LATEST NEWS
  May 23, 2013
നിതാഖാത്: എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് നെട്ടോട്ടം
സിറാജ് കാസിം
നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനില്‍ക്കുന്നത് ആയിരക്കണക്കിന് മലയാളികള്‍


കോട്ടയ്ക്കല്‍: നിതാഖാത്തിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് സൗദിയില്‍ മലയാളികളടക്കമുള്ള പ്രവാസികളുടെ നെട്ടോട്ടം.

സൗദിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ചൊവ്വാഴ്ചമുതലാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങിയത്. 20000-ത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നു. ചൊവ്വാഴ്ചമുതല്‍ പ്രതിദിനം 500 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നത്.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് പ്രവാസികളായ മലയാളികളുടെ പരാതി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യക്കാരായതിനാല്‍ മലയാളികളെ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. ''രണ്ടാഴ്ച മുമ്പാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ കൊടുത്തത്. 587 ആയിരുന്നു ക്രമനമ്പര്‍. എന്നാല്‍ ഇപ്പോള്‍ പറയുന്നത് അപേക്ഷ കാണാനില്ലെന്നാണ്. പലര്‍ക്കും സമാനമായ അനുഭവമുണ്ട്. ആയിരക്കണക്കിന് പേരാണ് സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഇവിടെ കൂടിയിരിക്കുന്നത്. ഇതിനിടയില്‍ ഉത്തരേന്ത്യക്കാരായ ചിലരെ ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിക്കുന്നുമുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ഒരുവഴിയും കാണാതെ ഏറെ ദുരിതത്തിലാണ് മലയാളികള്‍.'' മലപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി ഖിളര്‍ പറഞ്ഞു.

ചൊവ്വാഴ്ചമുതല്‍ പ്രതിദിനം 500 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനായാല്‍ ജൂണ്‍ 30-നകം 1,70,000 പേര്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന് ഔട്ട്പാസ് ലഭിക്കും. ജിദ്ദയിലെ കോണ്‍സുലേറ്റിന് പുറമേ കോണ്‍സുലേറ്റ് പരിധിയിലുള്ള വിവിധപ്രദേശങ്ങളിലും ഔട്ട്പാസ് വിതരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിതാഖാത് നടപ്പാക്കാന്‍ അബ്ദുള്ള രാജാവ് നല്‍കിയിരിക്കുന്ന സമയപരിധി അവസാനിക്കുമ്പോഴേക്കും നിയമലംഘകരായ 20000-ത്തോളം പേരെ തിരിച്ചയയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ്.

തര്‍ഹീലിലും വന്‍തിരക്ക്


സൗദിയിലെ നാടുകടത്തല്‍ കേന്ദ്രമായ തര്‍ഹീലിലും മലയാളികളായ പ്രവാസികളുടെ വന്‍തിരക്ക്. ''പുലര്‍ച്ചെമുതല്‍ തര്‍ഹീലിന് മുന്നില്‍ കാത്തുനില്‍ക്കുകയാണ്. ഒന്നും നടക്കാതെ നിരാശരായി നീണ്ട നിരയില്‍തന്നെ കാത്തുനില്‍ക്കും. ഒരുപാട് ക്ഷീണം തോന്നുമ്പോള്‍ വഴിയരികിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മുഖം ഒളിപ്പിച്ച് കൊടുംവെയിലില്‍നിന്ന് രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തും...'' മലപ്പുറം വേങ്ങര സ്വദേശി ഇബ്രാഹിമിന്റെ വാക്കുകളില്‍ തര്‍ഹീലിന് മുന്നിലെ മുഴുവന്‍ മലയാളികളുടേയും വേദനകളുണ്ട്.

തര്‍ഹീലില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് നല്‍കുമെന്നാണ് നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ മറ്റു രാജ്യങ്ങളിലുള്ളവരും കൂടിയെത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇന്ത്യക്കാരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കനത്ത തിരക്കില്‍ ഫലമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. രാവിലെ പ്രത്യേക കൗണ്ടറില്‍ ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ നടത്തി. തിരക്ക് കൂടിയതോടെ ഇതും പ്രായോഗികമല്ലാതായി.

Latest news