LATEST NEWS » KERALA
  May 23, 2013
വാതുവെപ്പ് ലക്ഷ്യമിട്ട് ശ്രീശാന്തിന്റെ കമ്പനി
കൊച്ചി: ശ്രീശാന്തിന്റെ ഉടമസ്ഥതയിലുള്ള എസ് 36 എന്ന കമ്പനി വാതുവെപ്പ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി രേഖകള്‍. കമ്പനി രൂപവത്കരണത്തിനുള്ള അടിസ്ഥാന രേഖകളിലൊന്നായ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലാണ് ഇന്ത്യയിലും വിദേശത്തും വാതുവെപ്പ് കേന്ദ്രങ്ങള്‍ തുടങ്ങുകയെന്നത് കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്നായി പറഞ്ഞിരിക്കുന്നത്.

ബംഗളുരുവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ ആദ്യ ഭാഗത്ത് എസ് 36-ന്റെ ലക്ഷ്യങ്ങളായി ഇങ്ങനെ പറയുന്നു: ''ഇന്ത്യയിലും വിദേശത്തും കോച്ചിങ് സെന്‍ററുകള്‍, ജിംനേഷ്യം, ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിറ്റ്‌നെസ് സെന്‍ററുകള്‍, വാതുവെപ്പ് കേന്ദ്രങ്ങള്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി സെന്‍ററുകള്‍, സ്‌പോര്‍ട്‌സ് ബാറുകള്‍ എന്നിവ നടത്തുക...'' ഇതോടെ വാതുവെപ്പ് കേന്ദ്രങ്ങളുമായി ശ്രീശാന്തിന് നേരത്തേതന്നെ ബന്ധമുണ്ടെന്ന സൂചനകള്‍ ശക്തമാകുകയാണ്. സുഹൃത്ത് ജിജു ബോധപൂര്‍വം വാതുവെപ്പില്‍ കുടുക്കുകയായിരുന്നുവെന്ന ശ്രീശാന്തിന്റെ വാദവും പൊളിയുന്നു.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പ്രകാരം 2010 സ്പതംബര്‍ 29-നാണ് എസ് 36 സ്‌പോര്‍ട്‌സ് ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് രൂപവത്കരിച്ചിരിക്കുന്നത്. ഇതിന്റെ 74 ശതമാനം ഓഹരികളും ശ്രീശാന്തിനാണ്. ബാക്കി ശ്രീശാന്തിന്റെ സ്‌കൂള്‍ കാലത്തെ കോച്ചുമാരിലൊരാളും എറണാകുളം ക്രിക്കറ്റ് ക്ലബ്ബിന്റെ മേധാവികളിലൊരാളുമായ പി. ശിവകുമാറിനായിരുന്നു. നിയമവിധേയമായ രാജ്യങ്ങളില്‍ വാതുവെപ്പിനായിരുന്നു പദ്ധതിയെന്ന് ശിവകുമാര്‍ പറയുന്നു. നിയമവിധേയമല്ലാത്ത ഒന്നും നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. കമ്പനിയുടെ മൂലധനം 40 ലക്ഷം മാത്രമായിരുന്നു. ഇതില്‍ 25 ലക്ഷവും ശ്രീശാന്തിന്റെ വായ്പയായിരുന്നു. കമ്പനിയുടെ പേരില്‍ ഇടപ്പള്ളിയില്‍ ഒരു കട മാത്രമേ തുടങ്ങാനായുള്ളൂ-ശിവകുമാര്‍ പറഞ്ഞു. സമാന സ്വഭാവമുള്ള മറ്റൊരു കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പകര്‍ത്തുകയായിരുന്നു തങ്ങളെന്നും അങ്ങനെയാണ് 'വാതുവെപ്പ് കേന്ദ്രങ്ങള്‍' എന്ന വാക്ക് അതില്‍ കടന്നുകൂടിയതെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. കഴിഞ്ഞവര്‍ഷം ആഗസ്ത് 20ന് ശിവകുമാര്‍ എസ് 36-ന്റെ ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു. ശ്രീശാന്തിന്റെ ഡല്‍ഹിയിലുള്ള സുഹൃത്തുക്കളായിരുന്നു മറ്റ് ഡയറക്ടര്‍മാര്‍. ഹൈദരാബാദ് ആസ്ഥാനമായാണ് ശ്രീശാന്തിന്റെ കമ്പനിയെന്നും അവിടെയുള്ള ഒരാളാണ് പാര്‍ട്ണറെന്നുമാണ് മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നത്. ശ്രീശാന്തിന്റെ പേരിന്റെ ആദ്യക്ഷരവും ഇന്ത്യന്‍ ടീമിലെ ജഴ്‌സി നമ്പരായ 36-ഉം ചേര്‍ത്താണ് കമ്പനിക്ക് പേരിട്ടത്. ഇതേ പേരില്‍ സംഗീത സംഘവും ശ്രീശാന്ത് തുടങ്ങിയിരുന്നു.

നിലവിലുള്ള നിയമപ്രകാരം ഇന്ത്യയില്‍ ചൂതാട്ടവും വാതുവെപ്പും ശിക്ഷാര്‍ഹമാണ്. എങ്കിലും ഇന്ത്യന്‍ വാതുവെപ്പ് മാര്‍ക്കറ്റിന്റെ ഒരു വര്‍ഷത്തെ മൂല്യം 3, 30,000 കോടിയാണ്.

Latest news