LATEST NEWS » KERALA
  May 23, 2013
ജനസമ്പര്‍ക്ക പരിപാടി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യു.എന്‍. അവാര്‍ഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നേതൃത്വം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിയെയും ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് അവാര്‍ഡിന് തിരഞ്ഞെടുത്തു.

ലോക രാഷ്ട്രങ്ങളില്‍ നടക്കുന്ന നൂതനമായ ജനക്ഷേമപരിപാടികളെ അഞ്ച് മേഖലകളാക്കി തിരിച്ചാണ് യു.എന്‍. ഈ അവാര്‍ഡ് നല്‍കുന്നത്. ഏഷ്യാ- പസഫിക് മേഖലയില്‍നിന്നാണ് മുഖ്യമന്ത്രി ഒന്നാം സ്ഥാനത്തെത്തിയതെന്ന് അവാര്‍ഡ് വിവരം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ച സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

ഒരു രാഷ്ട്രീയ നേതാവും നടത്താത്ത തികഞ്ഞ ജനാധിപത്യപരീക്ഷണം, സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്ന പരിപാടി, സുതാര്യത, ഇടനിലക്കാരില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരണാധികാരിക്ക് അറിയാനുള്ള അവസരം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

ജൂണ്‍ 27ന് ഖത്തറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മുഖ്യമന്ത്രി നേരിട്ട് പോയി അവാര്‍ഡ് സ്വീകരിക്കണമെന്നും മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ ബാണ്‍കിമൂണ്‍ അവാര്‍ഡ് സമ്മാനിക്കും.

ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തുവരുന്നവരെ പൊതുഭരണത്തിനായുള്ള വിദഗ്ദ്ധര്‍ അടങ്ങുന്ന ഏഴംഗസമിതി പരിശോധിച്ചാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.

ഏഷ്യാ പസഫിക്കില്‍ 50 രാജ്യങ്ങളാണുള്ളത്. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, സിംഗപ്പുര്‍, ചൈന, മലേഷ്യ എന്നീ രാഷ്ട്രങ്ങളെ പിന്തള്ളിയാണ് കേരളം ഈ അവാര്‍ഡ് നേടിയത്.

അഞ്ചുലക്ഷത്തോളം പരാതികള്‍ സ്വീകരിക്കുകയും 22.68 കോടി ധനസഹായമായി നല്‍കാനും കഴിഞ്ഞ സുതാര്യമായ ജനസമ്പര്‍ക്ക പരിപാടിയെന്ന് പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചതെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ മേഖലകളില്‍നിന്നും ഇറ്റലിയും സ്ലോവേനിയയും മിഡില്‍ ഈസ്റ്റില്‍നിന്ന് ഒമാനും ജോര്‍ജിയയും ആഫ്രിക്കയില്‍നിന്നും മൊറോക്കോയും അവാര്‍ഡ് നേടി.

Latest news