LATEST NEWS » KERALA
  May 23, 2013
മെഡി. സീറ്റ്: വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ
കൊച്ചി: പട്ടികജാതി/വിഭാഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട മെഡിക്കല്‍ എന്‍ജിനീയറിങ് സീറ്റുകള്‍ മറ്റു വിഭാഗക്കാര്‍ക്ക് മറിച്ചുനല്‍കിയെന്ന പരാതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന പട്ടികജാതി, പട്ടിക വിഭാഗ കമ്മീഷന്റെ ഉത്തരവാണ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. കമ്മീഷന്റെ ഉത്തരവിനെതിരെ പ്രവേശനപരീക്ഷാ കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

പ്രവേശനപരീക്ഷാ കമ്മീഷണര്‍ 2005 മുതല്‍ നടത്തിയ അലോട്ട്‌മെന്‍റില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് കമ്മീഷന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വിഭാഗക്കാര്‍ക്ക് നിഷേധിക്കപ്പെട്ടതിന്റെ ഗുണഫലം കിട്ടിയതാര്‍ക്കെന്നും ആ കാലത്ത് കിര്‍ത്താര്‍ഡ്‌സില്‍ സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചുമതല വഹിച്ചത് ആരൊക്കെയാണെന്നും കണ്ടെത്താനും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. 2005 മുതല്‍ 2012 വരെ എത്ര സീറ്റുകളാണ് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നഷ്ടമായതെന്ന് കണ്ടെത്താനും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ഇത്തരം പരാതികള്‍ പരിഗണിക്കാനും ഇങ്ങനെയൊരു ഉത്തരവ് നല്‍കാനും കമ്മീഷന് നിയമം അധികാരം നല്‍കുന്നില്ലെന്ന് പ്രവേശനപരീക്ഷാ കമ്മീഷണര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചു.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃതം ലഭിക്കാവുന്ന സീറ്റെല്ലാം നല്‍കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. സീറ്റ് അലോട്ട്‌മെന്‍റില്‍ ക്രമക്കേട് നടന്നെന്ന പരാതി അടിസ്ഥാനരഹിതമാണ്. പട്ടിക വര്‍ഗത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ അവരുടെ സീറ്റ് പട്ടികജാതിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ബി.ഡി.എസ്സില്‍ ചേരാന്‍ സമ്മതം പ്രകടിപ്പിക്കാത്തതുകൊണ്ടുമാത്രം ചിലര്‍ക്ക് ആ കോഴ്‌സിന് സീറ്റ് നല്‍കാനായിട്ടില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Latest news