LATEST NEWS » INDIA
  May 23, 2013
പടക്കപ്പലില്‍ നിന്നുള്ള ബ്രഹ്മോസ് പരീക്ഷണം വിജയം
പനാജി:ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് നാവികസേനയുടെ പടക്കപ്പലായ ഐ.എന്‍.എസ്. തര്‍കാഷില്‍നിന്ന് വിജയകരമായി പരീക്ഷിച്ചു. ഗോവാ തീരത്ത് ബുധനാഴ്ച രാവിലെ 11-നായിരുന്നു പരീക്ഷണം.

റഷ്യന്‍നിര്‍മിത പടക്കപ്പലായ ഐ.എന്‍.എസ്. തര്‍കാഷില്‍നിന്ന് തൊടുത്ത മിസൈല്‍ വിജയകരമായി ലക്ഷ്യത്തില്‍ പതിച്ചെന്ന് ബ്രഹ്മോസ് എയ്‌റോ സ്‌പെയ്‌സ് മേധാവി എ. ശിവതാണു പിള്ള പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നാവികസേനയുടെ ഭാഗമായ പടക്കപ്പലാണ് ഐ.എന്‍.എസ്. തര്‍കാഷ്.

ബ്രഹ്മോസ്, നാവികസേനയുടെ ഭാഗമാക്കുന്നതിനുള്ള പരീക്ഷണമാണ് ബുധനാഴ്ച നടന്നത്. ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച ഈ മിസൈലിന് 300 കിലോ ഭാരമുള്ള ആയുധം വഹിക്കാന്‍ ശേഷിയുണ്ട്. ശബ്ദത്തേക്കാള്‍ 2.8 മടങ്ങാണ് വേഗം. 290 കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരശേഷി.

Latest news