LATEST NEWS » INDIA
  May 23, 2013
സാമ്പത്തിക ക്രമക്കേട്: ഇന്ത്യന്‍ ബാങ്ക് മുന്‍ ചെയര്‍മാന് ഒരുവര്‍ഷം കഠിനതടവ്
ചെന്നൈ: മൂന്നുകോടി രൂപയുടെ സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ബാങ്ക് മുന്‍ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. ഗോപാലകൃഷ്ണനെയും സോണല്‍ മാനേജരായിരുന്ന എ.വി. ഷണ്‍മുഖ സുന്ദരത്തിനെയും സി.ബി.ഐ. കോടതി ഒരുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ചെന്നൈയിലെ അഖിലം കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് ഡയറക്ടറായിരുന്ന ധനസിങ്ങിനെ കോടതി രണ്ടുവര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. മൂന്നുപേരില്‍നിന്നും 4.5 ലക്ഷം രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. 18 വര്‍ഷം മുമ്പ് നടന്ന വഞ്ചനാക്കേസില്‍ ബുധനാഴ്ച ചെന്നൈയിലെ സി.ബി.ഐ. എട്ടാമത് പ്രിന്‍സിപ്പല്‍ സ്‌പെഷല്‍ ജഡ്ജി എസ്. മാലതിയാണ് അന്തിമവിധി പ്രഖ്യാപിച്ചത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ബിസിനസ് സംരംഭങ്ങള്‍ക്ക് വായ്പ അനുവദിച്ച് ബാങ്കിന് മൂന്നുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണ് ഗോപാലകൃഷ്ണനും ഷണ്‍മുഖത്തിനുമെതിരെയുള്ള കേസ്. 1996-ലാണ് സി.ബി.ഐ ആന്‍റികറപ്ഷന്‍ ബ്യൂറോ സംഭവത്തില്‍ കേസെടുക്കുന്നത്. അന്ന് ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഗോപാലകൃഷ്ണനെക്കൂടാതെ ബാങ്കിന്റെ സോണല്‍ മാനേജര്‍ എ.വി. ഷണ്‍മുഖസുന്ദരം, ആല്‍വാര്‍പേട്ട് ശാഖയിലെ ചീഫ് മാനേജര്‍ കെ. സുന്ദരമൂര്‍ത്തി, ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഖിലം കണ്‍സ്ട്രക്ഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ എസ്. ധനസിങ്, അലങ്കര്‍ ഫൗണ്ടേഷന്‍ പ്രൊപ്രൈറ്റര്‍ കെ. ആനന്ദന്‍പിള്ള എന്നിവരാണ് കേസിലുള്‍പ്പെട്ടിരുന്നത്. വിചാരണയ്ക്കിടയില്‍ സുന്ദരമൂര്‍ത്തിയും ആനന്ദന്‍പിള്ളയും മരിച്ചതിനാല്‍ ഇവര്‍ക്കെതിരെയുള്ള നടപടികള്‍ കോടതി പിന്‍വലിച്ചു.

അഖിലം ഫൗണ്ടേഷന് ബാങ്കിന്റെ നിയമാവലികള്‍ പാലിക്കാതെ 1993 മുതല്‍ 1995 വരെ കോടിക്കണക്കിന് രൂപ വായ്പനല്‍കുന്നതിന് ഗോപാലകൃഷ്ണനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സെക്യൂരിറ്റി ഒന്നും ഇല്ലാതെയാണ് അഖിലം ഫൗണ്ടേഷന് ബാങ്കില്‍നിന്നും വായ്പ അനുവദിച്ചിരുന്നത്. ചെന്നൈക്കടുത്ത മഹാബലിപുരത്ത് ഭൂമി വാങ്ങുന്നതിനായി അഞ്ചുകോടി രൂപയാണ് ഇവര്‍ വായ്പ ആവശ്യപ്പെട്ടത്. അപേക്ഷ, വായ്പ അനുവദിക്കുന്ന ക്രെഡിറ്റ് ഡിവിഷന് നല്‍കാതെ സുന്ദരമൂര്‍ത്തി റീജ്യണല്‍ ഓഫീസിലേക്ക് രഹസ്യമായി കൈമാറുകയാണുണ്ടായത്. സാധാരണഗതിയില്‍ വായ്പ അനുവദിക്കുന്നതിനുമുമ്പ് ഇത്തരം അപേക്ഷകളും അതിനൊപ്പം സമര്‍പ്പിക്കുന്ന രേഖകളും സോണല്‍ ഓഫീസ് മുഖാന്തരമാണ് റീജ്യണല്‍ ഓഫീസില്‍ എത്തേണ്ടത്.

അഖിലം ഫൗണ്ടേഷന് വായ്പ അനുവദിക്കണമെന്ന് ഷണ്‍മുഖസുന്ദരം ചെയര്‍മാന്‍ ഗോപാലകൃഷ്ണന് ശുപാര്‍ശക്കത്തും രഹസ്യമായി നല്‍കി. അപേക്ഷ സമര്‍പ്പിച്ച

1995 ആഗസ്ത് 28ന് തന്നെ അഖിലം ഫൗണ്ടേഷനുള്ള അഞ്ചുകോടി രൂപ വായ്പയും ഗോപാലകൃഷ്ണന്‍ അനുവദിച്ചു. ബാങ്കിലെ ക്രെഡിറ്റ് ഡിവിഷനില്‍നിന്നും റിപ്പോര്‍ട്ടു വരുന്നതിന് കാത്തുനില്‍ക്കാതെയാണ് ഗോപാലകൃഷ്ണന്‍ വായ്പ പാസാക്കിയത്. അഖിലം കണ്‍സ്ട്രക്ഷന്‍ മാനേജിങ് ഡയറക്ടര്‍ ധനസിങ് വായ്പാ തുക വകമാറ്റി മറ്റൊരു കടംതീര്‍ക്കാന്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂട്ടായ വഞ്ചനമൂലം ബാങ്കിന് 3.26 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ സംഭവത്തില്‍ ഗോപാലകൃഷ്ണനും മറ്റു ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതായും കോടതി നിരീക്ഷിച്ചു

Latest news

Ad