NEWS PLUS
  May 22, 2013
ഉന്നതവിദ്യാഭ്യാസത്തിന് സ്വയം ഭരണം മാത്രം പോര
മുരളി തുമ്മാരുകുടി
കേരളത്തിലെ ചില കോളേജുകള്‍ക്ക് അക്കാദമിക് സ്വയംഭരണം നല്‍കാനുള്ള തീരുമാനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. അക്കാദമിക് സ്വയംഭരണം നല്‍കല്‍ കേരളത്തില്‍ പുതിയ പദ്ധതി ആണെങ്കിലും ആഗോള ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത് പുതിയതോ വിപ്ലവകരമോ ആയ ഒരു ആശയം ഒന്നുമല്ല. എ.ഡി. 13 ാം നൂറ്റാണ്ടില്‍ തന്നെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ ഓട്ടോണമസ് ആയ കോളേജുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലും വര്‍ഷങ്ങളായി പലയിടത്തും ഇതുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഇത് ഗുണകരവുമാണ്. പക്ഷെ പതിവുപോലെ അദ്ധ്യാപകരും മാനേജുമെന്റുമെല്ലാം ഇതിനെ കാണുന്നത് അക്കാദമിക് രംഗത്ത് ഇതെന്തു മാറ്റം ഉണ്ടാക്കും എന്ന വീക്ഷണത്തില്‍ നിന്നല്ല, മറിച്ച് അവരുടെ സ്വന്തം വര്‍ഗതാല്‍പര്യങ്ങളെ ഇതെങ്ങനെ ബാധിക്കും എന്ന ഇടുങ്ങിയ കാഴ്ചപ്പാടിലൂടെയാണ്.

നല്ലതാണെങ്കിലും ഓട്ടോണമസ് കോളേജ് ഒരു പഴയ ആശയം ആണെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ഉന്നത വീദ്യാഭ്യാസരംഗത്ത് പല പുത്തന്‍ ആശയങ്ങളും കടന്നു വന്നിട്ടുണ്ട്. ഇതിലൊന്ന് മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോര്‍സസ് (MOOC) എന്നത്. ഇത് ഒരു ഡിസ്‌റപ്റ്റീവ് ടെക്‌നോളജി ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് ഡിജിറ്റല്‍ ക്യാമറ ഫിലിം ക്യാമറയെ ഇല്ലാതാക്കിയപോലെ ഈ 'മൂക്കു'കള്‍ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നമ്മുടെ എല്ലാ ധാരണകളേയും സംവിധാനങ്ങളേയും മാറ്റിമറിക്കാം. സാമ്പത്തിക വ്യവസ്ഥയുടെ ആഗോളവല്‍ക്കരണം, ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍, വിദ്യാഭ്യാസത്തെ പറ്റിയുള്ള പുതിയ ചിന്തകള്‍ ഇവ മൂന്നും കൂട്ടിയിണക്കിയാണീ ഓണ്‍ലൈന്‍ വിദ്യാഭ്യാസവിപ്ലവം വന്നുചേര്‍ന്നിരിക്കുന്നത്. ലോകത്തെ മുന്‍നിരയിലുള്ള എല്ലാ യൂണിവേഴ്‌സിറ്റികളും ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരിശോധിച്ചും പരീക്ഷിച്ചും വരികയാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ആട്ടോണമസ് കോളേജെന്ന ഇന്നലത്തെ യുദ്ധത്തിനു സമയം കളയാതെ വിദ്യാഭ്യാസ രംഗത്തെ ആഗോളവല്‍ക്കരണവും ഓണ്‍ലൈന്‍ സാധ്യതകളും ഉള്‍പ്പെടുത്തിയുള്ള പുതിയ വിപ്ലവത്തില്‍ പങ്കാളിയാവാനാണ് ശ്രമിക്കേണ്ടത്.

എന്താണീ മൂക്ക് : ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റിയുള്ള പഠനാവസരം ഓണ്‍ലൈന്‍ വഴി ലോകത്തില്‍ ആര്‍ക്കും ലഭ്യമാക്കുന്ന പദ്ധതിക്കാണ് മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സസ് അഥവാ MOOC എന്നു പറയുന്നത്. ഉദാഹരണത്തിന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സമര്‍ത്ഥനായ ഒരു കണക്ക് അധ്യാപകന്‍ ഉണ്ടെന്നു കരുതുക. ഒരു വര്‍ഷം പരമാവധി അദ്ദേഹത്തിന് ഇരുന്നൂറോ മുന്നൂറോ വിദ്യാര്‍ത്ഥികളേയെ പഠിപ്പിക്കാന്‍ പറ്റൂ. എന്നാല്‍ അദ്ദേഹത്തിന്റെ ലക്ചര്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വഴിയോ സി.ഡി. വഴിയോ ലോകമെമ്പാടും വിതരണം ചെയ്താല്‍ എത്ര പേര്‍ക്ക് അത് പഠിക്കാം എന്നതിന് പരിധിയില്ലല്ലോ. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പരീക്ഷണത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് ലോകത്തിലെ പല രാജ്യങ്ങളില്‍നിന്നായി 1,60,000 ആളുകള്‍ ആണ് പഠിക്കാന്‍ തുടങ്ങിയത്. ഇതിപ്പോള്‍ വിപുലീകരിച്ച് ഉഡാസിറ്റി എന്ന പ്രസ്ഥാനമായി വളര്‍ന്നിരിക്കയാണ്. ഇപ്പോള്‍ 24 വിഷയങ്ങളിലാണ് അവിടെ അധ്യയനം നടക്കുന്നത്. കൂടുതല്‍ അറിയണം എന്നുള്ളവര്‍ ഇവിടെ നോക്കുക.

ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അനന്തസാധ്യതയാണ്. പ്രായ, ലിംഗ, രാജ്യ ഭേദമില്ലാതെ ആര്‍ക്കും കോഴ്‌സുകള്‍ പഠിക്കാം എന്നതാണ് ഒന്നാമത്തെ ഗുണം. ഹൈസ്‌കൂളില്‍ പഠിക്കുന്ന അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിക്ക് വേണമെങ്കില്‍ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ഒരു കൈ നോക്കാം. റിട്ടയര്‍ ചെയ്തിരിക്കുന്ന അമ്മൂമ്മക്ക് വയസുകാലത്ത് നിയമം പഠിച്ചുനോക്കാം. മരണത്തെപ്പറ്റി ഏറെ താല്പര്യമുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് യേല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഷെല്ലി കാഗാന്റെ മരണത്തെപ്പറ്റിയുള്ള കോഴ്‌സ് പഠിക്കാം.


വിഷയങ്ങള്‍ നമ്മുടെ സമയം അനുസരിച്ച് പഠിക്കാം എന്നതാണ് അടുത്ത സൗകര്യം. മിടുക്കുണ്ടെങ്കില്‍ ഒരു മാസം കൊണ്ടും സമയമില്ലെങ്കില്‍ രണ്ടുവര്‍ഷം കൊണ്ടും ഒരു വിഷയം പഠിച്ചെടുക്കാം. നമ്മുടെ കോളേജുകളിലെ കോഴ്‌സുകള്‍ ജയിലിലെ ഭക്ഷണം പോലെ ഫിക്‌സഡ് മെനു ആകുമ്പോള്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ബുഫെ പോലെയാണ്. ഇഷ്ടമുള്ളത് എടുത്ത് സമയം പോലെ പഠിക്കാം. ആവശ്യമില്ലാത്തത് പകുതിയില്‍ ഇട്ടേച്ചു പോകാം എന്നിങ്ങനെ.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പരിമിതികളില്ല എന്നല്ല. ഉദാഹരണത്തിന് 1,60,000 പേരെ പഠിപ്പിക്കുന്ന അധ്യാപകന് അവരുടെ സംശയങ്ങള്‍ മാറ്റിക്കൊടുക്കാന്‍ ഓണ്‍ലൈനില്‍ പോലും സമയം ഉണ്ടാകില്ല. പല സമയത്ത് പഠിക്കുന്നവരുടെ പരീക്ഷകള്‍ എങ്ങനെ നടത്തും? സൂപ്പര്‍ മാര്‍ക്കറ്റിലെപോലെ ചൈനീസും കോണ്‍ടിനെന്റലും ഇന്ത്യന്‍ ഭക്ഷണവും മിക്‌സ് ചെയ്തു കഴിച്ചിറങ്ങുന്നവര്‍ക്ക് ആര് എന്ത് ഡിഗ്രി കൊടുക്കും? ഇതെല്ലാം ഇനിയും പൂര്‍ണ്ണമായും സോള്‍വ് ചെയ്യപ്പെടാത്ത വിഷയങ്ങളാണ്.

വിദ്യാഭ്യാസം എന്നാല്‍ വിഷയങ്ങള്‍ പഠിക്കുക മാത്രമല്ലല്ലോ. സോഷ്യലൈസേഷനും ലൈഫ് സ്‌കില്‍ ബില്‍ഡിംഗും ഒക്കെക്കൂടി അല്ലെ. ഓണ്‍ ലൈന്‍ പഠിക്കുന്നവര്‍ ഇതെങ്ങനെ സാധിക്കും എന്ന നോണ്‍ അക്കാദമിക്ക് പ്രശ്‌നങ്ങള്‍ കൂടി ബാക്കിയുണ്ട്. ഏതാണെങ്കിലും ഈ രണ്ടു പ്രശ്‌നങ്ങളിലും പരിഹാരങ്ങള്‍ കണ്ടുപിടിക്കാനും ഓണ്‍ലൈന്‍ ലേണിങ്ങ് സര്‍വസാധാരണമാക്കാനും ഒരു പത്തു വര്‍ഷം കൂടി പിടിക്കും. അതുകൊണ്ടുതന്നെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണ്ണമായും കട്ടിംഗ് എഡ്ജ് ആയ 'മൂക്കി'ലേക്ക് പോകണമെന്നല്ല, മറിച്ച് ആഗോളവീദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളായി പ്രയോഗത്തിലിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ വിദ്യാഭ്യാസരീതിയില്‍ ഉള്‍പ്പെടുത്തണം എന്നതാണ് എന്റെ ആഗ്രഹവും നിര്‍ദ്ദേശവും.

അക്കാദമിക്ക് ക്രെഡിറ്റില്‍നിന്നും തുടങ്ങാം :
ഐ.ഐ.ടി. കാണ്‍പൂരില്‍ എത്തുന്നതുവരെ ഞാന്‍ അക്കാദമിക്ക് ക്രെഡിറ്റ് എന്ന പ്രയോഗം കേട്ടിട്ടേയില്ല. പരിചയം ഇല്ലാത്തവര്‍ക്കു വേണ്ടി പറയാം. സംഭവം ഇതാണ്. ഐ.ഐ.ടി.യില്‍ പഠിക്കുന്ന ഓരോ കോഴ്‌സിനും ഒരു വെയ്‌റ്റേജ് ഉണ്ട്. അതിനാണ് ക്രെഡിറ്റ് എന്നു പറയുന്നത്. ഇത് മൂന്നോ നാലോ അഞ്ചോ ആകാം. അക്കാദമിക് കൗണ്‍സില്‍ ആണ് സിലബസ് പരിശോധനക്കു ശേഷം ഈ ക്രെഡിറ്റ് നമ്പര്‍ തീരുമാനിക്കുന്നത്. പഠിക്കാന്‍ എളുപ്പമുള്ള ഒരു ഫിലോസഫി കോഴ്‌സിന്റെ ക്രെഡിറ്റ് മൂന്ന് ആകാം. കടുകട്ടിയായ ഒരു കണക്കിന്റെ കോഴ്‌സിന്റെ ക്രെഡിറ്റ് അഞ്ച് ആകാം. ശരാശരി കോഴ്‌സുകളുടെ ക്രെഡിറ്റ് നാല് ആകാം. ഒരു ഡിഗ്രി കിട്ടണമെങ്കില്‍ ഒരു വിദ്യാര്‍ത്ഥി എത്ര ക്രെഡിറ്റ് പാസായിരിക്കണം എന്നു നിബന്ധന ഉണ്ടായിരിക്കും, ബിരുദത്തിന് 200, ബിരുദാനന്തര ബിരുദത്തിന് 60 എന്നിങ്ങനെ. ഒരു സെമസ്റ്ററില്‍ എടുക്കാവുന്ന പരമാവധി ക്രെഡിറ്റിനും പരിധി ഉണ്ടാകും. സാധാരണ 24. ഇത് അഞ്ചു ക്രെഡിറ്റിന്റെ നാലു കോഴ്‌സും നാലിന്റെ ഒന്നും ആയിട്ടോ അഥവാ നാലു ക്രെഡിറ്റിന്റെ ആറു കോഴ്‌സായിട്ടോ മറ്റെന്തു കോമ്പിനേഷനിലോ ആകാം.

ക്രെഡിറ്റിന്റെ ഗുണം യഥാര്‍ത്ഥത്തില്‍ വരുന്നത് വിദ്യാഭ്യാസം ആഗോളവല്‍ക്കരിക്കപ്പെടുമ്പോഴാണ്. ഐ.ഐ.ടി.യില്‍ രണ്ടു വര്‍ഷം പഠിച്ച ഒരു വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ എം.ഐ.ടി.യില്‍ അഡ്മിഷന്‍ ലഭിച്ചു എന്നു കരുതുക. സാധാരണഗതിയില്‍ ആ വിദ്യാര്‍ത്ഥി അവിടെച്ചെന്ന് എല്ലാ വിഷയങ്ങളും ഒന്നു തൊട്ടു പഠിക്കണം. എന്നാല്‍ ഐ.ഐ.ടി.യിലെ കോഴ്‌സുകളും ക്രെഡിറ്റുകളും എം.ഐ.ടി.യില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നാട്ടില്‍ പഠിച്ച രണ്ടു വര്‍ഷം പാഴാകില്ല, രണ്ടാമതു പഠിച്ച് ബോറടിക്കുകയും വേണ്ട. ഇതൊക്കെ അസംഭവ്യമാണെന്നു പരിചയമില്ലാത്തവര്‍ക്കു തോന്നിയേക്കാം. പക്ഷെ അന്താരാഷ്ട്ര അക്കാദമിക്ക് രംഗത്ത് ഇത് പതിറ്റാണ്ടുകളായി നാട്ടുനടപ്പാണ്. യൂറോപ്പിലെ എല്ലാ യൂണിവേഴ്‌സിറ്റികളും തമ്മില്‍ യൂറോപ്യന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ അറേഞ്ച്‌മെന്റ് ഉണ്ട്. യൂണിവേഴ്‌സിറ്റികളുടെ നിലവാരം അനുസരിച്ച് പലപ്പോഴും ക്രെഡിറ്റുകള്‍ ഒന്നിന് ഒന്ന് എന്ന രീതിയില്‍ അംഗീകരിച്ചു എന്നു വരികയില്ല. പക്ഷെ അടിസ്ഥാനതത്വങ്ങള്‍ അംഗീകരിക്കുകയും ക്രെഡിറ്റ് ഇവാല്യുവേറ്റ് ചെയ്യാന്‍ ഒരു സംവിധാനം ഉണ്ടാകുകയും ചെയ്താല്‍ എളുപ്പത്തില്‍ നടപ്പാക്കാവുന്ന സംവിധാനം ആണിത്. ഇന്ത്യയില്‍ ആയിരത്തോളം യൂണിവേഴ്‌സിറ്റികള്‍ ഉണ്ട്. ഇവ തമ്മില്‍ ബന്ധിപ്പിച്ച് ഒരു ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം എന്നേ ഉണ്ടാക്കേണ്ടതാണ്. എഞ്ചിനിയറിംഗ് വിദ്യാഭ്യാസകാലത്ത് ഓരോ വിദ്യാര്‍ത്ഥിയും ഒരു സെമസ്റ്റര്‍ എങ്കിലും മറ്റൊരു സ്‌റ്റേറ്റില്‍നിന്ന് ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചാല്‍ ദേശീയോദ്ഗ്രഥനത്തിനുണ്ടാകുന്ന വിലയെന്താണ്?

കോറും ഇലക്ടീവും:
കേരളത്തിലെ എന്‍ജിനിയറിങ്ങ് കോളേജുകളില്‍ ഏതാണ്ട് 50 കോഴ്‌സുകളാണ് ഒരു വിദ്യാര്‍ത്ഥി പഠിച്ചു പാസാകേണ്ടത്. ഇതില്‍ വെറും രണ്ടു കോഴ്‌സുകള്‍ക്കാണ് കുട്ടികള്‍ക്ക് പണ്ട് ചോയ്‌സ് ഉണ്ടായിരുന്നത്. ഏഴും എട്ടും സെമസ്റ്ററുകളില്‍ ഒന്നു വീതം. പക്ഷെ ഇന്ത്യയില്‍ ഐ.ഐ.ടി.കളില്‍ത്തന്നെ പത്തു മുതല്‍ മുപ്പതു ശതമാനം വരെ ഇലക്ടീവുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് സിവില്‍ എന്‍ജിനിയറിങ്ങിനു ചേരുന്ന വിദ്യാര്‍ത്ഥി നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍ (കോര്‍ സബ്ജക്ട്‌സ്) മൂന്നില്‍ രണ്ടു ഭാഗവും കുട്ടിയുടെ അഭിരുചി അനുസരിച്ച് പഠിക്കാവുന്നവ മറ്റു മൂന്നിലൊന്നും ആണ്. കേരളത്തിലെ ഇലക്ടീവ് കോഴ്‌സുകളും എന്‍ജിനിയറിങ്ങ് ആയി ബന്ധപ്പെട്ടതാണ്. പക്ഷെ ലോകത്ത് മറ്റു ഭാഗങ്ങളില്‍ കുട്ടികള്‍ക്ക് കോര്‍ സബ്!ജക്ട് കഴിഞ്ഞാല്‍ എന്തും തന്നെ എടുക്കാം. ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങ് പഠിക്കുന്നവര്‍ക്ക് ഫ്രഞ്ച് സാഹിത്യമോ സിവില്‍ എന്‍ജിനിയര്‍ക്ക് ലിംഗ്വിസ്റ്റിക്‌സോ ഒക്കെ. ഇലക്ടീവുകള്‍ ഒന്നാം സെമസ്റ്ററില്‍ തന്നെ തുടങ്ങുന്നു. ഒരു വിഷയം പഠിക്കാന്‍ വരുന്ന കുട്ടി ഇലക്ടീവുകളിലൂടെ മറ്റു വിഷയങ്ങള്‍ പരിചയപ്പെട്ട് വേറെ ഒരു കോഴ്‌സില്‍ ഡിഗ്രിയെടുത്ത് പുറത്തുവരുന്നത് കേരളത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റില്ലെങ്കിലും യൂറോപ്പിലും അമേരിക്കയിലും സര്‍വസാധാരണമാണ്.

