LATEST NEWS » KERALA
  May 23, 2013
പെന്‍ഷന്‍പ്രായം ഏകീകരിച്ച ഐസക്കിന്റെ നടപടിക്ക് വിമര്‍ശം
കെ.ആര്‍. പ്രഹ്ലാദന്‍
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഏകീകരിച്ച മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നടപടിക്ക് ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശം. ഇപ്പോഴത്തെ സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന നിലപാടിലേക്കുപോയത് അതിന്റെ ചുവടു പിടിച്ചാണ്. വടികൊടുത്ത് അടി വാങ്ങുകയായിരുന്നുവെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ഇക്കാര്യത്തില്‍ പ്രതിനിധികള്‍ വിമര്‍ശം ഉന്നയിച്ചതായി സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് പത്രസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. അന്നത്തെ സര്‍ക്കാറിന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ ഡി.വൈ.എഫ്. ഐ.ക്ക് ബാധ്യതയില്ല. വിരമിക്കല്‍പ്രായം ഏകീകരിച്ച നടപടിയെ അന്നുതന്നെ ഡി.വൈ.എഫ്.ഐ. എതിര്‍ത്തതാണ്. നടപടി ശരിയായില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. പെന്‍ഷന്‍പ്രായം ഏകീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഈ സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള ഇപ്പോഴത്തെ സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ. ശക്തമായ പ്രക്ഷോഭം തുടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.
പെന്‍ഷന്‍പ്രായം കൂട്ടുന്നതിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് തങ്ങള്‍ എല്ലാ യുവജന സംഘടനകളെയും ക്ഷണിച്ചിരുന്നെന്ന് രാജേഷും പ്രസിഡന്റ് എം. സ്വരാജും പറഞ്ഞു. പക്ഷേ, എ.വൈ.വൈ.എഫ്. സഹകരിച്ചില്ല. അവരുടെ നിലപാടുകള്‍ പലപ്പോഴും പ്രചാരണാത്മകമാണ്. യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താനുള്ള നീക്കങ്ങളില്‍ അവര്‍ക്ക് സഹകരണമില്ല.

എ.ഐ.വൈ.എഫിന്റെ സമ്മേളനത്തില്‍ തങ്ങളെ വിമര്‍ശിച്ചതിനെയും രാജേഷ് പരിഹസിച്ചു. ചിലരുടെ സമ്മേളനം വാര്‍ത്താപ്രാധാന്യം നേടണമെങ്കില്‍ ഡി.വൈ. എഫ്. ഐ.യെക്കുറിച്ച് പറയണമെന്ന് രാജേഷ് ചൂണ്ടിക്കാട്ടി.
അതിനിടെ പ്രതിനിധിസമ്മേളനത്തില്‍ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് എതിരെ വിമര്‍ശം ഉയര്‍ന്നു. ഡല്‍ഹി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സംഘടനയുടെ കേന്ദ്രനേതൃത്വത്തിന് വേണ്ടവിധം പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തലുണ്ടായി. യു.ഡി.എഫ്. സര്‍ക്കാറിന്റെ ദൗര്‍ബല്യങ്ങളും തെറ്റായ നയങ്ങളും മുന്‍നിര്‍ത്തി പോരാട്ടം വേണ്ടവിധം നടത്താന്‍ കേരളഘടകത്തിനും ആയില്ല. കണ്ണൂരില്‍നിന്നുള്ള പ്രതിനിധികളാണ് സംസ്ഥാനനേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശം നടത്തിയത്. കൊല്ലത്തുനിന്നുള്ള പ്രതിനിധികള്‍ എ.ഐ.വൈ.എഫിനെ പ്രശംസിച്ചു. പറഞ്ഞകാര്യങ്ങള്‍ കുറച്ചെങ്കിലും ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു. 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന മട്ടില്‍ അതിനെ കണ്ടാല്‍ മതി.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് പാര്‍ട്ടി പ്രതിരോധത്തിലായപ്പോള്‍ ഡി.വൈ.എഫ്.ഐ. നേതൃത്വം സഹായിക്കാന്‍ രംഗത്തുവന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഡി.വൈ.എഫ്.ഐ. കൊണ്ടുവന്ന പല പ്രചാരണപ്രവര്‍ത്തനങ്ങളും പിന്നീട് കാര്യമായി മുന്നോട്ട് കൊണ്ടുപോയില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. മദ്യാസക്തിക്കെതിരായ നീക്കമാണ് ഇതില്‍ ഒന്ന്. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ സംഘടന ഏറ്റെടുക്കണം. നഴ്‌സുമാര്‍, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യമാണ് പരാമര്‍ശിക്കപ്പെട്ടത്.

Latest news