LATEST NEWS » INDIA
  May 23, 2013
ദത്തിനെ യര്‍വാദ ജയിലിലേക്ക് മാറ്റി
മുംബൈ: 1993-ലെ ബോംബ് സ്‌ഫോടന പരമ്പരക്കേസില്‍ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കുന്നതിനായി കോടതിയില്‍ കീഴടങ്ങിയ സിനിമ താരം സഞ്ജയ് ദത്തിനെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുണെയിലെ യര്‍വാദ ജയിലിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെയാണ് വന്‍ സുരക്ഷയോടെ നടനെ പുണെയിലേക്ക് കൊണ്ടുപോയത്. അണ്ഡാ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ദത്ത് തീര്‍ത്തും അസ്വസ്ഥനായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അണ്ഡാസെല്ലില്‍ നിന്ന് മാറ്റണമെന്ന് നടന്‍ കോടതിയോട് അപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് ആവശ്യം പിന്‍വലിച്ചിരുന്നു. കൊടും കുറ്റവാളികളെയാണ് അണ്ഡാസെല്ലില്‍ പാര്‍പ്പിക്കുന്നതെന്നും ആയുധം കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട തന്റെ കക്ഷിയെ മറ്റൊരു സെല്ലിലേക്ക് മാറ്റണമെന്നും അഭിഭാഷകന്‍ ബോധിപ്പിക്കുകയുണ്ടായി. മതിയായ വായു സഞ്ചാരമില്ലാത്ത സെല്‍ ശ്വാസം മുട്ടിക്കുന്നതായും ദത്ത് കോടതിയില്‍ പരാതിപ്പെട്ടിരുന്നു.

ദത്തിനെ മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പതിനഞ്ച് ദിവസം കൂടി ഇക്കാര്യത്തില്‍ വേണ്ടിവരുമെന്നും ജയില്‍ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മീര ബോര്‍വാന്‍കര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ മാറ്റിയത്. മാധ്യമ ശ്രദ്ധയില്‍ നിന്ന് ഒഴിവാക്കാനാണ് ദത്തിനെ പുലര്‍ച്ചെ പൂണെയിലേക്ക് കൊണ്ടു പോയത്. 1993 ഏപ്രിലില്‍ അറസ്റ്റിലായപ്പോള്‍ 18 മാസത്തോളം തടവില്‍ കിടന്നത് യര്‍വാദ ജയിലിലാണ്.

Latest news