LATEST NEWS » KERALA
  May 23, 2013
കോണ്‍ഗ്രസുകാരെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാകാര്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി.പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. എല്ലാ പ്രശ്‌നവും പരിഹരിച്ചിട്ടുണ്ട്. മറിച്ചുള്ള റിപ്പോര്‍ട്ടുകളെപ്പറ്റി പരസ്യവിവാദത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്‍റ്സ്ഥാനം മുഖ്യമന്ത്രി പദവിയെക്കാള്‍ വലുതാണെങ്കില്‍ ഉമ്മന്‍ചാണ്ടി പ്രസിഡന്‍റ് സ്ഥാനം സ്വീകരിക്കുകയാണ് വേണ്ടതെന്ന എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ അഭിപ്രായത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു: പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വരുന്ന ഏത് നിര്‍ദേശവും അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ കാര്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കും. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടത് പരസ്യമായി പറയേണ്ട കാര്യമല്ല.

മുഖ്യമന്ത്രിക്കും കെ.പി.സി.സി. പ്രസിഡന്‍റിനും ഇനി രണ്ടുവഴിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞതായി താന്‍ കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പരസ്യവിവാദം ഒഴിവാക്കേണ്ടതാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് എന്നും താത്പര്യമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് പറഞ്ഞിട്ടുള്ളതില്‍ തന്നെയാണ് നില്‍ക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പോ. ഉപമുഖ്യമന്ത്രി സ്ഥാനമോ നല്‍കില്ലെന്ന് താനാരോടും പറഞ്ഞിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


ഗണേഷിന്റെ മന്ത്രിസ്ഥാനം: രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല


കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധിയായി കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം ആരും രേഖാമൂലം ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ പ്രശ്‌നം യു.ഡി.എഫില്‍ എല്ലാവരുമായി ചര്‍ച്ചചെയ്യും. ധാര്‍മികതയുടെ പ്രശ്‌നമുണ്ടോ എന്ന കാര്യം യു.ഡി.എഫ്. നോതാക്കളുമായി ചര്‍ച്ചചെയ്യുന്നതിന് മുമ്പേ, ചര്‍ച്ച ചെയ്യുന്നയാള്‍ ആദ്യംതന്നെ അഭിപ്രായം പറയുന്നത് അനുചിതമാണ്. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest news