LATEST NEWS » KERALA
  Jun 06, 2013
യൂത്ത്‌കോണ്‍ഗ്രസ്: എ ഗ്രൂപ്പിന് 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ മേല്‍ക്കൈ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് വ്യക്തമായ മേല്‍ക്കൈ. 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 13 ഇടത്തും എ ഗ്രൂപ്പിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. നാല് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഐ വിഭാഗം മേല്‍ക്കൈ നേടി. മൂന്നിടത്ത് ഏതാണ്ട് തുല്യമാണ് സ്ഥിതി. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ എ ഗ്രൂപ്പ് 85, ഐ ഗ്രൂപ്പ് 50, മറ്റ് ഗ്രൂപ്പുകള്‍ അഞ്ച് എന്നിങ്ങനെയാണ് ഏകദേശ കണക്ക്.
കണ്ണൂര്‍, ആലത്തൂര്‍, തൃശ്ശൂര്‍, ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലങ്ങാണ് ഐ പക്ഷം പ്രസിഡന്റ് സ്ഥാനം പിടിച്ചത്. കാസര്‍കോട് ഐ നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം പിടിച്ചെങ്കിലും പാര്‍ലമെന്റ് മണ്ഡലം കൈവിട്ടുപോയി. കൊല്ലത്തും സമാനമാണ് സ്ഥിതി. അഞ്ച് നിയമസഭാ മണ്ഡലവും ഐ ഗ്രൂപ്പ് പിടിച്ചു. എന്നാല്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലം എ നേടി. വടകരയില്‍ ഇരുപക്ഷത്തിന്റെയും പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് തുല്യവോട്ടായിരുന്നു. മറ്റ് പാര്‍ലമെന്റ് മണ്ഡലങ്ങില്‍ എ ഗ്രൂപ്പ് ആധിപത്യമുറപ്പിച്ചു.
കാസര്‍കോട്ട് എ ഗ്രൂപ്പിലെ സാജിത് മൗവലും കണ്ണൂരില്‍ ഐ വിഭാഗത്തിലെ റിജില്‍ മാക്കുറ്റിയുമാണ് പ്രസിഡന്റ്. കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് റിജില്‍ കെ. സുധാകരന്റെ അനുയായിയും. കണ്ണൂരില്‍ എ വിഭാഗം മറ്റ് സ്ഥാനങ്ങള്‍ പിടിച്ചു. വയനാട്ടില്‍ എ യിലെ ജിതേഷ് പി.വിയാണ് പ്രസിഡന്റ്. ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനവും എ യ്ക്കുതന്നെ. എയിലെ ഹാരിസ് ബാബുവും ജിത്തുവും തുല്യ വോട്ട് നേടുകയായിരുന്നു.
കോഴിക്കോട്ട് കെ.മുരളീധര വിഭാഗവും നാലാം ഗ്രൂപ്പും ഐ യുമായി സഖ്യത്തിലായിരുന്നു. എ ഗ്രൂപ്പില്‍ നിന്നുള്ള ആദംമുല്‍സിയുടെ കൂടുമാറ്റവും ശ്രദ്ധേയമായി. എ വിഭാഗത്തിലെ പി.പി. നൗഷീറാണ് പ്രസിഡന്റ്. മലപ്പുറത്ത് എ യിലെ റിയാസ് മുക്കോളിയും പൊന്നാനിയില്‍ എ യിലെ പി.എം. മധുവുമാണ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റുമാര്‍.
പാലക്കാട്ട് കെ.എസ്. യു മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ്. കെ.എസ്.യുവില്‍ നിന്ന് നേരിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരാന്‍ തടസ്സമുള്ളതിനാലാണ് ഷാഫിയെ എ ഗ്രൂപ്പ് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചത്. ആലത്തൂരില്‍ വിശാല ഐ സഖ്യത്തില്‍ മത്സരിച്ച നാലാം ഗ്രൂപ്പിലെ പ്രദീപ് പാളയമാണ് പ്രസിഡന്റ്. തൃശ്ശൂരില്‍ ഐ വിഭാഗത്തിലെ ഷിജു വെളിയത്ത് പ്രസിഡന്റായി. ചാലക്കുടിയില്‍ എ വിഭാഗത്തിലെ പി.വി.സുനീറാണ് പ്രസിഡന്റ്.
എറണാകുളം കൈവിട്ടുപോയത് ഐ ഗ്രൂപ്പിന് തിരിച്ചടിയായി. എ വിഭാഗത്തിലെ എം.വി. രതീഷാണ് ഇവിടെ പ്രസിഡന്റ്. മണ്ഡം പ്രസിഡന്റ് സ്ഥാനം പിന്നാക്ക സംവരണമായതിനാല്‍ എന്‍.എസ്.യു മുന്‍ പ്രസിഡന്റ് ഹൈബി ഈഡന്‍ എം.എല്‍.എ യ്ക്ക് മത്സരിക്കാനുമായില്ല. പത്തനംതിട്ടയില്‍ എ വിഭാഗത്തിലെ റോജിന്‍ പരുമല, കോട്ടയത്ത് ജോബി അഗസ്റ്റിന്‍ എന്നിവര്‍ പ്രസിഡന്റുമാരായി. ഈ രണ്ട് ജില്ലകളിലും എ വിഭാഗം സംഘടനയില്‍ നിര്‍ണായക ശക്തിയായെന്ന് വോട്ടിങ്ങിലെ ഭൂരിപക്ഷം തെളിയിക്കുന്നു.
ആലപ്പുഴയില്‍ ഐ വിഭാഗത്തിലെ ദീപു എസ്. ആണ് ജയിച്ചത്. മാവേലിക്കരയില്‍ വോട്ടെണ്ണല്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. ആദ്യറൗണ്ടില്‍ മാവേലിക്കരയും പത്തനാപുരവും കുന്നത്തൂരും ഐ പക്ഷം നേടി. കൊട്ടാരക്കരയും ചെങ്ങന്നൂരും എ യും. കൊല്ലത്ത് നിയമസഭാ മണ്ഡലങ്ങളിലെ നേട്ടം പാര്‍ലമെന്റ് മണ്ഡലത്തില്‍ ആവര്‍ത്തിക്കാന്‍ ഐ യ്ക്കായില്ല. എ യിലെ പ്രേംരാജ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
തലസ്ഥാനജില്ലയില്‍ സംഘടന ഐ യില്‍ നിന്ന് എ പിടിച്ചെടുക്കുകയായിരുന്നു. ആറ്റിങ്ങലില്‍ എസ്. ഷിബുവും തിരുവനന്തപുരത്ത് വിനോദ് യേശുദാസും എ ഗ്രൂപ്പില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം പിടിച്ചു. വര്‍ഷങ്ങളായി തിരുവനന്തപുരം ഐ ഗ്രൂപ്പിന്റെ കുത്തകയായിരുന്നു. ഇപ്രാവശ്യം റിബല്‍ ശല്യവും ഐ ഗ്രൂപ്പിനുള്ളിലെ ഉള്‍പിരിവുകളുമാണ് അവരുടെ തിരിച്ചടിക്ക് കാരണമായത്. തിരുവനന്തപുരത്ത് ഏഴ് നിയമസഭാ മണ്ഡലത്തിലും ഭൂരിപക്ഷം ഉറപ്പിച്ചാണ് എ ഗ്രൂപ്പ് പാര്‍ലമെന്റ് മണ്ഡലം പിടിച്ചത്.
കോണ്‍ഗ്രസില്‍ മന്ത്രിസഭാ പുനസംഘടനയുടെ പേരില്‍ എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ ഫലത്തിന് പ്രസക്തിയേറുന്നു. യുവാക്കള്‍ തമ്മിലായിരുന്നു മത്സരമെങ്കിലും പിന്നില്‍ നിന്നത് മാതൃസംഘടനയിലെ മുതിര്‍ന്ന നേതാക്കളായിരുന്നു.

Latest news