LATEST NEWS » KERALA
  May 23, 2013
വിമാനയാത്രയ്ക്കിടെ നെഞ്ചുവേദന; യാത്രക്കാരന്‍ മരിച്ചു
ദോഹ വിമാനം കൊച്ചിയിലിറക്കി
മരിച്ചത് അയര്‍ലന്‍ഡ് സ്വദേശി


നെടുമ്പാശ്ശേരി: മെല്‍ബണില്‍നിന്ന് ദോഹയിലേക്ക് പറന്ന വിമാനം യാത്രക്കാരന് നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്ന് അടിയന്തരമായി കൊച്ചിയില്‍ ഇറക്കി. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 031 വിമാനമാണ് ബുധനാഴ്ച രാവിലെ 6.15ന് കൊച്ചി വിമാനത്താവളത്തിലിറക്കിയത്. അയര്‍ലന്‍ഡ് സ്വദേശി മക്മറോ റെയ്മണ്ടിന് (68) ആണ് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ പൈലറ്റ് കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ടു.

പൈലറ്റിന്റെ അഭ്യര്‍ഥന പ്രകാരം വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി. വിമാനമിറങ്ങിയ ഉടന്‍ ഡോക്ടറും പാരാമെഡിക്കല്‍ സ്റ്റാഫും അടങ്ങിയ ആംബുലന്‍സില്‍ യാത്രക്കാരനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയിലേക്കു കൊണ്ടുപോയി. യാത്രയ്ക്കിടെ യാത്രക്കാരന്‍ മരിച്ചു.

അയര്‍ലന്‍ഡ് എംബസിയെ വിവരമറിയിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി എംബസിയുടെ നിര്‍ദേശപ്രകാരം മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യാത്രക്കാരനെ കൊച്ചിയില്‍ ഇറക്കിയശേഷം ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ദോഹയിലേക്ക് പോയി. എംബസി അധികൃതരോ, ബന്ധുക്കളോ എത്തിയശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടമെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.

Latest news