LATEST NEWS » KERALA
  Jun 06, 2013
ഡെങ്കി: രണ്ട് കുട്ടികള്‍ മരിച്ചു; പനിബാധിതര്‍ 18084
തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി രണ്ട് കുട്ടികള്‍ മരിച്ചു. ആറ്റിങ്ങല്‍ പൂവണത്തുംമൂട് അന്‍സി മന്‍സിലില്‍ ഷാജഹാന്റെ മകള്‍ അന്‍സി (11), മൂവാറ്റുപുഴ വാഴക്കുളം കാവന പടിഞ്ഞാറെക്കുവയില്‍ അര്‍ജുന്‍ മഹാദേവ് (9) എന്നിവരാണ് മരിച്ചത്.

അതേസമയം സംസ്ഥാനത്ത് 18084 പേര്‍ ബുധനാഴ്ച പകര്‍ച്ചപ്പനിക്ക് ചികിത്സ തേടി. 84 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിതരും ഡെങ്കിപ്പനി ബാധിതരും ഏറ്റവും കൂടുതല്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 2657 പേര്‍ പകര്‍ച്ചപ്പനിക്കും 45 പേര്‍ ഡെങ്കിപ്പനിക്കും ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കോഴിക്കോട്ട് രണ്ട് പേര്‍ക്കും എറണാകുളം, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും മലേറിയ സ്ഥിരീകരിച്ചിട്ടുമുണ്ട്. കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലും ഡെങ്കിപ്പനി രൂക്ഷമാണ്. മെയ് 25 ന് ശേഷമുണ്ടായ അഞ്ച് മരണങ്ങള്‍ ഡെങ്കിമൂലമാണെന്ന് സംശയിക്കുന്നുണ്ട്. ലില്ലിക്കുട്ടി ചാക്കോ (70) ഏറ്റുമാനൂര്‍, വാസുക്കുട്ടന്‍ (62) കുറുച്ചി, ദേവരാജന്‍ പിള്ള (58) ചടയമംഗലം, ഉഷാകുമാരി (38) പട്ടാഴി, അജി (35) അലയമണ്‍ എന്നിവരുടെ മരണമാണ് ഡെങ്കിമൂലമെന്ന് ആരോഗ്യ വകുപ്പ് കരുതുന്നത്.

കൊല്ലം (1425) , പത്തനംതിട്ട (1290) , എറണാകുളം (1481) , തൃശൂര്‍ (1915) , പാലക്കാട് (1351) , മലപ്പുറം (2038) , കണ്ണൂര്‍ (1186) ജില്ലകളും പകര്‍ച്ചപ്പനിയുടെ പിടിയിലാണ്.

Latest news