LATEST NEWS » KERALA
  Apr 04, 2013
യാത്രക്കാരിയെ ശല്യംചെയ്തത് ചോദ്യംചെയ്ത യുവാവിനെ തീവണ്ടിയില്‍നിന്ന് തള്ളിയിട്ടു

ചെറുതുരുത്തി: യാത്രക്കാരിയെ ശല്യംചെയ്തത് ചോദ്യംചെയ്ത യുവാവിനെ അന്യസംസ്ഥാന തൊഴിലാളികള്‍ തീവണ്ടിയില്‍നിന്ന് തള്ളിയിട്ടു. സാരമായി പരിക്കേറ്റ ഇയാളുടെ ഇരു കൈപ്പത്തികളും അറ്റു. ഇടുക്കി തൊമ്മന്‍കുത്ത് തെങ്ങനാട് വീട്ടില്‍ രാജപ്പന്‍പിള്ളയുടെ മകന്‍ മനു (28) ആണ് അക്രമത്തിനിരയായത്. മനു ചൊവ്വാഴ്ച രാത്രിയാണ് മൂകാംബികാക്ഷേത്രത്തിലേക്ക് പോകാന്‍ ആലുവയില്‍നിന്ന് മലബാര്‍ എക്‌സ്പ്രസ്സില്‍ കയറിയത്. സംഭവത്തെക്കുറിച്ച് മനു പോലീസിന് നല്‍കിയ മൊഴി ഇങ്ങനെ: ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്നതിനിടയില്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന സ്ത്രീയെ, നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ശല്യം ചെയ്യുന്നതു കണ്ട് ചോദ്യംചെയ്തു. തുടര്‍ന്ന് വാക്തര്‍ക്കമായി. വണ്ടി വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ നാലുപേരും ചേര്‍ന്ന് 'നീ എന്തിനാണ് ഞങ്ങളുടെ കാര്യത്തില്‍ ഇടപെട്ടത്' എന്ന് ചോദിച്ച് തന്നെ പുറത്തേക്ക് പിടിച്ചുതള്ളി.

കൈപ്പത്തി അറ്റ് ചോര വാര്‍ന്ന് അവശനിലയില്‍ രാവിലെ 5.30 വരെ ട്രാക്കിനടുത്ത് കിടന്ന മനു, ഒരാള്‍ നടന്നുപോകുന്നതു കണ്ട് രക്ഷിക്കണമെന്ന് വിളിച്ചു കരഞ്ഞു. അയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടി പോലീസിന്റെ സഹായത്തോടെ മനുവിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അടിയന്തരശസ്ത്രക്രിയ നടത്തി ഇയാളുടെ കൈപ്പത്തികള്‍ മുറിച്ചുമാറ്റി. നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ പോലീസ് മൊഴി എടുത്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കാലിനും നട്ടെല്ലിനും തലയ്ക്കും പരിക്കുള്ള മനു പൂര്‍ണബോധത്തിലല്ലെന്നും ഇയാളില്‍നിന്ന് വീണ്ടും മൊഴിയെടുക്കേണ്ടിവരുമെന്നും പോലീസ് പറയുന്നു.

തൊടുപുഴയില്‍ ഡെക്കറേഷന്‍ ജോലി ചെയ്യുന്നയാളാണ് മനു. വിവരമറിഞ്ഞ് മനുവിന്റെ ബന്ധുക്കള്‍ ആസ്പത്രിയിലെത്തിയിട്ടുണ്ട്. എന്നാല്‍, ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്തിരുന്ന മനുവിനെ തള്ളിയിടുന്നത് കണ്ട് ആരും ഇടപെട്ടില്ലെന്നത് സംഭവത്തില്‍ ദുരൂഹത സൃഷ്ടിക്കുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെയും കണ്ടെത്താനുമായിട്ടില്ല.

Latest news