LATEST NEWS » INDIA
  May 23, 2013
ഇറോം ശര്‍മിളയ്‌ക്കെതിരായ ആത്മഹത്യാശ്രമക്കേസ് ആഗസ്ത് 30-ലേക്ക് മാറ്റി
ന്യൂഡല്‍ഹി: മണിപ്പുരിലെ ഉരുക്കുവനിത ഇറോം ശര്‍മിള ചാനുവിനെതിരായ ആത്മഹത്യാശ്രമക്കേസ് ആഗസ്ത് 30-ലേക്ക് മാറ്റി.

ബുധനാഴ്ച കേസ് പരിഗണിക്കവെ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് ആകാഷ് ജെയിന്‍ ആണ് കേസ് മാറ്റിവെച്ചത്. നാല്‍പ്പതുകാരിയായ ശര്‍മിള കോടതിയിലെത്താവുന്ന ആരോഗ്യസ്ഥിതിയിലല്ലെന്ന വാദം പരിഗണിച്ചാണ് കേസ് മാറ്റിയത്. പ്രോസിക്യൂഷന്റെ തെളിവുകള്‍ 30ന് രേഖപ്പെടുത്തും.

മണിപ്പുരിലെ പ്രത്യേക സായുധസേനാധികാരനിയമം (അഫ്‌സല) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ടുവര്‍ഷമായി നിരാഹാരസമരത്തിലാണ് ഇറോം ശര്‍മിള. 2006 ഒക്ടോബര്‍ നാലിന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ മരണംവരെ നിരാഹാരസമരം സംഘടിപ്പിച്ചെന്നും വൈദ്യസഹായത്തിന് വിസമ്മതിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നുമാണ് കേസ്. കുറ്റം ചെയെ്തന്ന് തെളിഞ്ഞാല്‍ ഒരുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.

മാര്‍ച്ച് നാലിന് കേസ് വിചാരണയ്‌ക്കെടുത്തപ്പോള്‍ ഇറോം ശര്‍മിള കുറ്റം നിഷേധിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും നീതി ആവശ്യപ്പെട്ടാണ് സമരമെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. ഒരുവര്‍ഷത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്കൊടുവിലാണ് കേസില്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചത്.

Latest news