LATEST NEWS » KERALA
  May 23, 2013
മുഖ്യമന്ത്രിക്കും തനിക്കും രണ്ടുവഴിയെന്ന് രമേശ്; അഭിമുഖം പിന്നീട് നിഷേധിച്ചു
തിരുവനന്തപുരം: 'ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴി; എനിക്ക് എന്റെയും' എന്ന രീതിയില്‍ വന്ന അഭിമുഖം കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല നിഷേധിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിലാണ് രമേശിന്റെ വിവാദ അഭിമുഖം വന്നത്.

പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം ഒരിക്കലും ഇനി പഴയപോലെയാകില്ല. ഇനി ഒരൊത്തുതീര്‍പ്പില്ല. താന്‍ മന്ത്രിയാകാന്‍ ആരുടെയും പിന്നാലെ നടന്നതല്ല. സര്‍ക്കാരിന് ഒരു തടസ്സവും ഇതുവരെയുണ്ടാക്കിയിട്ടില്ല. ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നത് എന്തുവില കൊടുത്തും തടയും. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം. ഹൈക്കമാന്‍ഡിന് പ്രശ്‌നത്തില്‍ ഇടപെടേണ്ടിവരും. അഭിമുഖത്തില്‍ രമേശ് അഭിപ്രായപ്പെട്ടതായാണ് വാര്‍ത്ത വന്നത്.

ഇത് വിവാദമായതോടെ രമേശ് വാര്‍ത്ത നിഷേധിച്ചു. താന്‍ ആര്‍ക്കും ഔദ്യോഗികമായി അഭിമുഖം നല്‍കുകയോ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വാര്‍ത്തയുടെ ഉള്ളടക്കം അദ്ദേഹം നിഷേധിച്ചില്ല.

രമേശ് അഭിമുഖത്തില്‍ ഇത്തരത്തില്‍ പറഞ്ഞതായി താന്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചു.

Latest news