LATEST NEWS
  Apr 04, 2013
ഇനി പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണ്ട: ആര്‍ ബാലകൃഷ്ണ പിള്ള
തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാര്‍ രാജിവെച്ച സ്ഥിതിക്ക് കേരളാ കോണ്‍ഗ്രസ് ബിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇനി മന്ത്രി സ്ഥാനം ആവശ്യമില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.

എന്നാല്‍ , ഗണേഷ്‌കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റു ഘടകകക്ഷികള്‍ക്ക് നല്‍കാതെ കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനാപുരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ താന്‍ മല്‍സരിക്കില്ല. തനിക്കിനി മന്ത്രിസ്ഥാനം വേണ്ട.

ഗണേഷ്‌കുമാറിനെ അഹങ്കാരിയാക്കിയതിന്റെ ഉത്തരവാദിത്തം തൊണ്ണൂറു ശതമാനവും മാധ്യമങ്ങളുടേതാണ്. എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഗണേഷ്‌കുമാറിനോട് ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ്‌കുമാറിനെ താന്‍ ആവശ്യപ്പെട്ടിട്ടല്ല മാറ്റിയത്. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്.

താനാണ് പാര്‍ട്ടിയെന്ന ഗണേഷിന്റെ പുലമ്പല്‍ അയാള്‍ക്ക് മതിഭ്രമം ബാധിച്ചത് കൊണ്ടാണെന്നും പിള്ള പ്രതികരിച്ചു. 'വല്ലാത്ത' മക്കളെക്കാളും 'ഇല്ലാത്ത' മക്കളാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Latest news