LATEST NEWS » KERALA
  Apr 04, 2013
പരിയാരം: 600 കോടിയും അധിക ജീവനക്കാരും വന്‍ ബാധ്യതയാവും
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ 600 കോടി രൂപയുടെ ബാധ്യതയും അധിക ജീവനക്കാരും സര്‍ക്കാരിന് പ്രശ്‌നമായിത്തീരും.

110 കോടി രൂപയാണ് കോളേജിന്റെ കടം. ഇത് തിരിച്ചടയ്ക്കുന്നതിലുണ്ടായ വീഴ്ചമൂലം കടബാധ്യത 600 കോടിയായി ഉയര്‍ന്നുകഴിഞ്ഞു.

പ്രതിമാസം ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനുമാത്രം രണ്ടരക്കോടി രൂപയെങ്കിലും വേണം. ഏതാണ്ട് 1,900 ജീവനക്കാരാണ് പരിയാരത്തുള്ളത്. ഇതില്‍ കെ.സി.എച്ച്.സി.യില്‍ മാത്രം 900 പേര്‍ വരും. 400 പേര്‍ കരാര്‍ ജീവനക്കാരാണ്. രാഷ്ട്രീയസ്വാധീനത്തിന്റെ പേരില്‍ നൂറുകണക്കിന് ആള്‍ക്കാരെ മെഡിക്കല്‍ കോളേജില്‍ തിരുകിക്കയറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു.

നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി കൊണ്ടുവരാന്‍ യു.ഡി.എഫ്. ശ്രമിച്ചെങ്കിലും നിയമത്തിന്റെ ഊരാക്കുരുക്കുകള്‍ കാരണം അതിനു കഴിഞ്ഞില്ല.

നിയമപ്രശ്‌നങ്ങള്‍ കാരണം ഭരണസമിതി പിരിച്ചുവിടുന്നത് എളുപ്പമല്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതും സര്‍ക്കാരിന്റെ ഇപ്പോഴത്തെ വ്യത്യസ്തമായ തീരുമാനത്തിന്റെ പിന്നിലുണ്ട്.

സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ മുഴുവന്‍ സൗജന്യ ചികിത്സാപദ്ധതികളും പരിയാരത്ത് രോഗികള്‍ക്ക് ലഭിക്കും. ഒപ്പം കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യവും യാഥാര്‍ഥ്യമാകും. മെഡിക്കല്‍ കോഴ്‌സുകളിലെ ഫീസ് നിരക്കുകള്‍ സര്‍ക്കാര്‍ മേഖലയിലേതാക്കി മാറ്റേണ്ടിവരുമെന്നതും മറ്റൊരു പ്രത്യേകതയാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നിലവില്‍ ഉയര്‍ന്ന വേതനം വാങ്ങിക്കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം ലഭിച്ചേക്കില്ലെന്ന ആശങ്കയും ഉണ്ട്. അങ്ങനെവന്നാല്‍ മിക്ക സ്‌പെഷാലിറ്റി വിഭാഗങ്ങളിലുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പരിയാരം വിടാനും കാരണമാകും.

സ്വാശ്രയമേഖലയിലെ ഫീസുകള്‍ വാങ്ങിത്തന്നെ നടത്തിക്തൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ള സ്ഥിതിക്ക് സര്‍ക്കാര്‍ മേഖലയിലെ ഫീസ് വാങ്ങി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നും സര്‍ക്കാര്‍ ചിന്തിക്കേണ്ടിവരും. സര്‍ക്കാര്‍ ഫീസ് നിരക്കാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരം വന്നേക്കും. സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ജില്ലാ ആസ്പത്രികളിലേക്കുള്‍പ്പെടെ പുനര്‍വിന്യസിക്കാനും സര്‍ക്കാരിന് കഴിയും.



Latest news