LATEST NEWS » INDIA
  May 23, 2013
ആറു ശതമാനത്തിലധികം വളര്‍ച്ച നേടുമെന്ന് പ്രധാനമന്ത്രി
എന്‍. അശോകന്‍
*പ്രധാനമന്ത്രിക്ക് സോണിയയുടെ പിന്തുണ
*മുലായവും മായാവതിയും വിട്ടുനിന്നു
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷം ആറു ശതമാനത്തിലധികം വളര്‍ച്ചനേടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അവകാശപ്പെട്ടു. 12-ാം പദ്ധതിയില്‍ പ്രതീക്ഷിക്കുന്ന എട്ടുശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. യു.പി.എ. സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കുകയായിരുന്നു മന്‍മോഹന്‍.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, കൃഷിമന്ത്രി ശരദ്പവാര്‍ തുടങ്ങിയവരും യു.പി.എ.യിലെ ഘടകകക്ഷി നേതാക്കളും മന്ത്രിമാരും പങ്കെടുത്തു. എന്നാല്‍ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവ് മുലായം സിങ് യാദവും ബി.എസ്.പിയുടെ നേതാവ് മായാവതിയും വിട്ടുനിന്നു. എന്നാല്‍, ലോക്ജനശക്തി നേതാവ് രാംവിലാസ് പസ്വാനും ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവും ആഘോഷച്ചടങ്ങിനെത്തി.

സ്‌പെക്ട്രവും കല്‍ക്കരിയടക്കമുള്ള പ്രകൃതിവിഭവങ്ങളും ഇനി ഭരണപരമായ ഉത്തരവിലൂടെ വിതരണം ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അവ ഭാവിയില്‍ നല്‍കുന്നത് ലേലത്തിലൂടെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന വിതരണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കും. ഇവ വിതരണം ചെയ്യുന്നതിലെ സുതാര്യമല്ലാത്തരീതി അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് സര്‍ക്കാറിന്റെ വിജയമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഭരണം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണത്തിലെ വീഴ്ചകള്‍ സര്‍ക്കാറിലുള്ള വിശ്വാസ്യത ഇല്ലാതാക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കണം. വിവരാവകാശ നിയമം, ലോക്പാല്‍ ബില്‍, സംഭരണബില്‍, ഭൂമിയേറ്റെടുക്കല്‍ ബില്‍ തുടങ്ങിയവയെല്ലാംതന്നെ ഈ ലക്ഷ്യത്തിലേക്കുള്ള തുടക്കമാണ് - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് ചടങ്ങില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ഭക്ഷ്യസുരക്ഷാ ബില്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസ്സാക്കാന്‍ പാര്‍ലമെന്‍റിന്റെ പ്രത്യേക സമ്മേളനം വിളിക്കും. പ്രധാനമന്ത്രിക്കൊപ്പം ഉറച്ചുനില്‍ക്കുന്നതായും സോണിയ പറഞ്ഞു.
പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, മുസ്‌ലിം ലീഗ് നേതാവും വിദേശസഹമന്ത്രിയുമായ ഇ. അഹമ്മദ്, കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എന്നിവര്‍ പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കുമൊപ്പം വേദിയില്‍ ഇരുന്നു. ചടങ്ങിനുശേഷം ക്ഷണിക്കപ്പെട്ടവര്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു.

മന്ത്രിസഭാ പുനഃസംഘടന: പ്രധാനമന്ത്രിക്ക് മൗനം


ന്യൂഡല്‍ഹി: രണ്ടു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ ഒഴിവുണ്ടെന്ന് പറഞ്ഞെങ്കിലും മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി പ്രതികരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തയ്യാറായില്ല. യു.പി.എ. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയാരോപണത്തെ തുടര്‍ന്ന് റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലും സി.ബി.ഐ. റിപ്പോര്‍ട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട് അശ്വനികുമാറും ഈയിടെ രാജിവെച്ചിരുന്നു. അതിനുമുമ്പ് ഡി.എം.കെ.യുടെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും മന്ത്രിമാര്‍ യു.പി.എ. വിട്ടപ്പോഴുള്ള ഒഴിവുകളും നികത്താനുണ്ട്. ഇവര്‍ വഹിച്ചിരുന്ന പല വകുപ്പുകളും ഇപ്പോള്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കായി നല്‍കിയിരിക്കുകയാണ്.

Latest news

- -