LATEST NEWS » INDIA
  May 23, 2013
മാലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വപ്രവര്‍ത്തകര്‍ക്ക് കുറ്റപത്രം
മുംബൈ:2006-ലെ മാലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ.എ.) നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. രാജേന്ദ്രര്‍ ചൗധരി, ധന്‍സിങ്, മനോഹര്‍ നര്‍വാരിയ, ഒളിവിലുള്ള രാംജീ കല്‍സാംഗ്ര എന്നിവര്‍ക്കെതിരെയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. എന്നാല്‍, 2008-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ സ്വാധി പ്രജ്ഞാസിങ്, സ്വാമി അസീമാനന്ദ, കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരുടെ പേരുകള്‍ ഈ കുറ്റപത്രത്തിലില്ല.

കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട നാല് പ്രതികളും ആര്‍.എസ്.എസ് ബന്ധമുള്ളവരാണ്. 2006 സപ്തംബര്‍ എട്ടിന് നടന്ന സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 297 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള മാലേഗാവില്‍ പള്ളിക്ക് സമീപം രണ്ട് സൈക്കിളുകളിലായി വെച്ചിരുന്ന ബോംബുകളാണ് പൊട്ടിയത്. മരിച്ചവര്‍ വെള്ളിയാഴ്ച നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു. ഈ കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര ഭീകര വിരുദ്ധ ബ്യൂറോ സംഭവത്തില്‍ 'സിമി'യെ കുറ്റപ്പെടുത്തുകയും എട്ട് പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്ക് 2012 നവംബറില്‍ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചു . അഞ്ച് വര്‍ഷത്തോളം ഇവര്‍ ജയിലില്‍ കിടന്നിരുന്നു.

പ്രത്യേക ജഡ്ജി പൃഥ്വിരാജ് ചവാന്റെ കോടതിയിലാണ് ബുധനാഴ്ച എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്. കല്‍സാംഗ്ര, ധന്‍ സിങ്, ചൗധരി, അമിത് എന്നിവര്‍ ചേര്‍ന്ന് 2006 സപ്തംബര്‍ ഒന്നിന് മാലേഗാവിലെത്തി ബോംബ് വെക്കേണ്ട സ്ഥലം സുക്ഷ്മനിരീക്ഷണം നടത്തിയതായി അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

2008-ലും മാലേഗാവില്‍ സ്‌ഫോടനം ഉണ്ടായി. ഈ കേസില്‍ വലതുപക്ഷ ഹിന്ദു സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകരായ സ്വാമി അസീമാനന്ദ, സ്വാധി പ്രജ്ഞാസിങ്, മുന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. മാലേഗാവ് സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ സംഘടനകളാണെന്ന് അസീമാനന്ദ അന്വേഷണ ഏജന്‍സിക്ക് കുറ്റസമ്മതമൊഴി നല്‍കുകയുണ്ടായി.

Latest news