LATEST NEWS » INDIA
  Jun 06, 2013
എന്‍ .സി.ടി.സി: ഐ.ബി.യെ ഒഴിവാക്കിയിട്ടും എതിര്‍പ്പ്‌
പി. ബസന്ത്‌
ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ (എന്‍.സി.ടി.സി.) ചുമതലയില്‍നിന്ന് ഇന്റലിജന്‍സ് ബ്യൂറോയെ ഒഴിവാക്കിയിട്ടും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തുടരുന്നു.
ബുധനാഴ്ച ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍പോലും കരുതലോടെയാണ് എന്‍.സി.ടി.സി.യുടെ ''വെള്ളം ചേര്‍ത്ത'' പുതിയ രൂപത്തോട് പ്രതികരിച്ചത്. അതേസമയം, ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയവുമായി യോഗത്തിനെത്തിയ നരേന്ദ്ര മോഡിയാകട്ടെ, കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ പോര്‍മുഖം തുറന്നിട്ടു. ഭീകരത നേരിടുന്നതിന് പുതിയ ഏജന്‍സികള്‍ രൂപവത്കരിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ മോഡി, അത് നിലവിലുള്ള സംവിധാനത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
എന്നാല്‍, ഉടനടി മോഡിക്ക് മറുപടി നല്‍കിയ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ ധനമന്ത്രി പി. ചിദംബരം അധികാരങ്ങള്‍ വെട്ടിക്കുറച്ചിട്ടും പല മുഖ്യമന്ത്രിമാരും എന്‍.സി.ടി.സി.യെ എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞു. ഇതിന് രാജ്യം വലിയ വില നല്‍കേണ്ടി വരും. മോഡിയുടെ ലക്ഷ്യം 'ടാഡ'യും 'പോട്ട'യും പോലുള്ള കിരാതനിയമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചത്തെ യോഗത്തില്‍ എന്‍.സി.ടി.സി.യെ എതിര്‍ക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തില്ല. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡിഷ, ബിഹാര്‍ മുഖ്യമന്ത്രിമാര്‍ പുതിയ രൂപത്തിലുള്ള എന്‍.സി.ടി.സി.യും ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കരുതലോടെയാണ് എന്‍.സി.ടി.സി.യെ സ്വാഗതം ചെയ്തത്.
എന്‍.സി.ടി.സി.യുടെ ചില വകുപ്പുകള്‍ പുനഃപരിശോധിക്കണമെന്ന് പൃഥ്വിരാജ് ചവാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസുമായി ചേര്‍ന്നുള്ള സംയുക്ത ഭീകരവിരുദ്ധ നടപടികളുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍.സി.ടി.സി.ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ വേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു. ഭീകരവിരുദ്ധകേന്ദ്രം സ്ഥാപിക്കുന്നതിനുമുമ്പ് ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ എന്‍.സി ടി.സി.യെ സ്വാഗതം ചെയ്തു.
ദേശീയ സുരക്ഷയെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കുന്നതെങ്കിലും അവരുടെ നടപടികള്‍ രാഷ്ട്രീയ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് മോഡി കുറ്റപ്പെടുത്തി. ഭീകരതവിരുദ്ധ കേന്ദ്രത്തെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തങ്ങളുടെ പ്രസംഗത്തില്‍ ഒന്നും പറഞ്ഞില്ല. കഴിഞ്ഞ പത്തുകൊല്ലത്തിനിടയില്‍ ആഭ്യന്തരസുരക്ഷാരംഗത്ത് യു.പി.എ. എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ധവളപത്രം പുറപ്പെടുവിക്കണം - മോഡി ആവശ്യപ്പെട്ടു.
എന്നാല്‍, മോഡിയുടെ ലക്ഷ്യം വേറെയാണെന്ന് ധനമന്ത്രി ചിദംബരം കുറ്റപ്പെടുത്തി. 'പോട്ട' നിയമത്തിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്കിടയില്‍ ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. അവര്‍ക്ക് ആവശ്യം അതാണെങ്കില്‍ തുറന്നുപറയണമെന്ന് ചിദംബരം പറഞ്ഞു.
മോഡിക്ക് ഭീകരതയെക്കുറിച്ച് നല്ലവണ്ണം അറിയാമെന്ന് ടെലികോം മന്ത്രി കപില്‍ സിബലും പറഞ്ഞു. അടുത്ത തവണ ഭീകരവിരുദ്ധ നിയമമുണ്ടാക്കുമ്പോള്‍ മോഡിയെക്കൂടി വിളിക്കാം. ഭീകരത എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കൃത്യമായി അറിയാവുന്ന വ്യക്തിയാണദ്ദേഹം - സിബല്‍ കളിയാക്കി.

Latest news

- -