LATEST NEWS » KERALA
  May 23, 2013
കടല്‍ക്കൊല: എന്‍ഐഎ സംഘം നീണ്ടകരയിലെത്തി മൊഴിയെടുത്തു
കൊല്ലം: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സംഘം ബുധനാഴ്ച നീണ്ടകരയിലെത്തി. നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് സംഘം മൊഴിയെടുത്തു. എന്‍.ഐ.എ. കൊച്ചി എസ്.പി. രമേഷ് റെഡ്ഡി, ഡിവൈ.എസ്.പി. വിക്രമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റയും കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു.

കേസന്വേഷണം നടത്തിയ തീരദേശ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും വെടിവെപ്പിനിരയായ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളില്‍ നിന്നും അന്വേഷണത്തില്‍ പങ്കാളികളായ മറ്റുള്ളവരില്‍ നിന്നുമാണ് മൊഴിയെടുക്കുന്നത്. മൂന്ന് വിഭാഗത്തിലും കൂടി 16 പേരെയാണ് ബുധനാഴ്ച മൊഴിയെടുക്കാന്‍ വിളിച്ചത്. കോസ്റ്റല്‍ പോലീസ് സി.ഐ. ഹരിദാസ്, എസ്.ഐ. സോമരാജന്‍ എന്നിവരും മൊഴിയെടുപ്പിനുണ്ടായിരുന്നു. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ സെന്‍റ് ആന്‍റണി ബോട്ടില്‍നിന്ന് അന്വേഷണസമയത്ത് ലഭിച്ച തെളിവുകള്‍, ബോട്ട് അപകട സ്ഥലത്തുനിന്ന് കരയ്‌ക്കെത്തിച്ചതിന്റെ വിശദാംശങ്ങള്‍ എന്നിവ എന്‍.ഐ.എ. സംഘം ശേഖരിച്ചു.

കേസിലെ അന്വേഷണം എന്‍.ഐ.എ. പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക കോടതിയിലായിരിക്കും വിചാരണ നടക്കുക. കടല്‍ക്കൊലക്കേസില്‍ വിചാരണ നടത്താന്‍ കേരളത്തിന് അധികാരമില്ലെന്ന സൂപ്രീം കോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്‍. ഐ.എ.യെ അന്വേഷണം ഏല്പിച്ചത്. ഇതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നടത്തിയിരുന്ന കൊല്ലം സെഷന്‍സ് കോടതിയുടെ പക്കലുള്ള രേഖകളും തൊണ്ടി വസ്തുക്കളും എന്‍.ഐ.എ. യുടെ അപേക്ഷ പ്രകാരം കൈമാറി. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇതോടെ സെഷന്‍സ് കോടതിയില്‍ കടല്‍ക്കൊലക്കേസുമായിബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ നടപടികളും അവസാനിക്കുകയും ചെയ്തു.

Latest news