LATEST NEWS » WORLD
  May 23, 2013
ബംഗ്ലാദേശിലെ കെട്ടിടദുരന്തം: കടുത്ത മനോവേദനയില്‍ രക്ഷാപ്രവര്‍ത്തകര്‍


സവര്‍ : ലോകത്തെ ഞെട്ടിച്ച കെട്ടിടദുരന്തം നടന്ന ബംഗ്ലാദേശിലെ സവറിലെ രക്ഷാപ്രവര്‍ത്തകരില്‍ മുന്‍നിരയിലുണ്ടായിരുന്നു മാമം എന്ന തയ്യല്‍ത്തൊഴിലാളി. ദുരന്തം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴും ഒരു സ്ത്രീയുടെ കൈ അറുത്തുമാറ്റേണ്ടിവന്നതിന്റെ ഞെട്ടലില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുകയാണ് ഈ ഇരുപത്തിരണ്ടുകാരന്‍. മാമം മാത്രമല്ല, ദിവസങ്ങള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കിയ പട്ടാളക്കാരുള്‍പ്പെടെ ഒരുപാട് പേരുണ്ട് തലസ്ഥാനമായ ധാക്കയിലും പരിസരങ്ങളിലും.

ഒമ്പത് നിലയുള്ള റാണ പ്ലാസ ഫാക്ടറി അപകടത്തില്‍ 1127 പേരാണ് മരിച്ചത്. ശവശരീരങ്ങള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ മൂന്നാഴ്ച വേണ്ടിവന്നു. 2438 പേരെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തിയത്. മരിച്ചവരില്‍ ഭൂരിഭാഗവും തയ്യല്‍ തൊഴിലാളികള്‍.

തനിക്ക് സ്ത്രീയുടെ കൈ വെട്ടിമാറ്റുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ കഴിയാത്ത തരത്തില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ അവരുടെ കൈ ഉടക്കിക്കിടക്കുകയായിരുന്നു. അവരുടെ നിര്‍ബന്ധപ്രകാരമാണ് പട്ടാളക്കാരുടെ വാള്‍ ഉപയോഗിച്ച് കൈവെട്ടിമാറ്റിയത്. ചുടുചോരയില്‍ കുതിര്‍ന്ന സ്വന്തം കൈ മനസ്സില്‍നിന്ന് മായുന്നില്ലെന്ന് മാമം പറയുന്നു. തൊട്ടടുത്ത മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും രക്ഷപ്പെട്ടവരുടെ അവയവങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്നതിന്റെ ഞെട്ടലിലാണ്.

രക്ഷാപ്രവര്‍ത്തനംമൂലമുണ്ടായ മനഃക്ലേശം കുറയ്ക്കാന്‍ മരുന്ന് കഴിക്കേണ്ടവന്ന ട്രെയിനി ഡോക്ടര്‍ സുസ്മിത നര്‍ഗീസുള്‍പ്പെടെ അറുപതോളം രക്ഷാപ്രവര്‍ത്തകരും ഡോക്ടര്‍മാരും ചികിത്സ തേടിയതായി ആസ്പത്രി അധികൃതര്‍ പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയിലെ ചെറിയ ദ്വാരത്തിലൂടെ കൈ പുറത്തിട്ട് യാചിച്ച ബാകുല്‍ എന്ന പെണ്‍കുട്ടിക്ക് മണിക്കൂറുകള്‍ കൂട്ടിരുന്നെങ്കില്‍ ജീവനോടെ പുറത്തെടുക്കാന്‍ കഴിയാത്തതില്‍ ഇപ്പോഴും സങ്കടപ്പെടുന്ന വീട്ടമ്മയും ഇവര്‍ക്കിടയിലുണ്ട്.

Latest news