ക്കണമെന്ന് വി.എസ്സിന് മറുപടിയായി വെള്ളാപ്പള്ളി നടേശന്‍.
എസ്.എന്‍.ഡി.പി. യോഗം തിരുവനന്തപുരം യൂണിയന്റെ യൂണിയന്‍ മന്ദിരോദ്ഘാടന വേദിയിലാണ് ഇരുവരും വാക്കുകള്‍കൊണ്ട് കൊമ്പുകോര്‍ത്തത്.
നായര്‍ -ഈഴവ ഐക്യം തരാതരം സൗകര്യപൂര്‍വം ഉപയോഗിക്കുന്നവര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും അപകടകരമാണ്. സാമുദായികമെന്ന സങ്കുചിതചിന്ത വലിച്ചെറിഞ്ഞ് മുന്നേറണം. എസ്.എന്‍.ഡി.പി. ആദ്യകാല നേതാക്കളുടെ പൈതൃകമാണ് ഏറ്റെടുക്കേണ്ടതെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. നായര്‍-ഈഴവ ഐക്യം സാമൂഹിക നീതിക്കുവേണ്ടിയാണെന്നും ഇതുകണ്ട് ആരും നെറ്റിചുളിക്കേണ്ടെന്നും മന്ദിരോദ്ഘാടനം നിര്‍വഹിച്ച വെള്ളാപ്പള്ളി നടേശന്‍ വി.എസ്. വേദിയിലിരിക്കെ പറഞ്ഞു.നായര്‍-ഈഴവ ഐക്യമെന്നത് വര്‍ഗീയതയല്ല. ഭൂരിപക്ഷ സമുദായ ഐക്യമാണ് വേണ്ടത്. ഇത് മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചുപറിക്കാനല്ല. സാമൂഹികനീതി എല്ലാ വിഭാഗങ്ങളിലും എത്തണം. സര്‍ക്കാരിന്റെ ഭരണം വണ്‍വേ ട്രാഫിക് ആകരുതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Latest news