LATEST NEWS » INDIA
  Apr 04, 2013
മെഡിക്കല്‍ യോഗ്യതാ പരീക്ഷയില്‍ ആള്‍മാറാട്ടം: മൂന്നുപേര്‍ അറസ്റ്റില്‍
ഷൈന്‍ മോഹന്‍
ന്യൂഡല്‍ഹി: വിദേശത്ത് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മലപ്പുറം സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം തിരൂര്‍ പൊയിലിശ്ശേരി നാലകത്ത് വീട്ടില്‍ ഷുഹൈബ് ഖാദര്‍ (31), ഇദ്ദേഹത്തിനായി പരീക്ഷയെഴുതിയ ബിഹാര്‍ സ്വദേശി ഡോ. രാജേഷ് കുമാര്‍ ഗുപ്ത (31), ഇടനിലക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഗോരഖ്‌നാഥ് ഗിരി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പീന്നീട് റിമാന്‍ഡ് ചെയ്തു.

വിദേശത്ത് എം.ബി.ബി.എസ്.കഴിഞ്ഞവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷയായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍ സ്‌ക്രീനിങ് ടെസ്റ്റിലാണ് ആള്‍മാറാട്ടം നടന്നത്. ഡല്‍ഹി കന്റോണ്‍മെന്റിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ഞായറാഴ്ച നടന്ന പരീക്ഷയിലാണ് ഷുഹൈബിനുവേണ്ടി രാജേഷ് കുമാര്‍ ഗുപ്ത പരീക്ഷയെഴുതിയത്. 2008-ല്‍ താജിക്കിസ്താനില്‍ നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ ഷുഹൈബ് നാല് തവണ ശ്രമിച്ചിട്ടും യോഗ്യതാ പരീക്ഷ ജയിച്ചിരുന്നില്ല.



Latest news