കേരളത്തില്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കി എന്നു കരുതുക. അതേ സമയംതന്നെ കേരളത്തിലെ എഞ്ചിനിയറിങ്ങും ആര്‍ട്‌സ് കോളേജുകളിലും ക്രെഡിറ്റ് സിസ്റ്റവും കൊണ്ടുവരിക. എന്നിട്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്‌സ് കോളേജിലും ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനിയറിങ്ങ് കോളേജിലും ഇലക്ടീവ് ചെയ്യാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും നല്കുക. ഇതു നമ്മുടെ അക്കാദമിക്ക് നിലവാരം ഉയര്‍ത്തും. സാംസ്‌ക്കാരിക രംഗത്ത് നമ്മള്‍ ചിന്തിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും.

ക്രെഡിറ്റും ഇലക്ടീവും സര്‍വസാധാരണമായാല്‍ നമുക്ക് 'മൂക്കി'ലേക്ക് ഒരു പാലം ഇപ്പോഴേ ഇടാം. ഓരോ വിദ്യാര്‍ത്ഥിയും 5 ശതമാനം കോഴ്‌സുകളെങ്കിലും 'മൂക്ക്' വഴി പഠിച്ചിരിക്കണം എന്നു നിഷ്‌ക്കര്‍ഷിച്ചാല്‍ ഈ പുതിയ സമ്പ്രദായത്തെപ്പറ്റി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അറിവും താല്പര്യവും പരിചയവും ഉണ്ടാകും. പില്‍ക്കാലത്തു വരാവുന്ന അക്കാദമിക് വിപ്ലവത്തിലേക്ക് നമ്മുടെ യൂണിവേഴ്‌സിറ്റികളേയും ഇന്ത്യക്കു പുറത്തെ അക്കാദമിക്ക് രീതികളെപ്പറ്റി നമ്മുടെ വിദ്യാര്‍ത്ഥികളേയും ഇതു പരിചയപ്പെടുത്തും.

ക്ലാസ്സുകളിലെ ഡൈവേഴ്‌സിറ്റി:
വിദ്യാഭ്യാസം എന്നത് നോളജ് അക്വിസിഷനും സ്‌കില്‍ ബില്‍ഡിംഗും മാത്രമല്ല എന്ന് ആദ്യമേ പറഞ്ഞല്ലോ. ഇതു സോഷ്യലൈസേഷന്റെ സമയം കൂടിയാണ്. അതുകൊണ്ടുതന്നെ ലോകത്തെ നല്ല യൂണിവേഴ്‌സിറ്റികള്‍ എല്ലാം കോഴ്‌സുകളിലെ ഡൈവേഴ്‌സിറ്റി പോലെ ക്ലാസ് റൂമിലെ (കാമ്പസിലെ) ഡൈവേഴ്‌സിറ്റിക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. കേരളത്തിലെ കാമ്പസുകളില്‍ പക്ഷെ ഈ വൈവിധ്യം തീരെ കുറവാണ്. പണ്ട് കേരളത്തില്‍ അഞ്ച് എഞ്ചിനിയറിങ്ങ് കോളേജുകള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ചുരുങ്ങിയത് പന്ത്രണ്ടു ജില്ലകളില്‍നിന്നും ഉള്ളവര്‍ തമ്മിലെങ്കിലും അല്പം മിക്‌സിങ്ങ് ഉണ്ടായിരുന്നു. പക്ഷെ മുക്കിനു മുക്കിന് എഞ്ചിനിയറിങ്ങ് കോളേജുകള്‍, അതും ജാതിയുടേയും മതത്തിന്റേയും ഒക്കെ പേരില്‍, വരുമ്പോള്‍ കാമ്പസില്‍ വരുന്നവരുടെ വൈജാത്യങ്ങള്‍ പ്രാദേശികവും സാമ്പ്രദായികവും സാമ്പത്തികവും ഒക്കെ ചുരുങ്ങുകയാണ്.

