LATEST NEWS » KERALA
  Jun 06, 2013
ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു
കൊച്ചി: കേരളരാഷ്ട്രീയത്തിലെ നര്‍മമുഖമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. ദീര്‍ഘകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് അമൃത ആസ്പത്രിയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹവും ശ്വാസകോശത്തില്‍ അണുബാധയുമുണ്ടായിരുന്നു.
ഭാര്യ: ആനി (റിട്ട. അധ്യാപിക). മക്കള്‍: സ്റ്റീഫന്‍ (പേരാമ്പ്ര കോ ഓപ്പറേറ്റീവ് സൊസൈറ്റി) , ഷീല, ഷേര്‍ളി (അധ്യാപിക ടി. ഡി. സ്‌കൂള്‍ ആലപ്പുഴ).മരുമക്കള്‍: തോമസ് ജോസഫ് (നൈജര്‍) , അഡ്വ. ഹോര്‍മിസ് എബ്രഹാം (മുന്‍ പബ്ലിക് പ്ലീഡര്‍) , ലിസി (അധ്യാപിക, ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലോര്‍) .
മൃതദേഹംവ്യാഴാഴ്ച 10 മുതല്‍ 12 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശന ത്തിന് വെയ്ക്കും. പിന്നീട് പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ശവസംസ്‌കാരം 3ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
1935 ല്‍ ചാലക്കുടി പേരാമ്പ്രയില്‍ കൃഷിക്കാരനായ നമ്പാടന്‍ വീട്ടില്‍ കുര്യപ്പന്റെയും പ്ലമേനയുടെയും മകനായി ജനിച്ചു. പേരാമ്പ്രയിലും കൊടകരയിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം രാമവര്‍മ്മപുരത്ത് നിന്ന് ടി.ടി.സി. പാസ്സായ ലോനപ്പന്‍ നമ്പാടന്‍ പിന്നീട് ശ്രീകൃഷ്ണ യു.പി.എസ്സില്‍ അധ്യാപകനായി. വിന്‍സെന്റ് ഡി പോള്‍ സംഘം ഉള്‍പ്പെടെയുള്ള സഭാവേദികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അവിഭക്ത തൃശ്ശൂര്‍ രൂപതയുടെ കീഴിലുള്ള പാസ്റ്ററല്‍ കൗണ്‍സിലിലും അംഗമായി.
വിമോചന സമരക്കാലത്താണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കോണ്‍ഗ്രസ്സ് അംഗമായ നമ്പാടന്‍ 1963 ല്‍ കൊടകര പഞ്ചായത്തംഗമായി. കോണ്‍ഗ്രസ്സിലെ പി.ടി. ചാക്കോ ഗ്രൂപ്പിനൊപ്പമായ നമ്പാടന്‍ പിന്നീട് അദ്ദേഹത്തിനൊപ്പം കേരള കോണ്‍ഗ്രസ്സിലെത്തി.
1965 ല്‍ കൊടകരിയില്‍ ആദ്യ നിയമസഭാ അങ്കത്തിനിറങ്ങിയ നമ്പാടന്‍ പരാജയപ്പെട്ടു. പക്ഷേ 77ല്‍ കൊടകരയില്‍ നിന്ന് അദ്ദേഹം ജയിച്ചു കയറി. 1980 ല്‍ അദ്ദേഹം വീണ്ടും അവിടെ നിന്നും നിയമസഭയിലെത്തി. ഇക്കുറി നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പുമന്ത്രിയായി. 82ല്‍ കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടിട്ടും നമ്പാടന്‍ അതിന് സന്നദ്ധമായില്ല.
നായനാര്‍ മന്ത്രിസഭ വീണതിനു പിന്നാലെ രൂപവത്കരിച്ച കരുണാകരന്‍ മന്ത്രിസഭയ്ക്ക് എതിരെ വോട്ടു ചെയ്ത നമ്പാടന്‍ തന്റെ വഴി ഏതെന്ന് തെളിയിച്ചു. 1982 മാര്‍ച്ച് 15 നായിരുന്നു ചരിത്ര പ്രസിദ്ധമായ നമ്പാടന്റെ എതിര്‍വോട്ട്. 1982 ല്‍ ഇടതുപക്ഷ പിന്തുണയോടെ ഇരിങ്ങാലക്കുടയില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തി. 1987 ല്‍ വിജയം തുടര്‍ന്ന ഇദ്ദേഹം നായനാര്‍ മന്ത്രിസഭയില്‍ ഭവന നിര്‍മ്മാണ വകുപ്പിന്റെ ചുമതലക്കാരാനായി. 91 ലും അദ്ദേഹം ഇരിങ്ങാലക്കുടയുടെ പ്രതിനിധിയായി. അടുത്ത തിരഞ്ഞെടുപ്പില്‍ കൊടകരയ്ക്ക് മാറിയ അദ്ദേഹം കെ.പി. വിശ്വനാഥനോട് പരാജയപ്പെട്ടു. മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച നമ്പാടന്‍ ചരിത്ര വിജയം നേടി.
രാഷ്ട്രീയത്തിനൊപ്പം കലാ പ്രവര്‍ത്തകനുമായിരുന്ന നമ്പാടന്‍ 25 ഓളം നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 'അശ്വത്ഥാമാവ്'ഉള്‍പ്പെടെ മൂന്നു സിനിമകളിലും 'നാരായണീയം' എന്ന ടെലിഫിലിമിലും അഭിനയിച്ചു.
അസുഖബാധിതനായതോടെ ചികിത്സയുടെ സൗകര്യത്തിനായി ഇടപ്പള്ളിയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയ നമ്പാടന്‍ എഴുനൂറിലധികം ഡയാലിസിസുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രോഗത്തിന്റെ നാളുകളില്‍ 'സഞ്ചരിക്കുന്ന വിശ്വാസി ' എന്ന ആത്മകഥയും 'നമ്പാടന്റെ നമ്പറുകള്‍' എന്ന പുസ്തകവും എഴുതി.
ഇടപ്പള്ളി ചങ്ങമ്പുഴ ഗ്രന്ഥശാലയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം പിന്നീട് ജന്മനാട്ടിലേക്ക് കൊണ്ടുപോയി. അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു മുന്നിലും ചാലക്കുടി ട്രങ്ക്‌റോഡ് ജങ്ഷനിലും പൊതുദര്‍ശനത്തിനു വെച്ചു.

Latest news

- -