LATEST NEWS » KERALA
  May 23, 2013
എം.വി., ഇ.പി. ജയരാജന്മാരും ഐ.ജി.ക്കെതിരെ
തളിപ്പറമ്പ്/തലശ്ശേരി: സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനുപിന്നാലെ മറ്റു ജയരാജന്‍മാരും കണ്ണൂര്‍ റേഞ്ച് ഐ.ജി.ക്കെതിരെ രംഗത്ത്. പി.ജയരാജന്‍ ഉപയോഗിച്ച പദത്തെക്കാള്‍ കടുത്ത പദമുണ്ടെങ്കില്‍ ഉപയോഗിക്കേണ്ടിവന്നേക്കാമെന്നാണ് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ എം.എല്‍.എ. പറഞ്ഞത്. സി.പി.എമ്മിന്റെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം. പ്രവര്‍ത്തകരെ നാടുകടത്താന്‍ ഐ.ജി. ജോസ് ജോര്‍ജിന്റെ മുത്തച്ഛന്‍ വിചാരിച്ചാലും നടക്കില്ലെന്ന് സംസ്ഥാനസമിതി അംഗം എം.വി.ജയരാജന്‍ പറഞ്ഞു. തലശ്ശേരി താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസ് ചെയ്ത കുറ്റകൃത്യങ്ങള്‍ ആദ്യം ആലോചിക്കണമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. ജയരാജന്‍ ഉപയോഗിച്ച പദമല്ല, നിങ്ങള്‍ ചെയ്ത കുറ്റമാണ് വലിയ പ്രശ്‌നം. കോഴിക്കോട് മുഴുവന്‍ അറിയപ്പെടുന്ന നേതാവാണ് മോഹനന്‍ മാഷ്. ആ മോഹനന്‍ മാഷെ ചന്ദ്രശേഖരന്‍ വധക്കേസില്‍പ്പെടുത്തി അറസ്റ്റുചെയ്തു. എത്ര നീചമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. ഒരു തടിയനുണ്ട്. അത് ആരാണെന്ന് നിങ്ങള്‍ക്കറിയാം. എല്ലാ കാലവും ഇതുപോലെ ആയിരിക്കില്ല. സര്‍ സി.പി.യുടെ പ്രതിനിധിയാകാന്‍ തിരുവഞ്ചൂരും ഉമ്മന്‍ ചാണ്ടിയും മത്സരിക്കരുത്. ഇത് കേരളമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണാ, നിങ്ങള്‍ക്ക് സര്‍ സി.പി.യുടെഅനുഭവം ഉണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു -ജയരാജന്‍ പറഞ്ഞു. എം.കെ.ജോസഫ് അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു എം.എല്‍.എ., എം.കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിരമിച്ചശേഷം പുതിയ പദവി ലഭിക്കാനുള്ള വെപ്രാളത്തിലാണ് ഐ.ജി.യെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. അതാണ് നിയമവും ചട്ടവും നോക്കാതെയുള്ള നടപടി. സി.പി.എമ്മുകാര്‍ കണ്ണൂരിലാണ് ജനിച്ചതെങ്കില്‍ കണ്ണൂരില്‍ത്തന്നെ മരിക്കും. അധികം വന്നാല്‍ വെടിവെച്ചുകൊല്ലാന്‍ പറ്റുമായിരിക്കും. ജീവന്‍ പോയാലും നാടുകടത്തലിനെതിരെ നിലകൊള്ളും. തിരുവഞ്ചൂരും ഐ.ജി.യും ഉണ്ടെന്ന് കരുതി കമ്മ്യൂണിസ്റ്റുകാരെ മുഴുവന്‍ നാടുകടത്താനാവില്ല. ഒരി ഡസനിലേറെപ്പേര്‍ക്കെതിരെയാണ് കാപ്പ ആക്ട് പ്രയോഗിച്ചിട്ടുള്ളത്. കാപ്പ നിയമത്തോട് ജനം 'പോടാ പുല്ലേ' എന്ന് പറയും. സി.പി.എമ്മിനെതിരെ തോന്ന്യാസം ചെയ്യുമ്പോള്‍ അതിനെ ന്യായീകരിക്കാനെങ്കിലും ആവണ്ടേ. കക്കാന്‍ പഠിച്ചാല്‍ പോരാ, തൂങ്ങാനുമാവണ്ടേ. 31 മുതല്‍ ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും രാപകല്‍ സമരത്തിന് ആഹ്വാനംചെയ്തിരിക്കുകയാണ് -ജയരാജന്‍ പറഞ്ഞു. എ.വി.ബാലന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ്, എം.സുരേന്ദ്രന്‍, ടി.കൃഷ്ണന്‍, കെ.കെ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

ചൊവ്വാഴ്ച തളിപ്പറമ്പില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പി.ജയരാജനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജയരാജന്റെ പ്രസംഗം പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെയാകും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.

Latest news