TOP STORIES TODAY
  May 23, 2013
അഭിപ്രായവോട്ടെടുപ്പുകളില്‍ യു.പി.എ. ഏറെ പിന്നില്‍


ന്യൂഡല്‍ഹി: യു.പി.എ.ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി പ്രവചിക്കുന്ന അഭിപ്രായവോട്ടെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ വിശ്വാസ്യത ഇടിഞ്ഞതായും സര്‍ക്കാറിന്റെ നാലാംവാര്‍ഷികത്തില്‍ വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ വ്യത്യസ്ത സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി നഗരവോട്ടര്‍മാര്‍ യു.പി.എ.യെ കൈയൊഴിയുമെന്നാണ് പ്രവചനം. എന്നാല്‍, ഭരണമുന്നണിയുടെ തകര്‍ച്ച ഫലപ്രദമായി മുതലാക്കാന്‍ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി.ക്ക് കഴിയില്ലെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.

2014-ലെ തിരഞ്ഞെടുപ്പില്‍ യു.പി.എ.യുടെ സീറ്റുകള്‍ 95 ആയി കുറയുമെന്ന് ഹെഡ്‌ലൈന്‍സ് ടുഡെ-സി സര്‍വേ പ്രവചിക്കുന്നു. നിലവിലുള്ളതിനെക്കാള്‍ 27 എണ്ണം മാത്രമേ ബി.ജെ.പി.ക്ക് കിട്ടാനിടയുള്ളൂ. യു.പി.എ.ക്ക് നഷ്ടമാകുന്ന സീറ്റുകളില്‍ 68 എണ്ണമെങ്കിലും ചെറു പ്രാദേശികക്ഷികള്‍ നേടും.

ബി.ജെ.പി.യായിരിക്കും ഏറ്റവുംവലിയ ഒറ്റക്കക്ഷി. 137 സീറ്റാണ് ഹെഡ്‌ലൈന്‍സ് ടുഡെ-സി സര്‍വേ അവര്‍ക്ക് പ്രവചിക്കുന്നത്. രണ്ടാമത്തെ വലിയകക്ഷി കോണ്‍ഗ്രസ്സായിരിക്കും. 116 സീറ്റ്.

യു.പി.എ. സര്‍ക്കാറിന് ഇനിയൊരവസരംകൂടി നല്‍കേണ്ടതില്ലെന്ന അഭിപ്രായത്തിനാണ് സി.എന്‍.എന്‍.-ഐ.ബി.എന്‍. സര്‍വേയില്‍ മുന്‍തൂക്കം ലഭിച്ചത്. നഗരവോട്ടര്‍മാര്‍ക്കിടയലാണ് സര്‍വേ നടന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഗുരുതരമായ വിശ്വാസത്തകര്‍ച്ച നേരിടുകയാണെന്നും ഇവരുടെ സര്‍വേയില്‍ വ്യക്തമാകുന്നു. കടുത്ത തീരുമാനങ്ങള്‍ നിര്‍ഭയമായെടുക്കാന്‍ ശേഷിയില്ലാത്തയാളെന്ന പ്രതിച്ഛായയാണ് ഈയിടെയുണ്ടായ വിവാദങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനംപേരും പ്രധാനമന്ത്രി മാറണമെന്ന അഭിപ്രായക്കാരാണ്. വിലക്കയറ്റവും അഴിമതിയുമാണ് നഗരവോട്ടര്‍മാരെ സര്‍ക്കാറില്‍നിന്ന് അകറ്റിയത്.

ബി.ജെ.പി. നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനെന്ന് സി.എന്‍.എന്‍.-ഐ.ബി.എന്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. മോഡിയെ മുന്‍നിര്‍ത്തി മത്സരിച്ചാല്‍ എന്‍.ഡി.എ.ക്ക് 41 സീറ്റ് കൂടുതല്‍ കിട്ടുമെങ്കിലും അദ്ദേഹത്തിനെതിരായ വികാരം 23-ലധികം സീറ്റുകളില്‍ യു.പി.എ.ക്ക് ഗുണംചെയ്യുമെന്ന് ഹെഡ്‌ലൈന്‍സ് ടുഡെ-സി സര്‍വേ അഭിപ്രായപ്പെടുന്നു. ബിഹാറില്‍ മോഡിയെച്ചൊല്ലി എന്‍.ഡി.എ. സഖ്യം തകര്‍ന്നാല്‍ ബി.ജെ.പി.ക്ക് ഒറ്റയ്ക്ക് 18 സീറ്റ് കിട്ടും. അതേസമയം, ജനതാദള്‍-യുവിന് ഇപ്പോഴത്തെ സീറ്റിന്റെ പകുതി മാത്രമേ നേടാനാവൂ.

ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് , തെലുങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികളായിരിക്കും നേട്ടമുണ്ടാക്കുക. ഉത്തര്‍പ്രദേശില്‍ രാഹുലിന്റെ സ്വാധീനം കുറയുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. ഇപ്പോഴുള്ള 21 സീറ്റ് ഏഴാകും.

മഹാരാഷ്ട്രയില്‍ ബി.ജെ.പി.-ശിവസേനാ സഖ്യവും ബംഗാളില്‍ മമതയുടെ പാര്‍ട്ടിയും നേട്ടമുണ്ടാക്കും. തമിഴ്‌നാട്ടില്‍ ജയലളിതയുടെ പാര്‍ട്ടി സീറ്റുകള്‍ തൂത്തുവാരും എന്നാണ് ഹെഡ്‌ലൈന്‍സ് ടുഡെ-സി സര്‍വേ പ്രവചിക്കുന്നത്.


Other News in this section
ഇന്ത്യയുടെ മംഗള്‍യാന് ഗൂഗിളിന്റെ ഡൂഡില്‍
'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തി ഒരു മാസം തികയുമ്പോഴാണ് ഡൂഡിലിലൂടെ ഗൂഗിള്‍ അത് ആഘോഷിക്കുന്നത് ഒരുമാസം മുമ്പാണ് ഇന്ത്യയുടെ അഭിമാന പേടകമായ മംഗള്‍യാന്‍ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയത്. ആ വിജയമുഹൂര്‍ത്തത്തിന് ഒരുമാസം തികഞ്ഞത് ഡൂഡില്‍ കൊണ്ട് ആചരിക്കുകയാണ് ഗൂഗിള്‍. സാധാരണഗതിയില്‍ ..

Latest news