കാമ്പസുകളിലെ ഡൈവേഴ്‌സിറ്റി നിര്ബന്ധമാക്കേണ്ട കാലം കഴിഞ്ഞു. കേരളത്തിലെ ഓരോ കോളേജുകളിലും പത്തു ശതമാനം സീറ്റിലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും പിന്നെ പത്തു ശതമാനം ഇന്ത്യക്കു പുറത്തുനിന്നുള്ള മറ്റു രാജ്യക്കാരും വരണമെന്നുള്ളതാകണം നമ്മുടെ ലക്ഷ്യം. കേരളത്തിലെ (എഞ്ചിനിയറിങ്ങ്) വിദ്യാഭ്യാസത്തിന് പല മെച്ചങ്ങളുണ്ട്. ഒന്നാമത് സെക്കുലര്‍ ആയ സംസ്ഥാനം, സമാധാനപരം, ചെലവ് തീരെ കുറവ് (മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്) എന്നിങ്ങനെ. ആഫ്രിക്കയിലും ഏഷ്യയിലും മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഉള്ളവര്‍ക്ക് അവരുടെ കുട്ടികളെ കേരളത്തില്‍ വിടാന്‍ താല്‍പര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങോട്ടു വിടാന്‍ ഗവണ്മെന്റിനും താല്‍പര്യമുണ്ടാകും, കാരണം കുട്ടികള്‍ വികസിത രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുമ്പോള്‍ വിദേശനാണ്യം ഏറെ ചെലവാകുന്നു. പക്ഷെ പഠിച്ചു കഴിഞ്ഞ് ഭൂരിഭാഗവും ജോലി കിട്ടി അവിടെത്തന്നെ താമസവും ആകുന്നു. അങ്ങനെ ബ്രെയിന്‍ ഡ്രെയിന്‍ കൂടുന്നു. പക്ഷെ വികസ്വര രാജ്യത്തേക്ക് അയക്കുമ്പോള്‍ ചിലവും കുറവ്, തിരിച്ചു വരാനുള്ള സാധ്യത കൂടുതലും.

ഇന്ത്യ ഗവണ്മെന്റിന്റെ സഹായത്തോടെ കേരളത്തിലെ എന്‍ജിനിയറിങ്ങ് കോളേജുകള്‍ ആസൂത്രിതവും സംഘടിതവും ആയി ശ്രമിച്ചാല്‍ ഒരു വര്‍ഷം പതിനായിരം കുട്ടികളെ പഠനത്തിനു മാത്രമായി മൂന്നാം ലോകരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ എത്തിക്കാന്‍ പറ്റുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. അതു പോലെതന്നെ മറ്റു ലോകരാജ്യങ്ങളുമായി ഒരു ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം ഉണ്ടാക്കിയാല്‍ വികസിത രാജ്യങ്ങളില്‍ നിന്നും ഒരു സെമസ്റ്റര്‍ എങ്കിലും ഇവിടെ ചെലവാക്കാന്‍ വര്‍ഷം ആയിരം പേരെ കിട്ടും. കേരളത്തില്‍ ഇപ്പോള്‍തന്നെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം മറുനാട്ടുകാരാണ്. പക്ഷെ മലയാളിസമൂഹം അവരെ ഒറ്റപ്പെടുത്തി 'ഗെട്ടോ'കളില്‍ ആക്കി മാറ്റി നിര്‍ത്തിയിരിക്കുന്നതിനാല്‍ സാമ്പത്തികമായല്ലാതെ സാംസ്‌ക്കാരികമായി ഒരു ഗുണവും കേരളത്തിന് ഉണ്ടാകുന്നില്ല. എന്നാല്‍ ആയിരക്കണക്കിന് മിടുക്കരായ മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ കാമ്പസുകളില്‍ എത്തിയാല്‍ അതിന്റെ ഗുണപരമായ മാറ്റം കാമ്പസിനും പുറത്തും ഉണ്ടാകും.

വേണം പുറത്തുനിന്നുള്ള അധ്യാപകരും:
നൂറ്റാണ്ടുകളും തലമുറകളും ആയി മലയാളികള്‍ കേരളത്തിനും ഇന്ത്യക്കും പുറത്ത് ജോലിചെയ്യുകയാണ്. പക്ഷെ കേരളത്തില്‍ നിയമവിധേയമായി ജോലി ചെയ്യുന്ന മറ്റു രാജ്യക്കാരുടെ എണ്ണം തീരെ കുറവാണ്. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ മലയാളികള്‍ക്കുള്ള നിബന്ധനകളെപ്പറ്റി കുറ്റം പറയുന്നവര്‍ മറ്റു നാട്ടുകാര്‍ക്ക് നിയമവിധേയമായി കേരളത്തില്‍ ജോലി ചെയ്യാനുള്ള നിബന്ധനകള്‍ വായിച്ചാല്‍ ബോധം കെട്ടുപോകും. ഗള്‍ഫിലെ ഗവണ്മെന്റുകള്‍ എത്ര ലിബറല്‍ ആണ് ഇക്കാര്യത്തില്‍.

അക്കാദമിക് രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാകണമെങ്കില്‍ നമ്മള്‍ ലോകത്ത് എവിടെനിന്നും അധ്യാപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കണം. ഇതിന് നിയമക്കുരുക്കുകള്‍ അഴിക്കുകമാത്രമല്ല ഉയര്‍ന്ന ശമ്പളം കൊടുക്കാന്‍ തയ്യാറാവുകയും വേണം. മറ്റു രാജ്യങ്ങളില്‍നിന്നു കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വരുമ്പോള്‍ കിട്ടുന്ന അധികവരുമാനവും വിദേശനാണ്യവും ഉപയോഗിച്ചാല്‍തന്നെ ഓരോ കോളേജിലും പത്തു ശതമാനമെങ്കിലും വിദേശ അധ്യാപകരെ കൊണ്ടുവരാന്‍ സാധിക്കും. അന്താരാഷ്ട്ര അക്കാദമിക് രംഗത്തെ 'സബാറ്റിക്കല്‍' (ആറു വര്‍ഷത്തിനിടക്ക് ഒരു വര്‍ഷം അധ്യാപകര്‍ക്ക് മറ്റു സ്ഥലത്ത് ജോലി ചെയ്യാന്‍ ശമ്പളത്തോടെയുള്ള അവധി കൊടുക്കുന്നത്) ഉപയോഗിച്ചാല്‍തന്നെ ഏറെ ശമ്പളം കൊടുക്കാതെ ഒരു ലിവിങ്ങ് അലവന്‍സുകൊണ്ടുതന്നെ നമുക്ക് അധ്യാപകരെ കിട്ടിത്തുടങ്ങും. കേരളത്തിന്റെ ടൂറിസം രംഗത്തെ ബ്രാന്‍ഡ് ഇവിടെ നമുക്ക് നന്നായി ഉപയോഗിക്കാം.

