LATEST NEWS » KERALA
  Jun 06, 2013
ലുലു മാള്‍ ഭൂമി കൈയേറിയിട്ടില്ല-സര്‍വേ റിപ്പോര്‍ട്ട്‌
കാക്കനാട്: ഇടപ്പള്ളിയിലെ തുകലന്‍ കുത്തിയ തോടിന്റെ പുറമ്പോക്ക്സ്ഥലം ലുലു മാള്‍ കൈയേറിയിട്ടില്ലെന്ന് റവന്യൂ, സര്‍വേ വകുപ്പുകളും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതരും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ട് ബുധനാഴ്ച വൈകീട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
ലുലു മാള്‍, തുകലന്‍ കുത്തിയ തോടിനോട് ചേര്‍ന്ന് ലുലു മാളിന്റെ ഭാഗം വരുന്ന സ്ഥലം, തോടിന് കുറുകെ നിര്‍മിച്ചിട്ടുള്ള പാലം സ്ഥിതിചെയ്യുന്ന സ്ഥലം, മെട്രോ സ്റ്റേഷനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം എന്നിവയാണ് ഡെപ്യൂട്ടി കളക്ടര്‍ (മെട്രോ റെയില്‍) കെ.പി. മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. ഹെഡ് സര്‍വേയര്‍, സര്‍വേയര്‍, തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍, ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സര്‍വേയുമായി ബന്ധപ്പെട്ട് നേരത്തെ സ്ഥാപിച്ചിട്ടുള്ള അതിര്‍ത്തിക്കല്ലുകള്‍ യഥാസ്ഥാനത്തുള്ളതായി പരിശോധനയില്‍ വ്യക്തമായി. ലുലു മാളിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ദേശീയപാതയോടും ഇടപ്പള്ളി തോടിനോടും ചേര്‍ന്നുവരുന്ന ഇടപ്പള്ളി നോര്‍ത്ത് വില്ലേജില്‍പ്പെട്ട സ്ഥലത്ത് കെ.എം.ആര്‍.എല്‍. സ്ഥാപിച്ചിട്ടുള്ള അലൈന്‍മെന്റ് സ്റ്റോണ്‍ യഥാര്‍ത്ഥ പോയിന്റില്‍ നിന്ന് 2.3 മീറ്റര്‍ അകത്തേക്ക് മാറി സ്ഥാപിച്ചതാണ് തെറ്റിദ്ധാരണക്കിടയാക്കിയത്. മെട്രോ റെയില്‍ സര്‍വേയറുടെ സാന്നിധ്യത്തില്‍ ഇത് പരിശോധിച്ച് യഥാര്‍ത്ഥ സ്ഥാനം വ്യക്തമാക്കിയതായും സര്‍വേ സംഘം അറിയിച്ചു.
ഇടപ്പള്ളി നോര്‍ത്ത്, തൃക്കാക്കര നോര്‍ത്ത് എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട് വരുന്ന ലുലു മാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സ്പാനുകള്‍ ഇരിക്കുന്ന പില്ലറുകള്‍ പുറമ്പോക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സര്‍വേയില്‍ വ്യക്തമായി.

Latest news