LATEST NEWS » KERALA
  Jun 06, 2013
കെ.വി. സുധാകരന്‍ വി.എസ്സിന്റെ പ്രസ് സെക്രട്ടറി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായി കെ.വി. സുധാകരനെ നിയമിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 'ദേശാഭിമാനി' പത്രത്തില്‍ സീനിയര്‍ ന്യൂസ് എഡിറ്ററാണ് സുധാകരന്‍.
ആലപ്പുഴ അരൂര്‍ സ്വദേശിയായ സുധാകരന്‍ ദീര്‍ഘകാലം 'ദേശാഭിമാനി' പത്രത്തിന്റെ ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ബ്യൂറോകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും സുധാകരന്റെ പേര് വി.എസ്. നിര്‍ദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ഇത് അംഗീകരിച്ചു. പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ കേരളത്തില്‍ വന്ന് പ്രസംഗിക്കുമ്പോള്‍ പതിവായി പരിഭാഷ നിര്‍വഹിച്ചിരുന്നത് സുധാകരനായിരുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് കെ.ബാലകൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയതിനെത്തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടതായി വന്നത്.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവരെയും ബാലകൃഷ്ണനൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ സ്ഥാനങ്ങളില്‍ നിയമനം നടത്തുന്ന കാര്യം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. പുതിയ ആള്‍ക്കാരെ നിയമിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടശേഷം മാത്രമേ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്.

Latest news