പഠനകാലത്തെ ജോലി:
മിക്കവാറും വികസിത രാജ്യങ്ങളില്‍ കുട്ടികള്‍ പഠിക്കാനായി പണമുണ്ടാക്കാന്‍ പഠനകാലത്തുതന്നെ ജോലിയെടുക്കുന്നത് സര്‍വസാധാരണമാണ്. ഇതു കാമ്പസിനകത്തോ അടുത്തോ പാര്‍ട്ട് ടൈം ആയിട്ടാകാം. അല്ലെങ്കില്‍ അവധിക്കാലത്തോ അവധിയെടുത്തോ മറ്റു സ്ഥലങ്ങളില്‍ പോയി ആകാം. എന്റെ വിഭാഗത്തിന്റെ തലവനായ യു.എന്‍. ഉദ്യോഗസ്ഥന്‍ ഫിന്‍ലാന്റുകാരനാണ്, ഓരോ അവധിക്കാലത്തും ഓരോ ജോലി ചെയ്താണ് പഠിക്കാന്‍ പണം കണ്ടെത്തിയത്. ഒരിക്കല്‍ ഹെല്‍സിങ്കി ഹാര്‍ബറില്‍ ചുമടിറക്കി, ഒരവധിക്ക് ഫ്രാന്‍സില്‍ പാടത്തുനിന്ന് ഉരുളക്കിഴങ്ങു പറിച്ച് ചന്തയില്‍ വിറ്റ് എന്നിങ്ങനെ. കുട്ടികളില്‍ സ്വാഭിമാനവും ജോലിയോടുള്ള മതിപ്പും വര്‍ദ്ധിക്കും എന്നതുമാത്രമല്ല ഇതിന്റെ ഗുണം, മാറുന്ന ലോകത്ത് സ്ഥിരം ജോലികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. കേരളത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം ആളുകളെ വെറും ഒരു വര്‍ഷത്തേക്ക് മാത്രമായി ജോലിക്ക് കിട്ടും എന്നു വന്നാല്‍ അതുപയോഗിക്കാന്‍ ധാരാളം സാധ്യതകള്‍ ഉണ്ട്. തൊഴിലാളികളെ സ്ഥിരമായി വെക്കുമ്പോഴുള്ള തലവേദനയില്ലാത്തതിനാല്‍ ഈ പയ്യന്‍മാരെ (പയ്യത്തികളേയും) ലോകമെമ്പാടും ഉള്ള തൊഴില്‍ ദാദാക്കള്‍ക്ക് ഏറെ പ്രിയം ആണ്. കോളജില്‍ പഠിക്കാന്‍ വായ്പയെടുത്ത് കുടുംബം മുടിക്കുകയും വേണ്ട. പഠിച്ചുകഴിഞ്ഞ് പണി കിട്ടിയില്ലെങ്കിലും നാട്ടിലായാലും മറുനാട്ടില്‍ പോയാലും ടാക്‌സി ഓടിക്കുന്നതുള്‍പ്പെടെ ഏതു ജോലിയെടുത്തും അഭിമാനമായി ജീവിക്കാന്‍ പഠിക്കുകയും ചെയ്യും.

ഭാഷാ പഠനം :
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഭൂരിഭാഗം പേരുടേയും ലക്ഷ്യം ഒരു ജോലിയാണ്. അതുതന്നെ പറ്റിയാല്‍ കേരളത്തിനു പുറത്ത്. അപ്പോള്‍ മറ്റു ഭാഷാ പഠനത്തിന്റെ ആവശ്യം പറയാനുണ്ടോ. എന്നാല്‍ നമ്മുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്താവട്ടെ ഭാഷാപഠനത്തിന് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. കേരളത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിയുന്ന ഓരോ വിദ്യാര്‍ത്ഥിക്കും മാതൃഭാഷയല്ലാതെ ഇംഗ്ലീഷും മറ്റ് ഏതെങ്കിലും ഒരു ഭാഷയും നന്നായി കൈകാര്യം ചെയ്യാന്‍ പറ്റണം എന്നത് നിര്‍ബന്ധം ആക്കണം എന്നാണെന്റെ അഭിപ്രായം. ഇനിയുള്ള കാലത്ത് ഹിന്ദി, ചൈനീസ്, ജര്‍മ്മന്‍, പേര്‍ഷ്യന്‍, നോര്‍ഡിക് ഭാഷകള്‍, ഫ്രഞ്ച്, അറബിക്, മലയ് എന്നിവയെല്ലാം ജോബ് മാര്‍ക്കറ്റില്‍ പ്രാധാന്യമുള്ളതാകും.

