LATEST NEWS » WORLD
  May 23, 2013
ഊര്‍ജപ്രതിസന്ധി: പാകിസ്താന് സഹായ വാഗ്ദാനവുമായി ചൈനാ പ്രധാനമന്ത്രി
ലീ കൂ ചിയാങ്ങിന്റെ പാക് സന്ദര്‍ശനം തുടങ്ങി


ഇസ്‌ലാമാബാദ്: പാകിസ്താനിലെ രൂക്ഷമായ ഊര്‍ജപ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ചൈനാ പ്രധാനമന്ത്രി ലീ കൂ ചിയാങ് പ്രഖ്യാപിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് പാകിസ്താനില്‍ എത്തിയതായിരുന്നു ചിയാങ്.

നിലവില്‍ ഇരുപത് മണിക്കൂറോളമാണ് പാകിസ്താനില്‍ വൈദ്യുതിനിയന്ത്രണം. വൈദ്യുതി ഉത്പാദന രംഗത്ത് പരസ്പരസഹകരണം വളര്‍ത്തി പ്രശ്‌നം പരിഹരിക്കാനാകുമെന്നും ലീ പറഞ്ഞു. മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം പാകിസ്താനിലെത്തിയത്.

ചൈനാ പ്രധാനമന്ത്രിക്കായി ബുധനാഴ്ച കനത്ത സുരക്ഷയാണ് ഇസ്‌ലാമാബാദില്‍ ഒരുക്കിയത്. പാകിസ്താന്റെ വ്യോമമേഖല മുതല്‍ ഇസ്‌ലാമാബാദിലെത്തുംവരെ ആറ് പോര്‍വിമാനങ്ങളാണ് ലീ കൂ ചിയാങ്ങിന്റെ വിമാനത്തെ അനുഗമിച്ചത്. സുരക്ഷയുടെ ഭാഗമായി മൊബൈല്‍ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. നിയുക്ത പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും കാണുന്നുണ്ട്. സാമ്പത്തിക, സാങ്കേതിക, ബഹിരാകാശ മേഖലകളില്‍ പാകിസ്താനുമായി ഒട്ടേറെ കരാറുകളിലും ലീ ഒപ്പുവെച്ചേക്കും. വ്യാഴാഴ്ച സെനറ്റിനെ അഭിസംബോധന ചെയ്യുന്ന ലീ കു ചിയാങ്ങിന് പാകിസ്താനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ പാകിസ്താനും സമ്മാനിക്കും.

Latest news