LATEST NEWS » KERALA
  Apr 04, 2013
അനീമിയയും പോഷകാഹാരക്കുറവും ആദിവാസിസ്ത്രീ മരിച്ചു
സുനീഷ് ജോസ്‌
* ഒരു മാസത്തിനകം മരിച്ചത് നാല് കുട്ടികള്‍

അഗളി: കടമ്പാറ ആദിവാസിക്കോളനിയില്‍ അനീമിയ ബാധിച്ച ആദിവാസിസ്ത്രീ മരിച്ചു. കോളനിവാസിയായ ആണ്ടിച്ചിയാണ്(75) ചൊവ്വാഴ്ച മരിച്ചത്. അനീമിയ ബാധിച്ച ഇവര്‍ മൂന്ന് മാസത്തോളമായി രോഗാവസ്ഥയിലായിരുന്നു. ഒരാഴ്ച മുന്‍പ് ഇവിടെയെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആണ്ടിച്ചിക്ക് അനീമിയയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ചികിത്സയ്ക്കായി ആസ്പത്രിയിലേക്ക് പോകാന്‍ ആണ്ടിച്ചിതയ്യാറായില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

രങ്കസ്വാമി, ശെല്‍വന്‍ എന്നിവര്‍ മക്കളാണ്.

അതേസമയം, ആണ്ടിച്ചിയുടെ മകനായ ശെല്‍വന്റെ മകള്‍ കാളിയമ്മയടക്കം (ആറുമാസം) രണ്ട് കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വടക്കെ കടമ്പാറ ഊരിലെ ശെല്‍വന്റെ മകന്‍ ശരവണനാണ് (രണ്ടര) ആസ്പത്രിയിലുള്ള രണ്ടാമത്തെ കുട്ടി. ഇരുവരും കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആസ്പത്രിയില്‍ അതീവഗുരുതരാവസ്ഥയിലാണ്.

പോഷാകാഹാരക്കുറവ് അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികളെ ഗുരുതരമായി ബാധിക്കുന്നതായാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം മരിച്ചിരുന്നു.

വയറിളക്കവും അമിത രക്തനഷ്ടവുംമൂലമാണ് ശരവണനെ ആസ്പത്രിയിലാക്കിയത്. നാലുമാസത്തോളമായി വിവിധ ആസ്പത്രികളില്‍ ഈ കുട്ടിയെ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. പത്തുദിവസമായി കോട്ടത്തറ ആസ്പത്രിയിലെത്തിയിട്ട്. തുടര്‍ച്ചയായി രക്തം നല്‍കുന്നതുവഴി പുരോഗതി കാണാനാവുന്നുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്.

ആറുമാസം മാത്രം പ്രായമുള്ള കാളിയമ്മയുടെ സ്ഥിതി ഇതിലും ഗുരുതരമാണ്. ശരിയായ പോഷകാഹാരത്തിന്റെ കുറവുമൂലം കൈകാലുകള്‍ തീര്‍ത്തും ശോഷിച്ച് കണ്ണുകള്‍ ഉള്‍വലിഞ്ഞ അവസ്ഥയിലാണ് ഈ ശിശു. ആറുമാസം പ്രായമായെങ്കിലും രണ്ടേകാല്‍ കിലോ മാത്രമാണ് കുട്ടിയുടെ ഭാരം. ഒരാഴ്ച ചികിത്സ നല്‍കിയെങ്കിലും പ്രതീക്ഷിച്ച പുരോഗതിയുണ്ടാവുന്നില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ രാജേഷ് പറഞ്ഞു.

മുലപ്പാലിന്റെ കുറവുമൂലം രക്തക്കുറവുണ്ടാകാം. എന്നാല്‍, അനീമിയയോ പാലിന്റെ കുറവോ മാത്രമാണ് രോഗകാരണമെന്ന് പറയാനാവില്ലെന്ന് ഡോ. രാജേഷ് പറഞ്ഞു. രണ്ട് കുട്ടികളെയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.

പോഷകാഹാരത്തിന്റെ കുറവുമൂലം മാര്‍ച്ച് 29നാണ് കടമ്പാറയില്‍ നവജാതശിശു മരിച്ചത്. അനാരോഗ്യമായിരുന്നു കാരണം. ഇതിന് ഒരാഴ്ചമുമ്പ് നെല്ലിപ്പതിയിലെ ആദിവാസിക്കോളനിയില്‍ രണ്ട് കുട്ടികളും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം എട്ടുമാസം പ്രായമുള്ള കുട്ടി പാലൂരില്‍ മരിച്ചിരുന്നു. അട്ടപ്പാടിയിലെ ആദിവാസിക്കോളനികളില്‍ കൂടുതല്‍ അനീമിയ രോഗികള്‍ ഉള്ളതായാണ് മൊബൈല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ ജോസ് പറയുന്നത്. അനാരോഗ്യം കണ്ടെത്തിയാല്‍ രോഗികള്‍ ചികിത്സയ്ക്ക് വിധേയരാവാന്‍ മടിക്കുന്നു. ഇതുമൂലം രോഗനിര്‍ണയം അസാധ്യമാവുന്നതായും ഡോക്ടര്‍ പറഞ്ഞു.

കൊട്ടമേട് ഭാഗങ്ങളില്‍ അനീമിയയ്ക്ക് കാരണമാകുന്ന തരത്തില്‍ ലവണങ്ങളുള്ള വെള്ളം ഉപയോഗിക്കുന്നതായി സംശയമുള്ളതിനാല്‍ സാമ്പിള്‍ പരിശോധനക്ക് അയച്ചതായി ഡോ. അമല്‍ ജോസ് പറഞ്ഞു.

Latest news