TOP STORIES TODAY
  Jun 06, 2013
പ്രതീക്ഷയുടെ പച്ചപ്പുമായി 'മാതൃഭൂമി സീഡ്' അഞ്ചാംവര്‍ഷത്തിലേക്ക്‌

തിരുവനന്തപുരം: പ്രകൃതിയെ വീണ്ടെടുക്കാനും പ്രതീക്ഷയുടെ പച്ചപ്പ് നിലനിര്‍ത്താനും 'മാതൃഭൂമി' തുടങ്ങിയ 'സീഡ്' പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അനുഗ്രഹാശിസ്സുകളുടെ നിറവ്.

സീഡ് പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര മാനവശേഷി വികസന മന്ത്രി ശശിതരൂര്‍ നിര്‍വഹിച്ചു. ഇപ്രാവശ്യത്തെ പരിസ്ഥിതിദിനത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് കുട്ടികള്‍ ദൃഢപ്രതിജ്ഞ എടുത്തു. ഇത് ചൊല്ലിക്കൊടുത്തത് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്.

പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളാണ് ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് നടത്തുന്ന 'മാതൃഭൂമി സീഡ്' പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് വേദിയായത്. വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് കേന്ദ്രമന്ത്രി ശശിതരൂരും വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥിനികളും പ്രകൃതിയുടെ മേലാപ്പിന് തടമൊരുക്കി. വിശക്കുന്നവരെ ഓര്‍ത്തുകൊണ്ടാകണം നാം ഭക്ഷണം കഴിക്കേണ്ടതെന്നും ആഹാരസാധനങ്ങള്‍ പാഴാക്കരുതെന്നും ഈ വര്‍ഷത്തെ പരിസ്ഥിതിദിനസന്ദേശമുള്‍ക്കൊണ്ട് ശശിതരൂര്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ വിശന്നുമരിച്ച കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും വികസനമുള്ള കേരളത്തില്‍പ്പോലും ഇത്തരം മരണം നടക്കുന്നു. ഭക്ഷണം പാഴാകുന്ന സ്ഥിതിയുള്ളപ്പോഴാണ് അനേകര്‍ വിശന്നുജീവിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. രാജ്യത്തിന് പച്ചക്കറികളും പഴങ്ങളും ഏറെയും ഉപയോഗിക്കാന്‍ കഴിയാതെ നശിച്ചുപോകുകയാണ്. ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ വന്‍കിട കോള്‍ഡ് സ്‌റ്റോറേജ് സംവിധാനങ്ങളുണ്ടാകണം. കല്യാണം, ഹോട്ടല്‍ തുടങ്ങി പലയിടങ്ങളിലും പാഴാക്കിക്കളയുന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്ക് കൂടി നല്‍കിയാല്‍ എത്ര നല്ലതാണ്. താനുള്‍പ്പെടുന്ന തലമുറ ശരിയായ പരിസ്ഥിതി അവബോധമുള്ളവരല്ല. ഈ ലോകം നമ്മുടേതല്ല, കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയണം -ശശിതരൂര്‍ പറഞ്ഞു.

ഭക്ഷണമെന്ന ഭാഗ്യംകിട്ടാതെ ആയിരങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് ഓരോരുത്തരും ഓര്‍ക്കണമെന്നും ഭക്ഷണം പാഴാക്കരുതെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. ഭക്ഷണം ലഭിക്കാത്ത അവസ്ഥ ആര്‍ക്കുമുണ്ടാകരുതെന്നും ഇതിനായി മനുഷ്യരാശിയുടെ കൂട്ടായ യത്‌നമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്കിണങ്ങുന്ന രീതിയില്‍ ജീവിതം മുന്നോട്ട് പോകണമെന്ന സന്ദേശവുമായാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിവിരുദ്ധമായ ജീവിതത്തിന്റെ ആപത് സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ 'സീഡി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു -അദ്ദേഹം പറഞ്ഞു.

നമ്മളില്‍ ഏഴുപേരിലൊരാള്‍ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നത് ഭക്ഷണം കിട്ടാതെ വിശന്നാണെന്ന് മുന്‍ വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. ഒരുകോടി മുപ്പതിനായിരം ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുമ്പോഴാണിത്. ശുദ്ധമായ വെള്ളവും വായുവും നല്‍കാത്ത വികസനം വികസനമല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ അധ്യക്ഷനായി. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍മാനേജര്‍ സി.പി. ശശിധരന്‍, പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ മഹേശ്വരന്‍നായര്‍, മാതൃഭൂമി തിരുവനന്തപുരം ബ്യൂറോചീഫ് ജി. ശേഖരന്‍ നായര്‍, പി.ടി.എ. പ്രസിഡന്റ് അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ശ്രീകുമാരി അമ്മ സ്വഗതം ആശംസിച്ചു. മാതൂഭൂമി റീജണല്‍ മാനേജര്‍ എന്‍.എസ്. വിനോദ് കുമാര്‍ നന്ദി പറഞ്ഞു.
Other News in this section
വിജയശേഖരന്‍മാഷിന് ഗുരുദക്ഷിണയായി പഠനവീട്‌
പാലക്കാട്: നാലുപതിറ്റാണ്ടായി സൗജന്യ ട്യൂഷന്‍ നല്‍കി കെ. വിജയശേഖരന്‍മാഷ് വാര്‍ത്തെടുത്തത് 300ല്പരം എന്‍ജിനിയര്‍മാരെ; അത്രത്തോളംതന്നെ മറ്റ് ഉന്നതോദ്യോഗസ്ഥരെയും. ഇവരാരും മാര്‍ഗദര്‍ശിയായ മാഷെ മറന്നില്ല. രണ്ടുവര്‍ഷംമുമ്പ് ഇവര്‍ ഒത്തുകൂടി, പട്ടഞ്ചേരിക്കാരനായ മാഷിന് തങ്ങളാല്‍ കഴിയുന്ന ഗുരുദക്ഷിണ നല്‍കാന്‍. അങ്ങനെ അവര്‍ നല്‍കിയ ഗുരുദക്ഷിണയാണ് പട്ടഞ്ചേരി ചേരിങ്കലില്‍ ..

Latest news

- -