TOP STORIES TODAY
  Jun 06, 2013
മന്ത്രിമാര്‍ വന്നു, പോയി, പക്ഷേ...
എം. ബിലീന
അട്ടപ്പാടി വെള്ളകുളം ഊരിലെ രങ്കി ചിത്രം: സുനീഷ് ജോസ്‌
വെറും പായയില്‍ പ്ലാസ്റ്റിക്ചാക്കുകഷണം തയ്ച്ചുണ്ടാക്കി തുണിനിറച്ച ഒരു കുഞ്ഞുതലയിണ. അതില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന മെല്ലിച്ച സ്ത്രീരൂപം. പത്രത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ മെല്ലെ എഴുന്നേറ്റിരുന്നു. വിളറിയ മുഖത്തെ മഞ്ഞച്ച കണ്ണുകള്‍ ഉയര്‍ത്തി നോക്കി.
അട്ടപ്പാടി വെള്ളകുളംഊരിലെ രാമന്റെ ഭാര്യ രങ്കി.കേരളം ഉള്‍ക്കിടിലത്തോടെ വായിച്ച നവജാതശിശുമരണ പരമ്പരകളിലെ കുഞ്ഞുനഷ്ടപ്പെട്ട അമ്മമാരിലൊരാള്‍. 2013 ഫിബ്രവരിയില്‍ എപ്പോഴോ 26കാരിയായ രങ്കി മാസംതികയാതെ പ്രസവിച്ചു. അന്നത് വാര്‍ത്തയായില്ല. രങ്കിയെ ആരും ആസ്പത്രിയില്‍ കൊണ്ടുപോയില്ല. ഡോക്ടറെ കണ്ടതുമില്ല.
ശിശുമരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏപ്രില്‍ 4ന് 'മാതൃഭൂമി'യാണ് ആദ്യം റിപ്പോര്‍ട്ടുചെയ്തത്. മന്ത്രിമാരും രാഷ്ട്രീയനേതാക്കളും പഠനസംഘങ്ങളുമെല്ലാം അട്ടപ്പാടിയിലേക്ക് ഒഴുകാന്‍ തുടങ്ങി. ഇക്കൊല്ലം ജനവരിമുതല്‍ 30 കുഞ്ഞുങ്ങള്‍ മരിച്ചതായി കണ്ടെത്തി. അതിലൊന്ന് രങ്കിയുടെ മാസംതികയാതെ പ്രസവിച്ച കുഞ്ഞായിരുന്നു. വെള്ളകുളം ഊരില്‍മാത്രം നാലുകുഞ്ഞുങ്ങളാണ് ഇക്കൊല്ലം മരിച്ചത്.
എന്നാല്‍, രങ്കിയുടെ ദുരന്തം 2013ലെ ശിശുമരണപ്പട്ടികയില്‍ ഒതുക്കപ്പെടേണ്ട ഒന്നല്ല. ഇതിനുമുമ്പും രങ്കി ഗര്‍ഭം ധരിച്ചിട്ടുണ്ട്. മാസംതികയാതെ പ്രസവിച്ചിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മരിച്ചിട്ടുമുണ്ട്. 'മൂന്നുപെറ്റു, മൂന്നുകുഴന്തയും പോയി' എന്ന് രങ്കിയുടെ ഭാ
ഷ.
2011 ജനവരിക്കും 2013 ഫിബ്രവരിക്കുമുള്ളില്‍ രങ്കി മൂന്നുതവണ ഗര്‍ഭം ധരിച്ചു. ആദ്യത്തേത് രണ്ടും അഞ്ചാംമാസത്തിലും മൂന്നാമത്തേത് ആറാം മാസത്തിലും പോയി. 24 മാസത്തിനുള്ളില്‍ മൂന്നുഗര്‍ഭവും മാസംതികയാത്ത മൂന്ന് പ്രസവങ്ങളും! ഗര്‍ഭകാലത്ത് തലവേദനയും പനിയും ശരീരമാകെ നീരും വരും. രക്തസമ്മര്‍ദം കൂടും. മാസംതികയാത്ത പ്രസവവും നടക്കും.
2011മുതല്‍ രങ്കിയുടെ ഹിമോഗ്ലോബിന്‍ നില 9.1 ആണ് (വേണ്ടത് 12). ഗര്‍ഭകാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദം 170/100. 156 സെന്റീമീറ്റര്‍ ഉയരമുള്ള രങ്കിയുടെ തൂക്കം ഒരിക്കലും 39 കിലോയില്‍ കൂടിയിട്ടില്ല. വേണ്ടതിനെക്കാള്‍ പത്തുകിലോയിലധികം കുറവ്. രങ്കിയുടെ രക്തസമ്മര്‍ദം ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു -140/90.
എന്തേ രങ്കിയുടെ ഊരില്‍മാത്രം മന്ത്രിമാരും ഡോക്ടര്‍മാരും വരുന്നില്ല. ഈ ഊരിലേക്കുപോകാന്‍ പാലക്കാട്ടുനിന്ന് അഗളിയിലേക്ക് 77 കിലോമീറ്റര്‍. അവിടെനിന്ന് 35 കിലോമീറ്റര്‍ പോകണം വെള്ളകുളത്തേക്ക്. അതില്‍ എട്ടുകിലോമീറ്റര്‍ദൂരം ആഡംബരക്കാറില്‍ സഞ്ചരിച്ചാല്‍പ്പോലും നട്ടെല്ലുനുറുങ്ങുന്ന യാത്ര. അതുകൊണ്ടുതന്നെ പരിവാരസമേതം ഘോഷയാത്രയായി എത്തുന്ന നേതാക്കള്‍ ആദ്യംകാണുന്ന ഊരില്‍ കയറും. ആദ്യംകാണുന്ന ആദിവാസിയെ കെട്ടിപ്പിടിച്ച് ഫോട്ടോയെടുത്ത് തിരികെപ്പോകും. പിന്നെങ്ങനെ വെള്ളകുളത്തെ ദുര്‍ഘടപാതയിലൂടെ ഡോക്ടര്‍മാര്‍ പോകും?
Other News in this section
സിനിമാവ്യവസായത്തിന് മദ്യനയത്തിന്റെ സമ്മാനം രണ്ടുതരം 'ലഹരി'കള്‍
കൊച്ചി: മദ്യനിരോധനവും ഡ്രൈ ഡേയും സിനിമാവ്യവസായത്തിന് ഒരേസമയം ആശ്വാസവും ആശങ്കയുമാകുന്നു. ഡ്രൈ ഡേ ആയ ഞായറാഴ്ചകളില്‍ തീയറ്ററുകളിലെ വരുമാനം കുത്തനെ ഉയരുകയാണ്. അതേസമയം അടച്ച ബാറുകള്‍ക്ക് പകരം തീയറ്ററുകള്‍ മദ്യശാലയാക്കി മാറ്റുന്ന പതിവിന് തുടക്കമായിട്ടുണ്ടെന്നും തീയറ്ററുടമകള്‍ പറയുന്നു. ഞായറാഴ്ചകളില്‍ ബിവ്‌റേജസ് ഷോപ്പുകള്‍ അടച്ചിടാന്‍ തുടങ്ങിയതോടെ ഫസ്റ്റ് ഷോയ്ക്കും ..

Latest news