LATEST NEWS » INDIA
  Apr 04, 2013
ബാങ്കിനുള്ളില്‍ തോക്കുമായി കയറാന്‍ ശ്രമം: മലയാളി കസ്റ്റഡിയില്‍


മുംബൈ: റിസര്‍വ് ബാങ്ക് കെട്ടിടത്തിനുള്ളിലേക്ക് എയര്‍ഗണ്ണുമായി കടക്കാന്‍ ശ്രമിച്ച മലയാളി, പത്മഗിരീഷ് നായരെ ഏപ്രില്‍ 17 വരെ പോലീസ്‌കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിറക്കിയത്.

കോട്ടയം മണിമല ചാമംപതാല്‍ പുത്തന്‍പുരയില്‍ രാജശേഖരന്‍ നായരുടെ മകനാണ് പത്മഗിരീഷ് നായര്‍(27). ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഫോര്‍ട്ടിലെ റിസര്‍വ് ബാങ്ക് കെട്ടിടത്തിനുള്ളിലേക്ക് ഇയാള്‍ എയര്‍ഗണ്ണുമായി കടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഇയാള്‍ ഒരുതവണ വെടിയുതിര്‍ക്കുകയും ചെയ്തു.

ഇയാള്‍ക്കെതിരെ വധശ്രമം, ജോലിയിലുണ്ടായിരുന്നവരെ ആക്രമിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ തടസ്സപ്പെടുത്തല്‍, അതിക്രമിച്ചുകടക്കല്‍, നാശനഷ്ടം ഉണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പത്മഗിരീഷ് നായരെ മാര്‍ച്ച് 19-നാണ് നാട്ടില്‍നിന്ന് കാണാതായത്. പൊന്‍കുന്നത്തെ ലോട്ടറി ഏജന്‍സിയിലേക്ക് ലോട്ടറി വാങ്ങാന്‍ കൊടുത്ത മൂന്നരലക്ഷം രൂപയുമായി കേരളത്തില്‍നിന്ന് കടന്നുകളഞ്ഞ ഇയാള്‍ക്കെതിരെ പൊന്‍കുന്നത്ത് കേസ്സുണ്ട്. മുംബൈ ക്രൈബ്രാഞ്ചിന്റെ ചോദ്യംചെയ്യലില്‍ എയര്‍ഗണ്‍ കോഴിക്കോട്ടുനിന്നാണ് വാങ്ങിയതെന്ന് വെളിപ്പെടുത്തി.

മാര്‍ച്ച് 21-ന് മുംബൈയിലെത്തിയ പത്മഗിരീഷ് ഡോംഗ്രിയിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്കിനുള്ളിലേക്ക് കടന്നത് ശ്രദ്ധനേടാന്‍ വേണ്ടിയാണെന്നും പത്മഗിരീഷിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest news