LATEST NEWS » KERALA
  May 23, 2013
ലേലംചെയ്തത് 41.5 ടണ്‍ ചന്ദനം; സര്‍ക്കാരിന് കിട്ടിയത് 19 കോടി
മറയൂര്‍ (ഇടുക്കി):മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍റ കീഴില്‍ നടന്ന ചന്ദനലേലത്തില്‍ 41.5 ടണ്‍ ചന്ദ്രനം വിറ്റുപോയി. 63 ടണ്‍ ചന്ദനമാണ് ലേലത്തില്‍ വച്ചിരുന്നത്. കൂടാതെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ 10.6 ടണ്‍ ചന്ദനവും സ്വകാര്യവ്യക്തികളുടെ 500 കിലോ ചന്ദനവും ഉണ്ടായിരുന്നു. 2010ന് ശേഷം ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പോയത് ഈ വര്‍ഷമാണ്.

കഴിഞ്ഞവര്‍ഷം 53 ടണ്‍ ചന്ദനം ലേലത്തില്‍ വച്ചപ്പോള്‍ 26 ടണ്‍ ചന്ദനം മാത്രമേ ലേലത്തില്‍ പോയുള്ളൂ. 19,16,11,635 രൂപയുടെ വരുമാനമാണ് ചന്ദനലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കൂടാതെ വാറ്റ് നികുതിയായി 3 കോടി രൂപയും വരുമാനികുതിയിനത്തില്‍ 50 ലക്ഷവും ഫോറസ്റ്റ് ഡവലപ്‌മെന്‍റ് നികുതിയില്‍ ഒരു കോടി രൂപയും സര്‍ച്ചാര്‍ജ്ജും സര്‍ക്കാരിന് ലഭിക്കും.

18 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റ്, കര്‍ണാടക ഹാന്‍ഡിക്രാഫ്റ്റ്‌സ്, മമ്മിയൂര്‍ ദേവസ്വം, തിരുനെല്ലി ദേവസ്വം, കാടുമ്പുഴ ദേവസ്വം, കിടങ്ങൂര്‍ ദേവസ്വം തുടങ്ങിയവര്‍ ലേലത്തില്‍ പങ്കെടുത്തു. ലേലത്തില്‍ ഏറ്റുവും കൂടുതല്‍ ചന്ദനം പിടിച്ചത് കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റ് എന്ന കമ്പനിയാണ്. 33.5 ടണ്‍. 16 കോടിരൂപയ്ക്കാണ് ലേലം കൊണ്ടത്.

ക്ലാസ് 10 വിഭാഗത്തില്‍പ്പെട്ട ബഗ്‌റദാദ് ചന്ദനത്തിനാണ് വില കൂടുതല്‍ കിട്ടിയത്. കിലോയ്ക്ക് 6850 രൂപ. ശരാശരി 5700 രൂപ ഒരു കിലോ ചന്ദനത്തിന് ലഭിച്ചു. ഗുരുവായൂര്‍ ദേവസ്വം ലേലത്തില്‍ വച്ച 10.6 ടണ്‍ ചന്ദനം വിറ്റുപോയി. 4 കോടി 23 ലക്ഷം രൂപയ്ക്കാണ് പോയത്. ഏറ്റവും അകലെനിന്ന് ലേലത്തില്‍ പങ്കെടുത്തത് വാരാണസി ശ്രീകാശിമഠസമസ്ഥാന്‍ ക്ഷേത്രത്തില്‍ നിന്നാണ്. 274 കിലോ ചന്ദനമാണ് 5600 രൂപ കിലേക്ക് നല്‍കി അവര്‍ ലേലത്തില്‍ കൊണ്ടത്. ചില വിഭാഗത്തില്‍പ്പെടുന്ന ചന്ദനത്തിന് വാശിയേറിയ ലേലം നടന്നു.

ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ.ബന്നിച്ചന്‍ തോമസ്, അഡീഷണല്‍ സി.സി.എഫ്.ജൂഡിസ് പ്രസാദ്, ഡി.എഫ്.ഒ.മാരായ കെ.ജെ.ജസ്റ്റിന്‍ സ്റ്റാന്‍ലി, വി.കെ.ഫ്രാന്‍സിസ്, ജി.വിനോദ്കുമാര്‍ എന്നിവര്‍ ലേലത്തിന് നേതൃത്വം കൊടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ലേലം 3 മണിവരെ നീണ്ടു.

Latest news