LATEST NEWS » KERALA
  May 23, 2013
പ്രതിസന്ധി മുന്നണിയിലേക്കും
രമേശ് പിന്മാറി; ഉഭയകക്ഷി ചര്‍ച്ചകള്‍ മാറ്റി


തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തെചൊല്ലി സംസ്ഥാന കോണ്‍ഗ്രസ്സിലുണ്ടായ കലഹം മുന്നണിയെയും ബാധിക്കുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനവുമായി വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ രമേശും ഐ. ഗ്രൂപ്പും ഉറച്ചുനില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന് ഘടകകക്ഷികളുമായി നിശ്ചയിച്ചിരുന്ന ഉഭയകക്ഷി ചര്‍ച്ച യു.ഡി.എഫ്. മാറ്റിവെച്ചു.
കഴിഞ്ഞ മുന്നണിയോഗത്തിലുണ്ടായ തീരുമാനപ്രകാരം ബുധനാഴ്ച ജെ.എസ്.എസ്സും സി.എം.പിയുമായുള്ള ചര്‍ച്ചയാണ് നടക്കേണ്ടിയിരുന്നത്. ഘടകകക്ഷികള്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു ചര്‍ച്ച. താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് രമേശ് മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചനെ അറിയിച്ചു. അദ്ദേഹം ഈ വിവരം മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച മാറ്റിവെച്ചത്. 30 നാണ് അടുത്ത യു.ഡി.എഫ്. യോഗം. ഇപ്പോഴത്തെ സ്ഥിതിയില്‍ 30നുള്ള യു.ഡി.എഫ്. യോഗം ചേരുമോ എന്ന കാര്യം വ്യക്തമല്ല. 30 ന് മുമ്പ് എല്ലാ പാര്‍ട്ടികളുമായും ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റേതും തനിക്ക് തന്റേതുമായ വഴികളാണെന്ന തരത്തില്‍ രമേശിന്റെ അഭിമുഖം ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്നിരുന്നു. താന്‍ ആര്‍ക്കും ഔദ്യോഗികമായി അഭിമുഖം നല്‍കിയില്ലെന്ന് പറഞ്ഞ രമേശ് എന്നാല്‍ ആ വാര്‍ത്തയുടെ ഉള്ളടക്കം നിഷേധിച്ചില്ല.
പ്രശ്‌നത്തില്‍ എ.കെ. ആന്റണിയെ ഇടപെടുവിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം തയ്യാറായിട്ടില്ല. രമേശിന് ആഭ്യന്തര വകുപ്പ് വേണമെന്ന് ഐ. ഗ്രൂപ്പും അത് വിട്ടുതരില്ലെന്ന് എ. ഗ്രൂപ്പും നിലപാട് എടുത്തതാണ് മന്ത്രിസഭാ പ്രവേശത്തിന് വിലങ്ങുതടിയായത്. ആഭ്യന്തര വകുപ്പിനെക്കുറിച്ചാണ് തര്‍ക്കമെന്നതാണ് ആന്റണിയെയും പിന്നാക്കം വലിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ ഭൂരിപക്ഷ സമുദായ നേതൃത്വത്തിന്റെ വിമര്‍ശം ചെറുക്കാന്‍ മുഖ്യമന്ത്രി സ്വന്തം നിലയ്ക്കാണ് ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയത്.
ആഭ്യന്തരം നല്‍കി രമേശിനെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്നായിരുന്നു അന്നും ആന്റണിയുടെ താത്പര്യം. എന്നാല്‍ ആ നിര്‍ദേശം അന്ന് നിരസിച്ചതിനാല്‍ തിരുവഞ്ചൂരിന്റെ പക്കല്‍നിന്ന് ആഭ്യന്തരം എടുക്കുന്നത് സംബന്ധിച്ച തീരുമാനത്തിലും താന്‍ പങ്കാളിയാകേണ്ടെന്ന നിലപാടാണ് ആന്റണി സ്വീകരിച്ചുപോരുന്നത്. സംസ്ഥാന കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ട്രി വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയശേഷം കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് കരുതുന്നു.
രണ്ട് ദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടിവരുമെന്നും പരസ്യമായ പ്രതികരണത്തിന് രമേശ് നിര്‍ബന്ധിതനാകുമെന്നും ഐ. ഗ്രൂപ്പ് നേതൃത്വം പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി മന്ത്രിസഭാപ്രവേശത്തെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിരുന്നില്ലെന്നും ഇപ്പോഴും മന്ത്രിസഭാ പ്രവേശത്തിന് തടസ്സമില്ലെന്നും എ. ഗ്രൂപ്പ് വ്യക്തമാക്കുന്നു. രമേശിന്റെ മന്ത്രിസഭാപ്രവേശം സംബന്ധിച്ച തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി ബുധനാഴ്ചയും വ്യക്തമാക്കി.
