LATEST NEWS » INDIA
  Jun 06, 2013
മാവോവാദി ഭീകരതയ്ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല-പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മാവോവാദി ഭീകരതയ്ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വ്യക്തമാക്കി. മാവോവാദികളുടെ ഭീഷണി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ചു നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂണ്‍ പത്തിന് മാവോവാദി ഭീഷണി നേരിടാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിന് സര്‍വകക്ഷി യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാഷ്ട്രീയ, പ്രത്യയശാസ്ത്ര ഭിന്നതകള്‍ മാറ്റിവെച്ച് ഭീകരതയും വര്‍ഗീയ അക്രമങ്ങളും ഇടതുതീവ്രവാദവും നേരിടുന്നതിന് ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദേശീയ താത്പര്യം കണക്കിലെടുത്ത് ഈ വിഷയങ്ങളെ എല്ലാവരും സമീപിക്കണം. ഈ വെല്ലുവിളികള്‍ നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ച് വഴികള്‍ തേടണം - പ്രധാനമന്ത്രി പറഞ്ഞു.
തീനവ്രവാദവും മാവോവാദവും നേരിടുന്നതിന് രണ്ട് മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വികസനത്തോടൊപ്പം കര്‍ക്കശമായ പോലീസ് നടപടി വഴിയും ഈ പ്രശ്‌നത്തെ നേരിടാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. മാവോവാദികളുടെ സ്വാധീനമുള്ള മേഖലകളില്‍ സുരക്ഷാ നടപടികളും രഹസ്യാന്വേഷണ സംവിധാനവും ശക്തിപ്പെടുത്തും. അതോടൊപ്പം ഇവിടെയുള്ള ജനങ്ങള്‍ സമാധാനത്തോടെ വികസനത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കുന്നുമുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോവാദത്തെ നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ക്ക് തിരിച്ചടിയാണ് ഛത്തീസ്ഗഢില്‍ നടന്ന ആക്രമണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധനമന്ത്രി പി. ചിദംബരം, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരും പങ്കെടുത്തു.

Latest news