LATEST NEWS
  Apr 04, 2013
ജെസ്സി റൈഡറെ ആക്രമിച്ചവരെ കോടതി റിമാന്‍ഡില്‍ വിട്ടു
ജെസ്സി റൈഡര്‍
വെല്ലിങ്ടണ്‍ : ബാറിലെ സംഘട്ടനത്തില്‍ പരിക്കേറ്റ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍ ജെസ്സി റൈഡറെ ആക്രമിച്ച സംഘത്തില്‍ അറസ്റ്റിലായവരെ കോടതി റിമാന്‍ഡില്‍ വിട്ടു. രണ്ടുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ജാമ്യത്തിലിറങ്ങിയ ഇവര്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ച് ജില്ലാകോടതിയിലാണ് വീണ്ടും ഹാജരായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം നിബന്ധനകളോടെ വീണ്ടും ജാമ്യം അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി.

ഇതിനിടെ ക്രൈസ്റ്റ് ചര്‍ച്ച് ആസ്പത്രിയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം റൈഡര്‍ ബുധനാഴ്ച വെല്ലിങ്ടണിലെ വീട്ടിലെത്തി.

തിങ്കളാഴ്ചയോടെ റൈഡറുടെ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടതോടെയാണ് അദ്ദേഹം ആസ്പത്രി വിടാന്‍ തീരുമാനിച്ചതെന്ന് മാനേജര്‍ ആരോണ്‍ ക്ലീ അറിയിച്ചു. ഇരുന്ന് സംസാരിക്കുന്നതിനും നിവര്‍ന്ന് നില്‍ക്കുന്നതിനും താരത്തിന് കഴിയുന്നുണ്ടെന്നും മാനേജര്‍ പറഞ്ഞു.

ക്രിസ്റ്റ്യന്‍ചര്‍ച്ചിലെ മെരിവേയ്‌ലിന് സമീപത്തുള്ള ബാറിന് പുറത്തുവെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് റൈഡറെ രണ്ടുപേര്‍ ആക്രമിച്ച് പരിക്കേല്പിച്ചത്. തലയേ്ക്കറ്റ അടിയെത്തുടര്‍ന്ന് രണ്ടുദിവസം അബോധാവസ്ഥയിലായിരുന്ന താരം ശനിയാഴ്ചയാണ് ബോധം വീണ്ടെടുത്തത്.

എന്നാല്‍ , അന്വേഷണ ഉദ്യോഗസ്ഥരോട് ആക്രമണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്ന് റൈഡര്‍ പറഞ്ഞു. തലയ്ക്ക് അടിയേറ്റതു മൂലമുള്ള ഷോക്കാവാം ഇത്തരം പ്രതികരണത്തിന് കാരണമെന്നും റൈഡര്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിക്കഴിഞ്ഞാല്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണസംഘത്തിലെ സീനിയര്‍ സര്‍ജന്‍റ് ബ്രയാന്‍ ആര്‍ച്ചെര്‍ പറഞ്ഞു.

ഐ.പി.എല്‍ താര ലേലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 1.41 കോടിക്ക് സ്വന്തമാക്കിയ റൈഡറുടെ സേവനം, അദ്ദേഹത്തിന് പരിക്കേറ്റതോടെ താത്കാലികമായി ടീമിന് നഷ്ടമായിരിക്കയാണ് .

Latest news