ഇതേസമയം രമേശ് ചെന്നിത്തലയെ മന്ത്രിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തങ്ങള്‍ നടത്തിയിരുന്നതായി എ. വിഭാഗം നേതാക്കളായ തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും സ്ഥിരീകരിച്ചു. കേരളയാത്രയ്ക്കിടയില്‍ തങ്ങള്‍ രമേശിനെ കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നു. രമേശുംകൂടി മന്ത്രിസഭയിലേക്ക് വന്നാല്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുമല്ലോയെന്ന് കരുതിയാണ് അത്തരം ആലോചനകള്‍ നടത്തിയതെന്ന് തമ്പാനൂര്‍ രവി പറഞ്ഞു. എന്നാല്‍ വകുപ്പ് സംബന്ധിച്ച് ചര്‍ച്ച നടന്നില്ല. അത് മുഖ്യമന്ത്രിയുടെ അധികാരത്തില്‍പ്പെടുന്ന കാര്യമാണല്ലോ -അദ്ദേഹം പറഞ്ഞു. രമേശിന്റെ മന്ത്രിസഭാ പ്രവേശത്തെക്കുറിച്ച് ചില ആശയവിനിമയം നടത്തിയിരുന്നതായി ബെന്നി ബഹനാനും പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദൂതുമായി വന്ന ഇവര്‍ രമേശ് മന്ത്രിസഭയിലേക്ക് വരണമെന്നും ആഭ്യന്തരവകുപ്പ് നല്‍കാമെന്ന് പറഞ്ഞിരുന്നതായും ഐ. ഗ്രൂപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ എ. ഗ്രൂപ്പും മുഖ്യമന്ത്രിയും രമേശിനെ അപമാനിച്ചുവെന്ന പരാതിയാണ് അവര്‍ക്കുള്ളത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ രമേശ് കെ.പി.സി.സി. പ്രസിഡന്റായി തുടരട്ടേയെന്ന നിലപാടാണ് എ. പക്ഷത്തിനുള്ളത്. തിരഞ്ഞെടുപ്പ് ഫലത്തില്‍ കഴിഞ്ഞപ്രാവശ്യത്തേക്കാള്‍ സീറ്റ് കുറഞ്ഞാല്‍ മുഖ്യമന്ത്രി മാത്രം ഉത്തരവാദിയാകേണ്ട കാര്യമില്ലെന്ന ചിന്തയാണ് ഇതിന് പിന്നില്‍. അങ്ങനെവന്നാല്‍ മുഖ്യമന്ത്രിയുടെ കസേരയ്ക്കായി മുറവിളി ഉയരുകയും അദ്ദേഹം സ്ഥാനം ഒഴിയേണ്ടിവരികയും ചെയ്യാം. ഈ സാഹചര്യമൊഴിവാക്കണമെന്ന താത്പര്യവും എ. ഗ്രൂപ്പിനുണ്ടെന്ന് വിലയിരുത്തുന്നു.
ബുധനാഴ്ച പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു. കെ.സി. ജോസഫ് രമേശിനെ കണ്ടു. കെ.വി. തോമസ് രമേശിനെയും ഉമ്മന്‍ ചാണ്ടിയെയും സന്ദര്‍ശിച്ചു. പി.പി. തങ്കച്ചന്‍ രമേശിനെ കണ്ടും ആലോചനകള്‍ നടത്തി. രമേശും ആര്യാടന്‍ മുഹമ്മദും തമ്മിലും ചര്‍ച്ച നടന്നു. എന്നാല്‍ ഈ ചര്‍ച്ചകളിലൊന്നും തന്നെ പ്രശ്‌നപരിഹാര നിര്‍ദേശങ്ങള്‍ ഉയര്‍ന്നില്ല.

ഏതാനും ദിവസങ്ങള്‍ക്കകം പരിഹാരം -അഹമ്മദ് പട്ടേല്‍


ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനയിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പരിഹരിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ്പട്ടേല്‍ പറഞ്ഞു.
രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ നാലാം വാര്‍ഷികം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങിനെത്തിയ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെച്ചൊല്ലി കേരളത്തിലുണ്ടായ അഭിപ്രായഭിന്നതകളെ സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മനസ്സിലാക്കിയാട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുണ്ടായിരിക്കുന്ന ഭിന്നതകള്‍ നിസ്സാരമാണെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Latest news

- -