LATEST NEWS » INDIA
  Jun 06, 2013
ഉപതിരഞ്ഞെടുപ്പ്: മോഡിക്കും മമതയ്ക്കും നേട്ടം
അഹമ്മദാബാദ്/പട്‌ന/കൊല്‍ക്കത്ത: വിവിധ ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തിലും പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും ഭരണകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് ജയം. എന്നാല്‍, ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പാര്‍ട്ടി പരാജയം രുചിച്ചു. മഹാരാഷ്ട്രയിലെ യമത്മല്‍ നിയമസഭാസീറ്റ് തിരിച്ചുപിടിക്കാനായി എന്നല്ലാതെ കോണ്‍ഗ്രസ്സിന് ഒരു സംസ്ഥാനത്തും നേട്ടമുണ്ടാക്കാനായില്ല.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പുനടന്ന രണ്ട് ലോക്‌സഭാ സീറ്റുകളും നാല് നിയമസഭാസീറ്റുകളും ബി.ജെ.പി. നേടി. മുഖ്യ എതിരാളി കോണ്‍ഗ്രസ്സിനെ ബഹുദൂരം പിന്നിലാക്കിയാണ് പോര്‍ബന്തര്‍, ബനസ്‌കന്ദ ലോക്‌സഭാമണ്ഡലങ്ങളിലും ലിംബാഡി, മോര്‍വ ഹദഫ്, ജേഠ്പുര്‍, ദൊറാജ് നിയമസഭാമണ്ഡലങ്ങളിലും ബി.ജെ.പി. ജയിച്ചത്.
മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ദേശീയ രാഷ്ട്രീയ പ്രവേശന പ്രതീക്ഷയ്ക്ക് ആക്കംപകരുന്നതാണ് ഗുജറാത്തിലെ വിജയം.
ബിഹാറിലെ മഹാരാജ്ഗഞ്ജ് ലോക്‌സഭാസീറ്റിലേക്ക് നടന്ന മത്സരത്തില്‍ ആര്‍.ജെ.ഡി.യുടെ പ്രഭുനാഥ് സിങ് ഭരണകക്ഷിയായ ജെ.ഡി.യു.വിന്റെ പി.കെ. സാഹിയെ ഒരുലക്ഷത്തിലേറെ വോട്ടിന് തോല്‍പ്പിച്ച് മണ്ഡലം പിടിച്ചെടുത്തു.
ബംഗാളില്‍ ഹൗറ ലോക്‌സഭാമണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രസൂണ്‍ ബാനര്‍ജി 27,000-ത്തിലേറെ വോട്ടിന് ജയിച്ചു. ഉത്തര്‍പ്രദേശിലെ ഹാന്‍ഡിയ നിയമസഭാസീറ്റ് ഭരണകക്ഷിയായ എസ്.പി. തിരിച്ചുപിടിച്ചു. ബി.എസ്.പിയുടെ പങ്കജ് ത്രിപാഠിയെ 26,000-ത്തിലധികം വോട്ടിനാണ് എസ്.പി.യുടെ പ്രശാന്ത്കുമാര്‍ സിങ് തോല്‍പ്പിച്ചത്.

Latest news