LATEST NEWS » KERALA
  Jun 06, 2013
സൈബര്‍ സിറ്റി പദ്ധതി ഉപേക്ഷിക്കുന്നു; ഭൂമി വില്‌പനയ്ക്ക്‌
കൊച്ചി: മൂവായിരം കോടി മുതല്‍മുടക്കില്‍ വിഭാവനം ചെയ്ത ഐ.ടി. പദ്ധതിയായ സൈബര്‍സിറ്റി ഉപേക്ഷിക്കുന്നു. പ്രൊമോട്ടര്‍മാരായ ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച്.ഡി.ഐ.എല്‍.) പദ്ധതി പ്രദേശം വില്‍ക്കുന്നതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
കളമശ്ശേരിയിലെ 70 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. സ്ഥലം വില്‍ക്കുന്നതിന് എച്ച്.ഡി.ഐ.എല്‍. പത്രപ്പരസ്യം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ വലിയൊരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി കൈകോര്‍ക്കാന്‍ ഒരവസരം എന്നാണ് പരസ്യം വാഗ്ദാനം ചെയ്യുന്നത്. സ്ഥലം വില്പനയ്‌ക്കോ സംയുക്ത സംരംഭമെന്ന നിലയ്ക്കുള്ള പദ്ധതികള്‍ക്കോ ലഭ്യമാണെന്നും പരസ്യത്തില്‍ പറയുന്നു.
കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് ഇപ്പോള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമം നടക്കുന്നത്. 91 കോടി രൂപയ്ക്കാണ് എച്ച്.എം.ടി. ഈ ഭൂമി എച്ച്.ഡി.ഐ.എല്ലിന് കൈമാറിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥലത്തിന് ഇതിലുമേറെ വില വരും. തറക്കല്ലിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും സൈബര്‍ സിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കളമശ്ശേരി പ്രത്യേക സാമ്പത്തിക മേഖല എന്ന സൈബര്‍ സിറ്റി പദ്ധതിയുടെ തറക്കല്ലിടല്‍ 2008 ജനവരിയിലായിരുന്നു. ഐ.ടി. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ 65,000 തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതിക്കെതിരെ തുടക്കം മുതല്‍ തന്നെ പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
പദ്ധതി സ്ഥലത്തിന്റെ വില്പന സംബന്ധിച്ച് തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് സംരംഭകരുടെ ഇപ്പോഴത്തെ അവകാശവാദം. എന്നാല്‍ പദ്ധതിക്കായി എച്ച്.എം.ടി. ഈ സ്ഥലം എച്ച്.ഡി.ഐ.എല്ലിന് കൈമാറിയത് തന്നെ വിവാദത്തിലായിരുന്നു. ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാര്‍ എച്ച്.എം.ടി.ക്ക് നല്‍കിയ സ്ഥലം വില്പന നടത്താനാകില്ലെന്നായിരുന്നു ആദ്യം ഉയര്‍ന്ന ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിലും കേസുണ്ടായിരുന്നു.
ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത 251 ഏക്കര്‍ ഭൂമിയില്‍ 100 ഏക്കര്‍ വില്പനാവകാശത്തോടെ സര്‍ക്കാര്‍ എച്ച്.എം.ടി.ക്ക് നല്‍കിയിരുന്നു. ഇതില്‍ 70 ഏക്കറാണ് സൈബര്‍ സിറ്റിക്കായി വിറ്റത്. അതേസമയം സമീപകാലത്ത് ഭൂമി സംബന്ധിച്ച വിവാദങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയും എച്ച്.ഡി.ഐ.എല്ലിനെ ബാധിച്ചിരുന്നു. എച്ച്.ഡി.ഐ.എല്ലിന് കൈമാറിയ 70 ഏക്കര്‍ സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.

Latest news