ഇവിടെയാണ് ഞാന്‍ മുന്‍പു പറഞ്ഞ പല ആശയങ്ങളും (ക്രെഡിറ്റ് ട്രാന്‍സ്ഫര്‍, ഇലക്ടീവ്, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും, മൂക്ക്) ഒരുമിച്ച് വരുന്നത്. ഈ ആശയങ്ങള്‍ കോര്‍ത്തിണക്കിയാല്‍ എളുപ്പത്തില്‍ ഇത് സാധ്യമാകും. ഉദാഹരണത്തിന്, കോതമംഗലത്തെ ഒരു ആര്‍ട്‌സ് കോളേജില്‍ ഫ്രഞ്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടാവുകയും അവിടെ പഠിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും എഞ്ചിനിയറിങ്ങ് കോളേജിലെ കുട്ടികള്‍ക്ക് ഉണ്ടാവുകയും ചെയ്താല്‍ പിന്നെ പഠനം എളുപ്പമായല്ലോ. ഈ കോഴ്‌സിന് എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസത്തില്‍ ക്രെഡിറ്റ് കിട്ടിയാല്‍ ഗംഭീരം. എഞ്ചിനിയറിങ്ങ് കോളേജിലോ ആര്‍ട്‌സ് കോളേജിലോ ഒരു ഫ്രഞ്ചുകാരനോ ഫ്രഞ്ചുകാരിയോ പഠിക്കാന്‍ വരികയും അവരോട് ഫ്രീ എക്‌സേഞ്ച് (അവര്‍ നമ്മോട് ഫ്രഞ്ച് പറയുന്നു നമ്മള്‍ അവരോട് മലയാളവും, ജനീവയില്‍ ഈ പണി സര്‍വസാധാരണമാണ്.) നടത്തുകയും ചെയ്താല്‍ പഠനം എളുപ്പമായി. എഞ്ചിനിയറിംഗ് പഠനകാലത്തിനിടക്ക് ഫ്രാന്‍സില്‍ ഒരു ഇന്റേണ്‍ഷിപ്പോ മറ്റോ തരമാക്കിയാല്‍ സമ്പൂര്‍ണ്ണം. ഇതൊന്നും നടക്കാത്ത കാര്യങ്ങള്‍ അല്ല. ലോകത്തെങ്ങും നടക്കുന്നതാണ്, നമുക്ക് നടത്താവുന്നതും.


വേണം നമുക്കൊരു വിദ്യാഭ്യാസ നഗരം :
കേരളത്തില്‍ ഒരു വിദ്യാഭ്യാസനഗരം വരുന്നു എന്നു പറഞ്ഞു കേട്ടിട്ട് നാളേറെയായി. ഇതും കോഴിയുടെ മുലയോ കേരളത്തിലെ ഐ.ഐ.ടി.യോ പോലെയൊക്കെയാണോ? എന്താണിതിന്റെ പ്ലാന്‍, അക്കാദമിക്കും പ്രായോഗികവും ആയ പുതുമകള്‍ എന്നാണീ നഗരത്തില്‍ ഉണ്ടാവുക?

ലോകത്തില്‍ വിദ്യാഭ്യാസനഗരങ്ങള്‍ ഏറെയുണ്ട്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡു മുതല്‍ നെതര്‍ലാന്റിലെ യുട്രെക്ട്. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്ത എന്നിങ്ങനെ. മലേഷ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളെ ഒരു കാമ്പസില്‍ കൊണ്ടുവന്ന് കൃത്രിമമായി നിര്‍മ്മിച്ചിരിക്കുന്ന അക്കാദമിക് സിറ്റികള്‍ വേറെയും ഉണ്ട്.

എന്റെ അഭിപ്രായത്തില്‍ ഒരു വിദ്യാഭ്യാസനഗരം എന്നാല്‍ കുറച്ച് നാടനോ പരദേശിയോ ആയ യൂണിവേഴ്‌സിറ്റി കാമ്പസുകള്‍ മാത്രമുള്ള ഒരു നഗരമല്ല മറിച്ച് വിദ്യാഭ്യാസം നഗരത്തിന്റെ അടിസ്ഥാനഘടകമായ ഒരു സ്ഥലമായിരിക്കണം. അതായത് വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം ആ നഗരത്തിലെ ഭൂരിഭാഗം നിവാസികളും പ്രധാന കണ്‍സ്യൂമേഴ്‌സും. വിദ്യാര്‍ഥികള്‍ ആകുമ്പോള്‍ ആ നഗരത്തിന് ഒരു യുവത്വം ഉണ്ടാകും, സാംസ്‌കാരികമായി അത് വ്യത്യസ്തമാകും, പുതുമയുള്ളതാകും, പുരോഗമനപരമായിരിക്കും, ഒരര്‍ത്ഥത്തില്‍ മറ്റു നഗരങ്ങള്‍ അവരുടെ ഭാവി കാണാനുള്ള ക്രിസ്റ്റല്‍ ബൗളുകള്‍ ആയി ഈ നഗരത്തെ നോക്കിക്കാണണം. മറുനാട്ടുകാരായ അധ്യാപകരും കുട്ടികളും ഒക്കെകൂടി ആകുമ്പോള്‍ ഇത് പുരോഗമനപരം മാത്രമല്ല അന്താരാഷ്ട്രവും കൂടി ആകും. ഇതുകൊണ്ടുതന്നെ ഒരു പഴയ നഗരത്തിനു നടുക്ക് ഇങ്ങനെ ഒരു പത്തു പതിനായിരം കുട്ടികളെ കാമ്പസിനുള്ളില്‍ കെട്ടിയിട്ട് അവിടുത്തെ ജീവിതത്തെപ്പറ്റിയും ജീവിതരീതിയെപ്പറ്റിയും ശുദ്ധമണ്ടത്തരം ആയ ചിന്തകളും ആയി പുറത്തുള്ളവര്‍ ഇരിക്കുന്ന (ടെക്‌നോപാര്‍ക്കും തിരുവനന്തപുരവും പോലെ) ഒരു സംവിധാനം അല്ല. മറിച്ച് പുതിയതായി യുവാക്കള്‍ക്കു വേണ്ടി യുവാക്കള്‍ തീരുമാനങ്ങള്‍ എടുക്കുന്ന യുവാക്കളുടെ ഒരു നഗരമായിരിക്കണം ഇത്. എതെങ്കിലും ഒരു കാലത്ത് മൂന്നാറിലെ അനധികൃതകുടിയേറ്റക്കാരെ എല്ലാം അവിടെനിന്ന് അടിച്ചോടിച്ച് മൂന്നാര്‍ പഴയ സുന്ദരനഗരമാക്കിയാല്‍ അതിനു യുവത്വമുണ്ടാക്കാന്‍ അതൊരു വിദ്യാഭ്യാസനഗരം ആക്കണമെന്ന് എനിക്കു തോന്നാറുണ്ട്.

വിദ്യാഭ്യാസം എന്റെ പ്രിയപ്പെട്ട വിഷയം ആയതിനാല്‍ ഇനിയും പലതും പറയാനുണ്ട്. പക്ഷെ കേരളത്തിലെ വിദ്യാഭ്യാസരംഗം സങ്കുചിതമായ കച്ചവട താല്പര്യത്തില്‍ മുങ്ങിനില്ക്കുന്നതുകൊണ്ട് ഒരു കച്ചവട ഐഡിയ പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. പുരോഗമനക്കാര്‍ക്കുമാത്രം ഐഡിയ കൊടുത്താല്‍ പോരല്ലോ.

ഡല്‍ഹിയിലെ നയിസരായി എന്ന പ്രദേശം ഇന്ത്യയിലെ സിവില്‍ സര്‍വീസ് മത്സരാത്ഥികളുടെ ഒരു വന്‍കേന്ദ്രമാണ്. ഇന്ത്യയില്‍ എല്ലാ ഭാഗത്തുനിന്നും ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ ആണ് ഓരോ വര്‍ഷവും നയിസരായില്‍ വന്ന് തമ്പടിച്ചു പഠിക്കുന്നത്. ഇവര്‍ക്ക് ഓരോ വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതുമുതല്‍ പേയിംഗ് ഗസ്റ്റും ഇന്റര്‍നെറ്റ് സെന്ററും ഒക്കെ ആയി ഡസന്‍കണക്കിന് അനുബന്ധവ്യവസായങ്ങള്‍ ഇവിടെ നടക്കുന്നു. ഓരോ വര്‍ഷവും പരീക്ഷാഫലം വരുമ്പോള്‍ ധാരാളം പേര്‍ ഇവിടെനിന്നും പാസാകുന്നു. അതോടെ ഒഴുക്കും കൂടുന്നു.

വസ്തവത്തില്‍ ഇവിടെ നയിസരായി മാജിക്കോ ടെക്‌നിക്കോ ഒന്നും ഇല്ല. കൂടുതല്‍ പേര്‍ ഒരു സ്ഥലത്തുനിന്ന് പരീക്ഷ എഴുതുമ്പോള്‍, അതും അവര്‍ക്ക് ഒരുമിച്ചു പഠിക്കാനും ട്യൂഷന്‍ എടുക്കാനും ഒക്കെ സൗകര്യം ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ പേര്‍ പാസാകുമല്ലോ. കേരളത്തിലെ മഞ്ജുളാ ബേക്കറിയിലെ വിദ്യാധരന്റെ കയ്യില്‍നിന്നും കൂടുതല്‍ ആളുകള്‍ ലോട്ടറി എടുത്തപ്പോള്‍ പല സമ്മാനങ്ങളും അവിടെ വന്നുവീണു. അതോടെ കൂടുതല്‍ ആളുകള്‍ പിന്നെയും ലോട്ടറി എടുത്തു, ചാന്‍സ് പിന്നെയും കൂടി.

കേരളത്തിന് ഈ വര്‍ഷം സിവില്‍ സര്‍വീസ് ചാകര ആണല്ലോ (വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍). പക്ഷെ, ഇതൊരല്പം മാര്‍ക്കറ്റ് ചെയ്താല്‍ നമുക്ക് നയിസരായിയേയും കടത്തിവെട്ടാം. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് ട്രെയിനിംഗിന്റെ തലസ്ഥാനം ആക്കാം. ഇന്ത്യയില്‍ അഞ്ചുലക്ഷം പേര്‍ സിവില്‍ സര്‍വീസിന് അപേക്ഷിക്കുന്നു എന്നും അതില്‍ പകുതി പേര്‍ പരീക്ഷ എഴുതുന്നു എന്നുമാണ് കണക്ക്. ഇതില്‍ ഒരു പത്തു ശതമാനം പേരെ 'തിരുവനന്തപുരം ട്രെയിനിംഗ് അപ്രോച്ച്' എന്ന മാജിക്കിലേക്ക് ആകര്‍ഷിച്ചാല്‍ വര്‍ഷം ഒരു അയ്യായിരം കോടി രൂപ കേരള ഇക്കോണമിക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം. തിരുവനന്തപുരത്ത് നിന്നും കൂടുതല്‍ ആളുകള്‍ പരീക്ഷ എഴുതുമ്പോള്‍ കൂടുതല്‍ പേര് ജയിക്കും എന്നതിന് സംശയം വേണ്ട. ചുമ്മാ ട്രൈ ചെയ്തു നോക്കണം സാര്‍ .


 
Other News in this section
റബ്ബറിന് 150 രൂപ; ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: മാതൃഭൂമി പരമ്പര ഫലം കണ്ടു. റബ്ബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവ് വെള്ളിയാഴ്ച ധനവകുപ്പ് പുറത്തിറക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ചുള്ള ഉത്തരവാണ് പുറത്തിറങ്ങുക. ഇതോടെ വിലസ്ഥിരതാ പദ്ധതി നിലവില്‍വരും. രണ്ട് ഹെക്ടര്‍വരെ റബ്ബറുള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം. വിലസ്ഥിരതാ ..
ഐ.ഐ.ടി. മദ്രാസ് പറയുന്നത്‌
തൊഴിലുറപ്പ് പദ്ധതിയും ജൈവവൈവിധ്യവും
'നക്‌സലുകളെ അറിയാതെ സ്‌നേഹിച്ചുപോകുന്നു'
അന്തര്‍ധാര സജീവമായിരുന്നു...
വ്യാജന്‍ പുറത്ത്; 'പ്രേമ'ത്തിന് ദുര്‍വിധി
എരിവും പുളിയും
മാര്‍ക്കേസിനെ പാഠപുസ്തകകമ്മിറ്റി വെട്ടിനശിപ്പിച്ചു
വാവ സുരേഷിന് ഒരു തുറന്ന കത്ത്
സ്വപ്നങ്ങളുടെ രാജകുമാരന്‍

Latest news

- -

 

 

 

 

 

 

 

 

 

- -