LATEST NEWS » KERALA
  Apr 04, 2013
എസ്.എസ്.എല്‍.സി. ഫലം നേരത്തെ
തിരുവനന്തപുരം:എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം മുന്‍വര്‍ഷത്തെക്കാള്‍ ഒന്നോ രണ്ടോ ദിവസം മുമ്പേ ഇക്കുറി പ്രസിദ്ധീകരിച്ചേക്കും. മുന്‍വര്‍ഷം ഏപ്രില്‍ 28 നാണ് ഫലം പുറത്തുവന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ഫലം ഓരോ ദിവസം മുമ്പേയാക്കുന്ന പതിവാണുള്ളത്. ഇപ്രാവശ്യവും ഈ പതിവ് ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍.

മൂല്യനിര്‍ണയ ക്യാമ്പ് മൂന്നു ദിവസം പിന്നിട്ടു. ഇതിന് സമാന്തരമായിത്തന്നെ ടാബുലേഷന്‍ ജോലികളും നടക്കും. ഓരോ ദിവസത്തെയും മാര്‍ക്കുകള്‍ മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷാ ഭവനില്‍ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ അറിയിക്കും. മുമ്പ് മൂല്യനിര്‍ണയം കഴിഞ്ഞാണ് ടാബുലേഷന്‍ ആരംഭിച്ചിരുന്നത്. 54 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്.

മുന്‍വര്‍ഷം ഫലം പ്രഖ്യാപിച്ചശേഷം മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ അല്പം വൈകിയിരുന്നു. ഇപ്രാവശ്യം മാര്‍ക്ക് ലിസ്റ്റും ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് തന്നെ നല്‍കാനുള്ള ശ്രമമുണ്ട്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും തുടങ്ങി. എന്നാല്‍ പ്ലസ് ടു ഫലം മെയ് പകുതിയോടെയേ പ്രസിദ്ധീകരിക്കൂ. എന്‍ജിനീയറിങ്ങിന് സയന്‍സ്, കണക്ക് വിഷയങ്ങളുടെ മാര്‍ക്കും കണക്കാക്കുന്നതിനാല്‍ ഈ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണയമുണ്ട്. ഫലം താമസിക്കാന്‍ ഇതാണ് കാരണം.

ഇപ്രാവശ്യം വിഷു ഞായറാഴ്ചയാണ്. തലേന്ന് രണ്ടാംശനിയാഴ്ചയാണെങ്കിലും മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. മലബാര്‍ മേഖലയില്‍ വിഷു പ്രധാനമായതിനാല്‍ തലേന്ന് അവധി നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫലം കഴിവതും നേരത്തെ പ്രസിദ്ധീകരിക്കണമെന്നതിനാല്‍ ശനിയാഴ്ച അവധി നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് ക്യാമ്പ് അവസാനിപ്പിച്ചേക്കും.

Latest news