LATEST NEWS » KERALA
  May 23, 2013
കെഎസ്ആര്‍ടിസിയുടെ കാര്യം ബുദ്ധിമുട്ട്-ആര്യാടന്‍
തിരുവനന്തപുരം: കെ.എസ്.ഇ.ബി യെ രണ്ടുവര്‍ഷംകൊണ്ട് രക്ഷിക്കാനാവുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ കാര്യം ബുദ്ധിമുട്ടാണ്. അതിന് ഇതിലും കൂടുതല്‍ സമയം വേണം.

വൈദ്യുതി, ഗതാഗത വകുപ്പുകളുടെ രണ്ടുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മാസം 200 കോടിയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടം. എന്നാല്‍ നല്ലമഴ കിട്ടിയാല്‍ രക്ഷപ്പെടും. ജൂണ്‍വരെ ലോഡ്‌ഷെഡ്ഡിങ് ഇങ്ങനെ തുടരും. നല്ല മഴ കിട്ടിയാല്‍ അപ്പോള്‍ ലോഡ്‌ഷെഡ്ഡിങ് നിര്‍ത്തും. അടുത്തവര്‍ഷം ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. 2017 നകം 500 മെഗാവാട്ട് സൗരവൈദ്യുതി ഉത്പാദിപ്പിക്കും. കൊച്ചിന്‍ റിഫൈനറീസ് വികസനത്തോടൊപ്പം സ്ഥാപിക്കുന്ന പെറ്റ് കോക്ക് വൈദ്യുതനിലയം 2016 ല്‍ പ്രവര്‍ത്തനക്ഷമമാക്കാം. എന്നാല്‍ വൈദ്യുതിനിലയങ്ങള്‍ തീരെക്കുറവായ വടക്കന്‍കേരളത്തിലേക്ക് ഇത് മാറ്റാനായാല്‍ നന്നാവും.

രാമക്കല്‍മേട്ടില്‍ സ്ഥലം അനുവദിച്ചെങ്കിലും എന്‍.ടി.പി.സിക്ക് ഇനിയും കാറ്റാടി നിലയം സ്ഥാപിക്കാനായില്ല. അവര്‍ക്കുവേണ്ടെങ്കില്‍ ഇത് സ്വകാര്യ സംരംഭകര്‍ക്ക് കൊടുക്കും. കഞ്ചിക്കോട്ട് 22 മെഗാവാട്ടിന്റെ കാറ്റാടി പദ്ധതി ഇന്നോക്‌സ് റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് എന്ന സ്ഥാപനംവഴി നടപ്പാക്കും. വൈതരണിയില്‍ നഷ്ടപ്പെട്ട കല്‍ക്കരിപ്പാടങ്ങള്‍ വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചുട് കനത്തിട്ടും പ്രതീക്ഷിച്ചപോലെ വൈദ്യുതി ഉപഭോഗം കൂടാത്തത് ലാഭപ്രഭ പോലെ വൈദ്യുതി ലാഭിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയതുകൊണ്ടാണ്. കേടായ 12 ലക്ഷം വൈദ്യുതി മീറ്ററുകള്‍ മാറ്റിവെയ്ക്കും.

കെ.എസ്.ആര്‍.ടി.സിയുടെ ഒരു ദിവസത്തെ നഷ്ടം മൂന്നുകോടിയില്‍പ്പരം രൂപയാണ്. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ഫലം കണ്ടുതുടങ്ങി. ഇന്ധന ഉപഭോഗവും കുറഞ്ഞു. അഞ്ഞൂറ് ബസ്സുകള്‍ കൂടി വാങ്ങും. എല്ലാ ബസ്സുകളിലും ജി.പി.എസ് ഘടിപ്പിക്കും. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ വാങ്ങും. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ നിയന്ത്രണം കേന്ദ്രീകൃതമാക്കാനാവും. കമ്പ്യൂട്ടര്‍വത്കൃത വാഹന പരിശോധനാകേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest news