LATEST NEWS
  Apr 04, 2013
അസമില്‍ പോകരുതെന്ന് വിനോദസഞ്ചാരികളോട് കാനഡ
കെ. ശ്രീജിത്ത്‌
ഗുവാഹാട്ടി: അസമില്‍ എവിടെയും യാത്ര ചെയ്യരുതെന്ന് വിനോദസഞ്ചാരികളോട് കാനഡ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നായാണ് അസമിനെ കാനഡ സര്‍ക്കാര്‍ മുദ്രകുത്തിയിരിക്കുന്നത്. പൗരന്‍മാര്‍ക്ക് കാനഡ വിദേശകാര്യ വകുപ്പ് നല്‍കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്.

ലോകത്തെ മുഴുവന്‍ വിനോദസഞ്ചാരികള്‍ക്കും കാനഡയുടെ വിദേശകാര്യ വകുപ്പ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ബംഗ്ലാദേശിന്റെ അതിര്‍ത്തിയായ, തീവ്രവാദം വലിയ തോതിലുള്ള ഇന്ത്യന്‍ സംസ്ഥാനമായ അസം സന്ദര്‍ശിക്കുന്നതില്‍നിന്ന് പൗരന്‍മാര്‍ മാറിനില്‍ക്കണം. പ്രത്യേകിച്ചും അസമിലെ ജില്ലകളായ കൊക്രജാര്‍, ചിരാങ്, ധുബാരി എന്നിവ സാമുദായിക സംഘര്‍ഷം ഏറെയുള്ള സ്ഥലങ്ങളാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

മുന്‍ ദശകങ്ങളിലും ലോകത്തെ പലരാജ്യങ്ങളും അസം സന്ദര്‍ശിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും സാമുദായിക സംഘര്‍ഷത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. ഇതിന് കാനഡയെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ലെങ്കിലും ബോഡോ പ്രദേശങ്ങളില്‍ സമീപകാലത്തുണ്ടായ വംശീയലഹളകളാണ് ഇതിനുകാരണമെന്നാണ് കരുതുന്നത്.

അസമിനുപുറമെ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ , നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളെയും അപകരമായ പ്രദേശങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍ , രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നിവയാണ് ഈ ലിസ്റ്റിലുള്ളമറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ .

Latest news