LATEST NEWS
  Apr 04, 2013
വധശിക്ഷ: അഞ്ചുപേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന അഞ്ചു പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. രണ്ടുപേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

മുംബൈ ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അജ്മല്‍ കസബിനെയും പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെയും തൂക്കുമരത്തിലേക്ക് നയിച്ച നിര്‍ണായക തീരുമാനം പ്രണബ് മുഖര്‍ജിയുടേതായിരുന്നു.

പ്രണബിന്റെ മുന്‍ഗാമി പ്രതിഭാപാട്ടീല്‍ ഇരുവരുടെയും ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാതെ നീട്ടുകയായിരുന്നു. ഇത് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി, പ്രത്യേകിച്ചും അഫ്‌സല്‍ഗുരുവിന്റെ കാര്യത്തില്‍.

എന്നാല്‍, ചുമതലയേറ്റ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രണബ് കസബിന്റെ ദയാഹര്‍ജി തള്ളി. അഫ്‌സല്‍ഗുരുവിന്റെ കാര്യത്തില്‍ നീതി ഉറപ്പാക്കുന്നതിന് ഒരുതവണകൂടി സര്‍ക്കാറിന്റെ അഭിപ്രായത്തിന് വിടുകയും ചെയ്തു.

അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ദയാഹര്‍ജിയുടെ 'ക്യൂ' തെറ്റിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്ന സര്‍ക്കാറിന് പെട്ടെന്നുതന്നെ തീരുമാനമറിയിക്കേണ്ടിവന്നു.

പ്രതിഭാ പാട്ടീലാകട്ടെ, 30 പേര്‍ക്കാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു നല്‍കിയത്. രാജ്യത്ത് ഇതുവരെ അംഗീകരിച്ച ദയാഹര്‍ജികളില്‍ 90 ശതമാനമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങള്‍ നടത്തിയ 22 പേരെ വിട്ടയച്ചു. സ്വന്തം സഹോദരനെയും ഒമ്പതുവയസ്സുള്ള ഒരു കുട്ടിയെയും കാളീദേവിയുടെ പ്രീതിക്കായി ബലികഴിച്ച സുശീല്‍ മുര്‍മുവിനെപ്പോലെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ പോലും മോചിതരായി.

Latest news